ഹേ വിഡ്ഢികളായ കോണ്‍ഗ്രസുകാരേ, പരസ്യമായി മാടിനെക്കൊല്ലുന്നത് സമരമല്ല; തല്ലുകൊള്ളിത്തരമാണ് !

ബീഫ് നിരോധനത്തിനെതിരേ നടത്തിയ സമരത്തിന്റെ പ്രാകൃതസ്വഭാവം ഫലത്തില്‍ ആര്‍എസ്എസിനെ സഹായിക്കുന്നതായി. നൂറുകണക്കിന് ജനങ്ങളുടെ കണ്‍മുന്നില്‍ വച്ച് മാടിനെ പരസ്യമായി കശാപ്പു ചെയ്തതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.

ഹേ വിഡ്ഢികളായ കോണ്‍ഗ്രസുകാരേ, പരസ്യമായി മാടിനെക്കൊല്ലുന്നത് സമരമല്ല; തല്ലുകൊള്ളിത്തരമാണ് !

ബീഫ് നിരോധനത്തിനെതിരേ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭീകരപ്രവര്‍ത്തനം. തായത്തെരു ജംഗ്ഷനില്‍ പ്രതിഷേധമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ മാടിനെ പരസ്യമായി അറുത്തുവിറ്റു. ബീഫ് നിരോധനത്തിനെതിരേ നടത്തിയ സമരത്തിന്റെ പ്രാകൃതസ്വഭാവം ഫലത്തില്‍ ആര്‍എസ്എസിനെ സഹായിക്കുന്നതായി. നൂറുകണക്കിന് ജനങ്ങളുടെ കണ്‍മുന്നില്‍ വച്ച് മാടിനെ പരസ്യമായി കശാപ്പു ചെയ്തതിനെതിരേ പ്രതിഷേധവും ഉയരുന്നുണ്ട്.

അംഗീകൃത കശാപ്പുശാലകളില്‍വച്ച് മാത്രമേ നിയമപ്രകാരം മാടുകളെ അറുക്കാന്‍ പാടുള്ളൂ. ലൈസന്‍സുള്ളവര്‍ക്കു മാത്രമേ വില്‍പ്പന നടത്താനുമാകൂ. ഇത് നഗ്നമായി ലംഘിച്ചു നടത്തിയ സമരം കേരളത്തിലെ ബീഫ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള സമരങ്ങളുടെ മുനയൊടിക്കും. നിലവില്‍ ഇത്തരം സമരങ്ങളെല്ലാം നടക്കുന്നത് കശാപ്പുശാലകളില്‍ നിന്നുള്ള മാംസം വാങ്ങിയശേഷമാണ്. മാത്രവുമല്ല ദേശീയതലത്തില്‍ ക്യാംപയിനാക്കാനുള്ള 'ഗോമാതാ'വിന്റെ ദയനീയ ചിത്രവും ആര്‍എസ്എസിന് ഈ സമരത്തിലൂടെ യൂത്ത് കോണ്‍ഗ്രസുകാര്‍ നല്‍കി.

നിയമലംഘനത്തിനെതിരേ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരസ്യമായി മാടിനെ അറുത്തവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അനധികൃത കശാപ്പിനെതിരേ കണ്ണൂര്‍ കോര്‍പ്പറേഷനും നടപടി സ്വീകരിച്ചുവരുന്നുണ്ട്. പരാതിയുയരുന്ന സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവും ഇടപെടാനാണ് സാധ്യത.

മാര്‍ക്കറ്റില്‍ നിന്ന് മാടിനെ വാങ്ങി നടുറോഡില്‍ വച്ച് അറുക്കാനായിരുന്നു യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയുടെയും കൂട്ടരുടെയും തീരുമാനം. പരിപാടി കാണാനും ഇറച്ചി വാങ്ങാനുമായി നൂറുകണക്കിനുപേര്‍ സ്ഥലത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ റോഡില്‍വച്ച് കശാപ്പുചെയ്യാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധമുയര്‍ന്നതോടെ മാടിനെ മിനിലോറിയില്‍ കയറ്റി പരസ്യമായി അറുക്കുകയായിരുന്നു. ചോരയില്‍ കുതിര്‍ന്ന് മാട് പിടയുന്ന ദൃശ്യങ്ങള്‍ക്ക് കുട്ടികളുള്‍പ്പെടെ ഏവരും സാക്ഷികളായി. പത്ര-ദൃശ്യമാധ്യമങ്ങള്‍ ഇവയെല്ലാം കാമറയില്‍ പകര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ക്ക് മുന്നില്‍വച്ച് മാടിനെ തുണ്ടംതുണ്ടമാക്കി വന്നവര്‍ക്കെല്ലാം വിതരണം ചെയ്തു.

ബീഫ് നിരോധനത്തിനെതിരേ കേരളത്തില്‍ ഇടതുസംഘടനകളുള്‍പ്പെടെ നടത്തിവരുന്ന സമരങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായി ഫലത്തില്‍ ഈ സമരം. കശാപ്പുനിരോധനത്തെ ന്യായീകരിക്കാന്‍ സംഘപരിവാര്‍ നേതാക്കള്‍ നിരത്തിയ കാരണങ്ങളെയെല്ലാം ഈ സമരം സാധൂകരിക്കുകയും ചെയ്തു. കേരളത്തില്‍ പരസ്യമായി കശാപ്പുനടക്കുന്നുണ്ടെന്ന് ദേശീയതലത്തില്‍ പ്രചരിപ്പിക്കാന്‍ ആര്‍എസ്എസിന് സാധിക്കുമെന്നുറപ്പാണ്.