എകെജിക്ക് നീതി ലഭിക്കേണ്ടതുണ്ട്, അതിനായി ഞാൻ ഏതറ്റംവരെയും പോകും; രജീഷ് ലീല ഏറാമല

ഒരു കമ്മ്യൂണിസ്റ്റ് ജീവിതം എങ്ങനെയാണ് എന്നത് ജീവിച്ചു കാണിച്ച വ്യക്തിയായിരുന്നു എകെജി. എകെജിയെക്കുറിച്ചു ഇനിയും ഒരുപാട് പഠിക്കാനുണ്ട്. എന്നാൽ എകെജിയെ നമ്മൾ എത്രത്തോളം ഉപയോഗിച്ചു എന്നും പഠിച്ചുവെന്നും വിമർശനവിധേയമാക്കേണ്ട ഒന്നാണ്.

എകെജിക്ക് നീതി ലഭിക്കേണ്ടതുണ്ട്, അതിനായി ഞാൻ ഏതറ്റംവരെയും പോകും; രജീഷ് ലീല ഏറാമല

ൽറാം എകെജി വിഷയത്തിൽ മുട്ടയേറും കല്ലേറും ഹർത്താലും നടക്കുന്നതിനിടെ സിപിഐഎം പോലും ബൽറാമിനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ രജീഷ് ലീല ഏറാമല എന്ന ചെറുപ്പക്കാരൻ എകെജി എന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പ്രയോക്താവിനെ നിയമമസഭാംഗം കൂടിയായ വിടി ബൽറാം അപമാനിച്ചതിൽ ബൽറാമിനെതിരെ കേസുമായി മുന്നോട്ടു പോവുകയാണ്. എന്ത് തന്നെ സംഭവിച്ചാലും കേസിന്റെ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് രജീഷ് നാരദന്യൂസിനോട് പ്രതികരിച്ചത്.

സിപിഐഎം എന്തുകൊണ്ടാണ് എകെജി വിഷയത്തിൽ ബൽറാമിനെതിരെ കേസ് കൊടുക്കാതിരുന്നത് എന്ന് ചോദിച്ചാൽ അതൊരു പൊളിറ്റിക്കൽ വിഷയമാണ്. ഏകെജിയുടെ വൈകാരികത മാത്രമാണ് സിപിഐഎമ്മിന് ആവശ്യം. ഏകെജിയെ അവർക്കു ആവശ്യമില്ല. ഏകെജിയുടെ ജീവിതവും എകെജി എങ്ങനെ ജീവിച്ചു എന്നതും സിപിഐഎമ്മിന് ആവശ്യമില്ലാത്ത ഒന്നാണ്. ഏകെജിയുടെ രാഷ്ട്രീയം പകർത്തിയാൽ സിപിഐഎം പിരിച്ചുവിടേണ്ടി വരും. ഏകെജിയുടെ അവസാന കാലഘട്ടത്തിൽ സിപിഐഎമ്മിനോട് താത്പര്യക്കുറവുണ്ടായിരുന്നു. ചർച്ചകൾക്ക് അവർക്കു താത്പര്യമില്ല. നാലോ അഞ്ചോ ദിവസം നീണ്ടുനിൽക്കുന്ന മുട്ടയേറും പ്രതിഷേധങ്ങളും മാത്രമാണ് സിപിഐഎമ്മിന് താത്‌പര്യം.

എകെജി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി കേവലപാർട്ടികൾക്കപ്പുറം ഏകെജിയുടെ ജീവിതത്തെ പകർത്താനാണ് ഞാൻ ശ്രമിച്ചട്ടുള്ളത്. അത് കൊണ്ട് തന്നെ എകെജിക്കെതിരെ എന്തും പറയാനുള്ള ഒരു സാഹചര്യം ആശ്വാസ്യമല്ല. മാത്രമല്ല പറഞ്ഞ കാര്യങ്ങൾ ഒന്നും തന്നെ വസ്തുതയുമല്ല. അതുകൊണ്ടു തന്നെ ഇത്തരം ആരോപണങ്ങൾക്കെതിരെ ഇടപെടൽ ആവശ്യമാണെന്നാണ് ഞാൻ കരുതുന്നത്. ഇഎംഎസ് പോലെ നമുക്ക് എകെജിയെ വിലയിരുത്താനാവില്ല. എകെജി ഒരു കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ മാത്രമായിരുന്നില്ല മറിച്ചു കമ്മ്യൂണിസ്റ് പ്രയോക്താവ് കൂടിയാണ് എകെജി. ഒരു കമ്മ്യൂണിസ്റ്റ് ജീവിതം എങ്ങനെയാണ് എന്നത് ജീവിച്ചു കാണിച്ച വ്യക്തിയായിരുന്നു എകെജി. എകെജിയെക്കുറിച്ചു ഇനിയും ഒരുപാട് പഠിക്കാനുണ്ട്. എന്നാൽ എകെജിയെ നമ്മൾ എത്രത്തോളം ഉപയോഗിച്ചു എന്നും പഠിച്ചുവെന്നും വിമർശനവിധേയമാക്കേണ്ട ഒന്നാണ്.

