തോമസ് ചാണ്ടിയുടെ കയ്യേറ്റം; മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്ന് ചെന്നിത്തല

തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ ഉന്നത തല ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തോമസ് ചാണ്ടിയുടെ കയ്യേറ്റം; മുഖ്യമന്ത്രി അവകാശലംഘനം നടത്തിയെന്ന് ചെന്നിത്തല

ഗതാഗത വകുപ്പു മന്ത്രിയും വ്യവസായിയുമായ തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവകാശ ലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ചാണ്ടിക്കനുകൂലമായ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

തോമസ് ചാണ്ടി നിയമ ലംഘനം നടത്തിയിട്ടില്ല എന്നായിരുന്നു പിണറായി വിജയന്റെ പ്രസ്താവന. ഓഗസ്റ്റ് 17നാണ് മുഖ്യമന്ത്രി സഭയിൽ ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. എന്നാൽ തോമസ് ചാണ്ടിയുടെ കമ്പനി, മാർത്താണ്ഡം കായലിലെ പുറമ്പോക്കും മിച്ച ഭൂമിയും കയ്യേറിയിട്ടുണ്ടെന്ന് കൈനകരി വടക്ക് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ചാണ്ടിക്കനുകൂലമായി പ്രസ്താവന നടത്തിയ അതേ ദിവസം കുട്ടനാട് ലാൻഡ് റവന്യൂ തഹസിൽദാർ, ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതു സൂചിപ്പിക്കുന്നത് ഗൂഢാലോചനയാണെന്നും തോമസ് ചാണ്ടിയെ രക്ഷിക്കാൻ ഉന്നത തല ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഒഴിഞ്ഞു മാറുകയായിരുന്നു. നിരന്തരമായി ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നിട്ടും മാധ്യമ പ്രവർത്തകരെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അവഗണിക്കുകയായിരുന്നു ഇരുവരും.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് ഹൗസ് റിസോർട്ട്, കയൽ കയ്യേറി നിർമ്മിച്ചതാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനായി വാട്ടർവേൾഡ് ടൂറിസം എന്ന, ഗതാഗത മന്ത്രിയുടെ കമ്പനി കൃഷിക്കാരിൽ നിന്നടക്കം വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതായും വാർത്തകൾ പുറത്തു വന്നിരുന്നു.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് മാത്രമായി ലക്ഷങ്ങള്‍ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വക റോഡ് ടാറിംഗ് നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. വലിയകുളം മുതല്‍ സീറോ ജെട്ടിവരെ ഒരു കിലോമീറ്റര്‍ നീളമുള്ള റോഡില്‍, ലേക്ക് പാലസ് റിസോര്‍ട്ട് വരെയുള്ള നാനൂറ് മീറ്റര്‍ മാത്രമാണ് ടാറിംഗ് നടത്തിയത്. രണ്ട് എംപിമാരുടെയും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെയും ലക്ഷങ്ങളുപയോഗിച്ചാണ് ലേക്ക് പാലസിന്റെ ഗേറ്റ് വരെയെത്തുന്ന റോഡ് ടാർ ചെയ്തിരുന്നത്.

തോമസ് ചാണ്ടിയുടെ കയ്യേറ്റത്തെ കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ടെന്ന്, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോർട്ട് കിട്ടിയാൽ പരിശോധിച്ചു നടപടിയെടുക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. മാർത്താണ്ഡം കായൽ കയ്യേറ്റത്തെ കുറിച്ച് നേരത്തേ തന്നെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.Read More >>