മംഗളം വിവാദം: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി; മംഗളം ഓഫീസില്‍ റെയ്ഡ്

പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തുകയാണ് തമ്പാനൂരിലെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. സംഭവത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്.

മംഗളം വിവാദം: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ഹൈക്കോടതി; മംഗളം ഓഫീസില്‍ റെയ്ഡ്

മംഗളം ചാനല്‍ ഉദ്ഘാടന ദിവസത്തില്‍ പൂറത്തുവിട്ട വിവാദ ഓഡിയോ സംഭാഷണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. അതുവരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ ആവശ്യവും കോടതി തള്ളി.

മംഗളം സിഇഒ ആര്‍.അജിത്കുമാര്‍ അടക്കം ചാനലിലെ ഒന്‍പത് പേരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. ഇതിനിടെ മംഗളത്തിന്റെ തിരുവനന്തപുരം ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം റെയ്ഡ് നടത്തുകയാണ് തമ്പാനൂരിലെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. സംഭവത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്. നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരായില്ലെന്ന് ഡിജിപി ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

നോട്ടീസ് ലഭിക്കാത്തതിനാലാണ് പ്രതികള്‍ ഹാജരാകാതിരുന്നതെന്ന മറുപടിയാണ് പ്രതിഭാഗം അഭിഭാഷകന്‍ നല്‍കിയത്. പ്രതികള്‍ ഹാജരാകാത്തത് നിയമം അനുസരിക്കാത്തതു കൊണ്ടാണെന്ന് തെളിഞ്ഞതായി കോടതി പറഞ്ഞു. മംഗളം ചാനല്‍ ഉദ്ഘാടനത്തിനോടനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജി വെയ്ക്കേണ്ടി വന്നിരുന്നു. മന്ത്രിയോട് സഹായം ചോദിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നായിരുന്നു വാര്‍ത്തയില്‍ പറഞ്ഞത്. എന്നാല്‍ തങ്ങളുടെ ജീവനക്കാരെ ഉപയോഗിച്ച് ശശീന്ദ്രനെ കുടുക്കുകയായിരുന്നെന്ന് മംഗളം സിഇഒ പിന്നീട് സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മംഗളത്തിനെതിരെ കേസെടുത്തത്.

Read More >>