കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയക്കാൻ തയ്യാർ; സമാധാനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് എന്ത് സഹായവും ചോദിക്കാമെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയായിട്ടാണ് താനെത്തിയിരിക്കുന്നതെന്ന് പറഞ്ഞ റൂഡി, കാര്യങ്ങൾ പ്രധാനമന്തിയെയും അമിത് ഷായെയും ബോധ്യപ്പെടുത്തുമെന്നും പറഞ്ഞു. ബിജുവിന്റെ കുടുംബത്തിന് നീതിയുറപ്പാക്കുമെന്നും റൂഡി വ്യക്തമാക്കി.

കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയക്കാൻ തയ്യാർ; സമാധാനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് എന്ത് സഹായവും ചോദിക്കാമെന്നും കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി

ആവശ്യമെങ്കിൽ കണ്ണൂരിലേക്ക് കേന്ദ്രസേനയെ അയക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി. കണ്ണൂരിൽ സമാധാനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന് എന്ത് സഹായവും ചോദിക്കാമെന്നും റൂഡി പറഞ്ഞു. കണ്ണൂർ പഴയങ്ങാടിയിൽ കൊല്ലപ്പെട്ട രാമന്തളി മണ്ഡൽ പ്രചാരക് ചൂരക്കാടൻ ബിജുവിന്റെ കക്കംപാറയിലെ വീട്ടിലും അക്രമത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകൻ സുശീൽ കുമാറിനെയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

ബി.ജെ.പി സമാധാനമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് സഹായവും ചെയ്യാന്‍ തയ്യാറാണ്. പ്രവര്‍ത്തകര്‍ക്കെതിരെ സി.പി.എം നടത്തുന്ന അക്രമത്തെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെടുകയാണ്. കണ്ണൂരില്‍ സമാധാനം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കേന്ദ്രം ഇടപെടണമെന്നും രാജീവ് പ്രതാപ് റൂഡി പറഞ്ഞു.

കൊല്ലപ്പെട്ട ചൂരക്കാടൻ ബിജുവിന്റെ പിതാവ്, കേരളത്തില്‍ ഇടത് സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്നും അതുകൊണ്ട് തന്നെ ഇവിടെ നിന്ന് നീതി കിട്ടില്ലെന്നും രാജീവ് പ്രതാപ് റൂഡിയോടു പരാതിപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം റൂഡിയോടു ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധിയായിട്ടാണ് താനെത്തിയിരിക്കുന്നതെന്ന് പറഞ്ഞ റൂഡി, കാര്യങ്ങൾ പ്രധാനമന്തിയെയും അമിത് ഷായെയും ബോധ്യപ്പെടുത്തുമെന്നും പറഞ്ഞു. ബിജുവിന്റെ കുടുംബത്തിന് നീതിയുറപ്പാക്കുമെന്നും റൂഡി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ രാജീവ് പ്രതാപ് റൂഡിയ്‌ക്കൊപ്പമുണ്ടായിരുന്നു.