തൊഴിലാളികള്‍ക്ക് നരക ജീവിതം: രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സിനെതിരേ കോടതി നടപടി; നിയമലംഘനങ്ങള്‍ക്ക് 1.32 ലക്ഷം രൂപ പിഴ

കടുത്ത തൊഴിലാളി ചൂഷണമാണ് ഇവിടെ നടന്നിരുന്നതെന്ന് തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. 3 കേസുകളിലായി 51 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 1,32,850 രൂപയാണ് തിരുവനന്തപുരം രണ്ടാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്ഥാപനത്തിനു പിഴ ചുമത്തിയത്.

തൊഴിലാളികള്‍ക്ക് നരക ജീവിതം: രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സിനെതിരേ കോടതി നടപടി; നിയമലംഘനങ്ങള്‍ക്ക് 1.32 ലക്ഷം രൂപ പിഴ

തൊഴിലാളികളുടെ മനുഷ്യാവകാശങ്ങള്‍ പോലും സംരക്ഷിക്കാതെ തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയ വസ്ത്രവ്യാപാര ശാലയ്‌ക്കെതിരേ ഒടുവില്‍ നടപടി. തലസ്ഥാനത്തെ പ്രമുഖ വസ്ത്രശാലയായ രാമചന്ദ്രന്‍ ടെക്‌സ്റ്റൈല്‍സിനാണ് തിരുവനന്തപുരം രണ്ടാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 1,32,850 രൂപ പിഴചുമത്തിയത്.

കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, മിനിമം വേതനനിയമം, മെറ്റേര്‍ണിറ്റി ബെനിഫിറ്റ് നിയമം, ദേശീയ ഉത്സവ അവധി നിയമം തുടങ്ങി നിരവധി നിയമങ്ങളുടെ ലംഘനങ്ങള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

2014 ലും 2016 ലും തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസുകളിലായി 51 നിയമലംഘനങ്ങളാണ് സ്ഥാപനത്തില്‍ കണ്ടെത്തിയത്. സ്ഥാപന ഉടമകളായ ആറുപേരെയും പ്രതികളാക്കിയാണ് കേസെടുത്തിരുന്നത്. തൊഴിലാളികള്‍ നരകതുല്യമായ അവസ്ഥയിലാണ് ഇവിടെ കഴിഞ്ഞിരുന്നതെന്ന് ഒരു ഉന്നത തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

കാലിത്തൊഴുത്തിനു സമാനമായ താമസസ്ഥലവും തീര്‍ത്തും വൃത്തിഹീനമായ ടോയ്‌ലറ്റുമാണ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ജീവനക്കാര്‍ക്ക് ഒരു മിനിറ്റ്‌ പോലും ഇരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. അല്‍പ്പനേരം വിശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടിയെടുത്തിരുന്നു. സ്ത്രീകളെക്കൊണ്ട് രാത്രി വൈകി ജോലി ചെയ്യിച്ചിരുന്നതായും തൊഴില്‍വകുപ്പധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തെറ്റുകള്‍ തിരുത്താനാവശ്യപ്പെട്ട് പലകുറി നോട്ടീസ് കൊടുത്തെങ്കിലും ഉടമകള്‍ ചെവിക്കൊണ്ടിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

Read More >>