റാഡിക്കല്‍ എന്നതിനെ മാര്‍ക്സ് നിർവചിച്ചത് സാമൂഹ്യ വിഷയങ്ങളെ അതിന്‍െറ കാതലില്‍ ദര്‍ശ്ശിക്കുന്നവര്‍ എന്നാണ്. അതുകൊണ്ട് തന്നെ എകെജി ഒരു മാര്‍ക്സിസ്റ്റാണ്. മാര്‍ക്സിസ്റ്റായ എകെജിയെ ഇന്നാര്‍ക്ക് വേണം? അടുത്ത ഒരു വിഷയം വന്നാല്‍ ജനങ്ങള്‍ ഇതെല്ലാം മറക്കും. അവര്‍ക്ക് കുറഞ്ഞ ഓർമ്മകളേയുള്ളൂ, കുറെ കഴിയുമ്പോൾ മാധ്യമങ്ങളും ഇത് വിടും. ആരും ജനങ്ങളുടെ ഇടപെടലുകളെ ഭയക്കുന്നില്ല. സർക്കാരോ പൊലീസോ ആരും ഇതിനെ ഭയക്കുന്നില്ല. എങ്കിലും എനീക്ക് ഇതിന്‍െറ പിന്നാലെ നടന്നെ പറ്റൂ. എകെജിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചത് ഈ നാട്ടിലെ ഒരു ജനപ്രതിനിധി കൂടിയാണ്. എകെജിയോട് ചെയ്ത അനീതിയാണിത്. അതിനാൽ എകെജിക്ക് നീതി ലഭിക്കേണ്ടതുണ്ട്. അതിനായി ഞാൻ ഏതറ്റംവരെയും പോകും. ഇതും ഒരു സമരമാണ്.

ഇതെല്ലാം പറയുമ്പോഴും കേരളത്തില്‍ പേരിലല്ലാതെ മറ്റൊരു ഇടതില്ല. ഒരു ഇടത്ബദല്‍ കേരളത്തിൽ അനിവാര്യമാണ്. കേരളത്തിലെ സിപിഐഎംകാരോട് എനിക്ക് പറയാനുള്ളത് എവിടെയോ വായിച്ച രണ്ട് വരികളാണ് സിപിഐഎം എന്ന ബോര്‍ഡ് തൂക്കി അതിന് ചോട്ടിലിരുന്നാല്‍ മാര്‍ക്സിസ്റ്റ് ആവില്ല എന്നത് മാത്രമാണ്. നിലവിൽ കേസ് കടവന്ത്ര പൊലീസ് തൃത്താല പൊലീസിന് കൈമാറിയിട്ടുണ്ടെന്നാണ് എനിക്ക് ലഭിച്ച വിവരം. എന്നാൽ തൃത്താല പൊലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നത് എസ ഐ ആണെന്നും അതിനാൽ എസ്ഐ വിളിക്കാനാണ് പറഞ്ഞത്. എസ്ഐയെ വിളിച്ചപ്പോൾ സ്റ്റേഷനിൽ വിളിച്ചാൽ ആണ് കാര്യങ്ങൾ അറിയുവാൻ കഴിയൂ എന്ന മറുപടിയാണ് ലഭിക്കുന്നത്. മറ്റേതൊരു കേസ് പോലെയും ഈ കേസ് ഒതുക്കി കളയുവാൻ സമ്മതിക്കില്ല. കേസുമായി ഏതറ്റം വരെ താൻ പോകുമെന്നും രജീഷ് നാരദന്യൂസിനോട് പറഞ്ഞു.

Read More >>