രമണ്‍ ശ്രീവാസ്തവയുടെ നിയമനം: 22 വര്‍ഷം മുമ്പ് സിപിഐഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യം ഓര്‍മ്മ വരുന്നെന്ന് പത്മജ വേണുഗോപാല്‍

ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവെയ്ക്കുക എന്നായിരുന്നു 22 വര്‍ഷം മുമ്പ് സിപിഐഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യമെന്ന് കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

രമണ്‍ ശ്രീവാസ്തവയുടെ നിയമനം: 22 വര്‍ഷം മുമ്പ് സിപിഐഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യം ഓര്‍മ്മ വരുന്നെന്ന്  പത്മജ വേണുഗോപാല്‍

രമണ്‍ ശ്രീവാസ്തവയെ പിണറായിയുടെ ഉപദേശകനാക്കി വെയ്ക്കുമ്പോള്‍ 22 വര്‍ഷം മുമ്പ് സിപിഐഎമ്മുകാര്‍ വിളിച്ച മുദ്രാവാക്യം ഓര്‍മ്മ വരുന്നെന്ന് പത്മജ വേണുഗോപാല്‍. മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയെ പൊലീസ് പൊലീസ് ഉപദേശകാനായി നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ചാരന്‍ ശ്രീവാസ്തവയെ സംരക്ഷിക്കുന്ന ചാരമുഖ്യന്‍ കരുണാകരന്‍ രാജിവെയ്ക്കുക എന്നായിരുന്നു ആ മുദ്രാവാക്യമെന്നും, ചുമ്മാ വെറുതെ ഓര്‍ത്തുപോയതാണെന്നും പത്മജ പറയുന്നു.


1973 കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. മുന്‍ മുഖ്യമന്ത്രി കെ കരുണാകരനുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നയാളാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ശ്രീവാസ്തവ. കേരളാ രാഷ്ട്രീയത്തെ പിടിച്ചുലച്ച ഐഎസ്ആര്‍ഒ ചാരക്കേസില്‍ കരുണാകരനൊപ്പം ആരോപണ വിധേയനായി. ചാരക്കേസിന്റെ പേരില്‍ ശ്രീവാസ്തവയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം കരുണാകരന്‍ അംഗീകരിക്കാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.

ഒടുവില്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു. രമണ്‍ ശ്രീവാസ്തവ കേന്ദ്രസര്‍വ്വീസിലേക്കും പോയി. 2005 ല്‍ രമണ്‍ ശ്രീവാസ്തവ പൊലീസ് മേധാവിയായിരുന്നു.ഇന്നലെയാണ് പൊലീസ് ഉപദേശകനായി നിയമിക്കാനുള്ള തീരുമാനം മുക്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്.

രമൺ ശ്രീവാസ്തവയുടെ നിയമനത്തെക്കുറിച്ച് കോൺഗ്രസ് ഇതു വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.