പണം ഇല്ലാത്തതിനാൽ രോഗിയുടെ മൃതദേഹം പിടിച്ചുവച്ച് രാജഗിരി ഹോസ്പിറ്റൽ; 16 മണിക്കൂറിനു ശേഷം വിട്ടു നൽകിയത് എംഎൽഎയുടെ ശുപാർശയിൽ

പല രാഷ്ട്രീയ കക്ഷികളിൽ പെട്ട നേതാക്കളും രാജഗിരി ഹോസ്പിറ്റൽ സിഇഒ റെവ. ഫാദർ ജോൺ വാഴപ്പിള്ളിലുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഫാദറെ നേരിൽ കാണാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. രാവിലെ വരെ ശ്രമിച്ചെങ്കിലും ബന്ധുക്കൾക്ക് നാൽപ്പതിനായിരം രൂപ സംഘടിപ്പിക്കാനേ ബന്ധുക്കൾക്കായുള്ളൂ. എന്നാൽ മുഴുവൻ പണവും അടക്കണമെന്ന കടുംപിടുത്തത്തിലായിരുന്നു ആശുപത്രി അധികൃതർ.

പണം ഇല്ലാത്തതിനാൽ രോഗിയുടെ മൃതദേഹം പിടിച്ചുവച്ച് രാജഗിരി ഹോസ്പിറ്റൽ; 16 മണിക്കൂറിനു ശേഷം വിട്ടു നൽകിയത് എംഎൽഎയുടെ ശുപാർശയിൽ

ആലുവ രാജഗിരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ മൃതദേഹം ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ 16 മണിക്കൂർ തടഞ്ഞു വച്ചു. ഇന്നലെ വൈകീട്ട് അഞ്ചു മണിക്ക് മരണപ്പെട്ട ആലുവ പട്ടേരിപ്പുറം പുളിക്കൽ വീട്ടിൽ സുകുമാരന്റെ മൃതദേഹമാണ് ആശുപത്രി അധികൃതർ വിട്ടുനല്കാതിരുന്നത്. കടുത്ത ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുകുമാരൻ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഒരുലക്ഷത്തി എൺപത്തിരണ്ടായിരം രൂപയാണ് ആശുപത്രി ബിൽ. ഇതിൽ ഒരു ലക്ഷത്തോളം രൂപ ചികിത്സയ്‌ക്കിടെത്തന്നെ ബന്ധുക്കൾ അടച്ചു. മരണപ്പെട്ടതോടെ ബാക്കി തുക അടച്ചു തീർക്കണമെന്നും എങ്കിൽ മാത്രമേ മൃതദേഹം വിട്ടുനല്കുകയുള്ളൂ എന്നും പറഞ്ഞ ആശുപത്രി അധികൃതർ, മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

തികച്ചും ദരിദ്രമായ സാഹചര്യമുള്ള സുകുമാരന്റെ കുടുംബം ഏറെ പ്രയാസപ്പെട്ടാണ് ഒരു ലക്ഷം രൂപ അടച്ചത്. ബിൽ അടക്കാനുള്ള പ്രയാസം പലതവണ ആശുപത്രി അധികൃതർക്ക് മുന്നിൽ അവതരിപ്പിച്ചെങ്കിലും പന്ത്രണ്ടായിരം രൂപ ഡിസ്‌കൗണ്ട് തരാമെന്നും ബാക്കി വരുന്ന എഴുപതിനായിരം രൂപ അടക്കണമെന്നുമാണ് കിട്ടിയ മറുപടി. പണമുണ്ടാക്കാൻ നെട്ടോട്ടം തുടങ്ങിയ ബന്ധുക്കൾ പല പൊതുപ്രവർത്തകരുമായും ബന്ധപ്പെട്ടു.

റെവ. ഫാദർ ജോൺസൺ വാഴപ്പിള്ളി

പല രാഷ്ട്രീയ കക്ഷികളിൽ പെട്ട നേതാക്കളും രാജഗിരി ഹോസ്പിറ്റൽ സിഇഒ റെവ. ഫാദർ ജോൺസൺ വാഴപ്പിള്ളിലുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. ഫാദറെ നേരിൽ കാണാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. രാവിലെ വരെ ശ്രമിച്ചെങ്കിലും ബന്ധുക്കൾക്ക് നാൽപ്പതിനായിരം രൂപ സംഘടിപ്പിക്കാനേ ബന്ധുക്കൾക്കായുള്ളൂ. എന്നാൽ മുഴുവൻ പണവും അടക്കണമെന്ന കടുംപിടുത്തത്തിലായിരുന്നു ആശുപത്രി അധികൃതർ.

പുലർച്ചെ എട്ടു മണിയോടെ ആലുവ എംഎൽഎ അൻവർ സാദത്ത് ഫാദർ ജോൺസൺ വാഴപ്പിള്ളിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം വിട്ടുകൊടുക്കാൻ തയ്യാറായി. എംഎൽഎയുടെ ഉറപ്പിൻമേൽ ബാക്കിവരുന്ന മുപ്പതിനായിരം പിന്നീട് അടച്ചുതീർക്കാമെന്ന് മരണപ്പെട്ട സുകുമാരന്റെ ബന്ധു ഒപ്പിട്ടു നൽകിയാണ് മൃതദേഹം വിട്ടുനൽകിയത്. എംഎൽഎ ശുപാർശ ചെയ്യാനില്ലായിരുന്നെങ്കിൽ മൃതദേഹം വിട്ടുനൽകില്ലായിരുന്നു.

Read More >>