നീതി തേടി ഷാജിയും കുടുംബവും ചിതയൊരുക്കി സമരം തുടങ്ങിയിട്ട് 189 ദിവസങ്ങൾ

സർഫാസി നിയമത്തിന്റെ ഭീകരതകളെ കുറിച്ചും ഡെബ്‌റ്റ് റിക്കവറി ട്രിബ്യുണലിന്റെ വഴിവിട്ട പ്രവർത്തനങ്ങളെ കുറിച്ചും ഇതിനു മുമ്പും നിരവധി പരാതികളും പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. പ്രതിഷേധം നടത്തിയ സമരക്കാർ തങ്ങളുടെ ജോലി തടസ്സപ്പെടുത്തുന്നു എന്ന ബാങ്കിന്റെ പരാതിയിൽ സമരം നടത്താൻ പാടില്ലെന്നും നടത്തിയാൽ തന്നെ 300 മീറ്റർ ദൂരത്ത് മാത്രമേ സമരം നടത്താവൂ എന്നും ഹൈക്കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

നീതി തേടി ഷാജിയും കുടുംബവും ചിതയൊരുക്കി സമരം തുടങ്ങിയിട്ട് 189 ദിവസങ്ങൾ

1994 ൽ അന്ന് ലോർഡ് കൃഷ്ണാ ബാങ്ക് ആയിരുന്ന ഇന്നത്തെ എച്ച്.ഡി.എഫ്.സി ബാങ്കിൽ നിന്ന് സുഹൃത്ത് സാജന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാൻ ജാമ്യം നിന്നയാളാണ് ഷാജി. സാജന്റെ ബിസിനസ് നഷ്ടത്തിലായപ്പോൾ ഒരു ലക്ഷം രൂപ തിരിച്ചടച്ചതും ഷാജിയായിരുന്നു. എന്നാലിന്ന് ബാങ്ക് തിരിച്ചാവശ്യപ്പെടുന്നത് വാങ്ങിയ പണത്തിന്റെ 115 ഇരട്ടിയിലധികം തുകയാണ്. ഇത് തിരിച്ചടക്കേണ്ട ബാധ്യത ഷാജിക്കും. തുടർനടപടികൾ സ്വീകരിച്ച് ബാങ്ക് ഷാജിയുടെ വീടും 18.5 സെന്റ് വസ്തുവും ജപ്തി ചെയ്യാനുള്ള നീക്കത്തിനെതിരായാണ് ഇവർ ചിതയൊരുക്കി സമരം ചെയ്യാൻ തീരുമാനിച്ചത്. മാനാത്തുപാടം ഷാജിയുടെ ചിതയൊരുക്കി സമരം 189 ദിവസങ്ങൾ പിന്നിടുകയാണ് . ഇതുവരെയും ബാങ്കിന്റെയോ അധികൃതരുടെയോ ഭാഗത്തു നിന്ന് അനുകൂലമായ യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി നേതാവ് പി.ജെ മാനുവൽ പറയുന്നത്.

കുടിശ്ശിക തീർക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഇവർ ഭീമമായ തുക ആവശ്യപ്പെട്ട് തിരിച്ചടവ് മുടക്കിയിരുന്നു. ഇപ്പോൾ ബാങ്ക് ഇവരോട് ആവശ്യപ്പെടുന്നത് രണ്ടു കോടി മുപ്പത് ലക്ഷം രൂപയാണ്. കൂടാതെ നിലവിൽ ഈ പതിനെട്ടര സെന്റ് ബാങ്കിന് വേണ്ടി ഡെബ്റ്റ് റിക്കവറി ട്രിബ്യുണൽ വിൽക്കുന്നത് കേവലം 38 ലക്ഷം രൂപയ്ക്കാണ്. രണ്ടരക്കോടിയോളം വില വരുന്ന വസ്തുവിന്റെ മൂന്ന് സെന്റ് വിറ്റാൽ കിട്ടുന്ന ഈ തുകക്ക് മുഴുവൻ വസ്തുവും വിറ്റതിന് പിന്നിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളത് എന്നിവർ പറയുന്നു. ഈ തുകക്ക് ബാങ്ക് സ്ഥലം വിറ്റാൽ പോലും ബാക്കി പണം ഷാജിയും വീട്ടുകാരും തിരിച്ചടക്കേണ്ട അവസ്ഥയാണ് നിലവിൽ ഉള്ളത്.

ബാങ്കിന്റെ ഈ ക്രൂരതകൾക്കെതിരെ 2018 ജനുവരി 17 ന് എച്.ഡി.എഫ്.സി ബാങ്കിന്റെ പാലാരിവട്ടം സോണൽ ഓഫീസിലേക്ക് ഒരു ജപ്തി വിരുദ്ധ ജനകീയ മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ച് നടത്തിയതിന്റെ തൊട്ടു തലേ ദിവസം ജപ്തി നടത്തണമെന്നവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വരികയും സമരം നടക്കുന്നതിനാൽ തിരിച്ച് പോവുകയും ചെയ്തു. ഇതിനു മുമ്പും പലതവണ ഇവർ ജപ്തി നടപടികൾ സ്വീകരിച്ചിരുന്നു എന്ന് ഷാജിയും വീട്ടുകാരും പറയുന്നു.

സാധാരണക്കാരന്റെ കിടപ്പാടം നഷ്ടപ്പെടുത്തി ബാങ്കും കുത്തക മുതലാളിമാരും ചേർന്ന് നടത്തുന്ന ഈ ഒത്തുകളിക്ക് ഷാജിയേയും കുടുംബത്തെയും എറിഞ്ഞു കൊടുക്കില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് സമരക്കാർ. പണം കടം വാങ്ങിയ സാജനാവട്ടെ തന്റെ പേരിലുള്ള സ്ഥലവും മറ്റു സ്വത്തുക്കളും സുഹൃത്തിന്റെ പേരിലേക്കാക്കി ഷാജിയെ കൂടുതൽ വെട്ടിലാക്കുകയാണ്. ന്യായമായ തുക തിരിച്ചടക്കാൻ ഇവർ തയ്യാറുമാണ്. എന്നാൽ ബാങ്ക് ഇവരെ അതിനു അനുവദിക്കുന്നില്ല.

Read More >>