ചെല്ലാനം കടപ്പുറത്ത് ജനകീയ സമരം ശക്തം; കടപ്പുറത്തെ ജീവിതങ്ങളെ കണ്ടില്ലെന്നു നടിച്ച് സർക്കാർ

ദ്രോണാചാര്യ മോഡൽ കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ സമരത്തോട് മുഖം തിരിച്ചു നിൽക്കുകയാണ് സർക്കാർ.ഇതിൽ പ്രധിഷേധിച്ച് നാട്ടുകാരും വൈദീകരും ഉൾപ്പെടെ 17ഓളം പേർ നിരാഹാര സമരത്തിലാണ്.

ചെല്ലാനം കടപ്പുറത്ത് ജനകീയ സമരം ശക്തം; കടപ്പുറത്തെ ജീവിതങ്ങളെ കണ്ടില്ലെന്നു നടിച്ച് സർക്കാർ

ചെല്ലാനം കടപ്പുറത്ത് നടന്നു വരുന്ന സമരം കൂടതൽ ശക്തമാവുന്നു. കടൽ ഭിത്തി പുനർ നിർമ്മിക്കുക, പുലിമുട്ട് നിർമ്മാണം ഉടൻ ആരംഭിക്കുക എന്നീ ആവശ്യമാണ് തീരദേശവാസികൾ പ്രധാനമായും ഉന്നയിക്കുന്നത്. എന്നാൽ സമരത്തോട് മുഖം തിരിച്ചു നിൽക്കുകയാണ് സർക്കാർ. കടൽ ഭിത്തി പുനർനിർമ്മിക്കുവാനോ പുലിമുട്ടുകൾ നിർമ്മിക്കാനോ അധികാരികൾ തയ്യാറാവുന്നില്ല. ഇതിൽ പ്രധിഷേധിച്ച് നാട്ടുകാരും വൈദീകരും ഉൾപ്പെടെ 17ഓളം പേർ നിരാഹാര സമരത്തിലാണ്. അതേസമയം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റലിയിലും നിരാഹാര സമരത്തിലാണ് പ്രദേശവാസിയായ വൈദീകരിലൊരാൾ.

വേലിയേറ്റ സമയത്തു രൂക്ഷമായ പ്രളയമാണ് പ്രദേശത്തു അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ തിരമാല മൂലമുണ്ടായ പ്രളയത്തിൽ വ്യപക നാശനഷ്ട്ടമാണ് ഉണ്ടായത്. മിക്കവീടുകളുടെയും അടിത്തറ വരെ ഇളക്കിയ ശക്തമായ തിരമാലയാണ് കഴിഞ്ഞ ദിവസം ചെല്ലാനം കടപ്പുറത്ത് ഉണ്ടായത്. ഒട്ടു മിക്ക വീടുകളിലും വെള്ളവും ചെളിയും മണലും കയറി കിടക്കുകയാണ്. പ്രാഥമിക ആവശ്യങ്ങൾ പോലും ഈ വീടുകളിൽ നടത്താൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് സമര സമിതി അംഗം ബാബു പള്ളിപ്പറമ്പിൽ നാരദന്യൂസിനോട് പറഞ്ഞു. സർക്കാർ നാല് ദുരിതാശ്വാസ ക്യാമ്പുകൾ പ്രദേശത്ത് തുറന്നിട്ടുണ്ട്. ഇതിൽ 500ൽ അധികം ആളുകളാണ് താമസിക്കുന്നത്. കടൽ ശാന്തമായെന്നും എല്ലാവർക്കും തിരികെ വീടുകളിലേക്ക് പോകാമെന്നുമാണ് ക്യാമ്പ് അധികൃതർ ഇപ്പോൾ പറയുന്നതെന്ന് സമര സമിതി പ്രവർത്തകർ നാരദന്യൂസിനോട് പറഞ്ഞു. 25 വർഷത്തിലധികമായി കടൽ ഭിത്തിയിൽ അറ്റകുറ്റപണികൾ നടത്തുന്നതിന് അധികൃതർ തയ്യാറായിട്ടില്ല. ഇത് മൂലം 100 മീറ്റർ വിടവുണ്ടായിരുന്ന ഭിത്തിയിൽ ഇപ്പോൾ 500 മീറ്ററിൽ അധികം വിടവാണുണ്ടായിട്ടുള്ളത്. നേരത്തെ പ്രദേശത്ത് രണ്ടു രണ്ടു പേർക്ക് സംഭവവുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ദ്രോണാചാര്യ മോഡൽ കടൽ ഭിത്തിയും പുലിമുട്ടും നിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കളക്ടർ ഇന്ന് സമര സമിതി നേതാക്കളുമായി ചർച്ച നടത്തുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ അനുവദിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് സമരസമിതി പ്രവർത്തകർ നാരദന്യൂസിനോട് പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതയുള്ള സർക്കാർ പാവപെട്ട ജനവിഭാഗങ്ങളുടെ നേരെ കണ്ണടക്കുന്ന സമീപനമാണ് കൈകൊള്ളുന്നതെന്നും സമര സമിതി പ്രവർത്തകർ ആരോപിച്ചു. എം എൽ എ കെ ജെ മാക്സി ഒരു വർഷത്തിനുള്ളിൽ കടൽഭിത്തിയും പുലിമുട്ടും നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു മാറ്റവും ഇവിടെയുണ്ടായിട്ടില്ലെന്നാണ് തീരദേശവാസികൾ പറയുന്നത്.

Read More >>