ട്രോൾ അസഹ്യം; 'രാമായണ പാരായണം' നടത്തേണ്ടതില്ല എന്ന് സംസ്‌കൃത സംഘം തീരുമാനം

'രാമായണ പാരായണം' ഉണ്ടാകില്ല. നടപ്പ് ആചാരത്തിന്റെ വഴിയിലല്ല കേരളത്തിൽ രാമായണ മാസാചരണം സംഘടിപ്പിക്കുകയെന്ന് സംസ്കൃത സംഘം കൺവീനർ ടി തിലക് രാജ് പറഞ്ഞു.

ട്രോൾ അസഹ്യം; രാമായണ പാരായണം നടത്തേണ്ടതില്ല എന്ന് സംസ്‌കൃത സംഘം തീരുമാനം

സിപിഐഎം പിന്തുണയോടെ സംഘടിപ്പിക്കുന്ന രാമായണ മാസാചരണം വിവാദമായതോടെ വിശദീകരണവുമായി നേതാക്കൾ രംഗത്ത്. 'രാമായണ പാരായണം' ഉണ്ടാകില്ല. നടപ്പ് ആചാരത്തിന്റെ വഴിയിലല്ല കേരളത്തിൽ രാമായണ മാസാചരണം സംഘടിപ്പിക്കുകയെന്നും രാമായണ പുനർവായനയും സെമിനാറും മതി എന്നാണ് തീരുമാനം എന്നും സംസ്കൃത സംഘം കൺവീനർ ടി തിലക് രാജ് പറഞ്ഞു.

'സിപിഐഎം നേരിട്ടല്ല ഈ പരിപാടി നടത്തുന്നത്. സംസ്‌കൃത സംഘത്തിന്റെ നേതൃത്വത്തിലാണ് രാമായണ മാസാചരണം സംഘടിപ്പിക്കുക.'- തിലക് രാജ് വ്യക്തമാക്കി. സിപിഐഎം പ്രവർത്തകരാണ് സംഘത്തിൽ പ്രവർത്തിക്കുന്നത്. എന്നാൽ സംസ്‌കൃത സംഘം, സിപിഐഎമ്മിന്റെ വര്‍ഗബഹുജന സംഘടനയല്ല. എസ്എഫ്ഐയുടെ മുൻ അഖിലേന്ത്യാ പ്രസി‍ഡന്റും ഇപ്പോൾ സിപിഐഎം സംസ്ഥാന കമ്മിറ്റിയം​ഗവുമായ ശിവദാസനാണ് പദ്ധതിയുടെ ചുമതല.

ഹിന്ദു സമുദായത്തെ കൂടുതലായി പാർട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്. ഫാസിസിസ്റ് ശക്തികളുടെ വർഗീയ പ്രചാരണത്തെ തടയണമെങ്കിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഭീകര മുഖങ്ങൾ അനാവരണം ചെയ്യണം. അതോടൊപ്പം രാമായണത്തെ ഒരു മതപാഠം ആക്കാതെ പണ്ഡിതോചിതമായ പഠന വിഷയവുമാക്കുകയാണ് സംസ്‌കൃത സംഘത്തിന്റെ ഉദ്ദേശ്യം. കർക്കടകം കഴിഞ്ഞും തുടർ പദ്ധതിയായി ഇത് മുന്നോട്ടു കൊണ്ടു പോകും.

കവിയും എഴുത്തുകാരനുമായ കെ സച്ചിദാനന്ദൻ ഉൾപ്പെടെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സമൂഹമാധ്യമത്തിലൂടെ സംസ്‌കൃത സംഘത്തിന്റെ പ്രവർത്തനത്തിലുള്ള സംശയം പങ്കുവച്ചിരുന്നു. കൂടാതെ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടി രാമായണ മാസം ആചരിക്കുന്നു എന്ന രീതിയിൽ നേതാക്കളെ ഉൾപ്പെടുത്തി നിരവധി ട്രോളുകളും പ്രചരിച്ചു. ഈ സാഹചര്യത്തിലാണ് സംസ്‌കൃത സംഘം വിശദീകരണം നൽകിയത്.


Read More >>