'എന്തിനാണിപ്പോ ഇങ്ങോട്ട് വന്നത്? ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ?; സിപിഐഎം നേതാക്കൾക്കെതിരെ കല്ല്യോട്ടെ സ്ത്രീകളുടെ രോഷം

രാവിലെ ഒമ്പത് മണിയോടെയാണ് കല്യോട്ട് ജങ്ഷനിൽ സിപിഐഎം നേതാക്കൾ എത്തിയത്. സിപിഐഎം നേതാക്കൾ സ്ഥലത്തെത്തുമെന്ന് അറിഞ്ഞത് മുതൽ ഇവിടെ പ്രതിഷേധം തുടങ്ങിയിരുന്നു.

എന്തിനാണിപ്പോ ഇങ്ങോട്ട് വന്നത്? ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ?; സിപിഐഎം നേതാക്കൾക്കെതിരെ കല്ല്യോട്ടെ സ്ത്രീകളുടെ രോഷം

കാസർ​കോട് പെരിയയിൽ സിപിഐഎമ്മുകാരാൽ കൊല ചെയ്യപ്പെട്ട യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ വീടിനടുത്ത് എത്തിയ സിപിഐഎം നേതാക്കൾക്കെതിരെ രോഷപ്രകടനവുമായി പ്രദേശവാസികളായ സ്ത്രീകൾ. പി കരുണാകരൻ ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കൾക്കെതിരെയായിരുന്നു കരഞ്ഞുകൊണ്ട് സ്ത്രീകൾ ചോദ്യശരങ്ങൾ എയ്തത്.

ഇരട്ടക്കൊലപാതകത്തിലെ മുഖ്യപ്രതിയും സിപിഐഎം മുൻ ലോക്കൽ കമ്മിറ്റിയം​ഗവുമായിരുന്ന പീതാംബരന്റെ വീടും പെരിയയ്ക്ക് അടുത്തുള്ള കല്ല്യോട്ട് ആക്രമിക്കപ്പെട്ട സിപിഐഎം അനുഭാവികളുടെ വീടുകളും സന്ദർശിച്ച നേതാക്കൾ സ്ഥലത്തെ പാർട്ടി ഓഫീസ് കൂടി സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു സ്ത്രീകളുടെ പ്രതിഷേധം.

'എന്തിനാണ് ഇപ്പോ ഇവര് ഇങ്ങോട്ട് വന്നത്? കുഴിമാടം മാന്താനോ? ഞങ്ങടെ ഇവിടെ ബാക്കിയുള്ള കുഞ്ഞ്യേളെ കൂടി കൊല്ലാനോ? ഞങ്ങടെ കുഞ്ഞ്യേളെ ഇനി ഞങ്ങക്ക് തിരിച്ച് കിട്ട്വോ? പിന്നെന്തിന് ഇങ്ങോട്ട് വന്നു? സമാധാനം പറയാനാണെങ്കി ഇപ്പഴാണോ വരണ്ടത്? ഇതിന് മുമ്പ് സമയമില്ലേ?, രണ്ട് ജീവനോളെ കൊന്നതല്ലേ? പാർട്ടിയാണോ നിങ്ങക്ക് വലുത്? ‍ഞങ്ങക്ക് ഇനീം മക്കളൊണ്ട്. അവർക്കും ജീവിക്കണ്ടേ? ഇനിയും ഞങ്ങടെ കുഞ്ഞ്ങ്ങളെ കൊല്ലാൻ പ്ലാനെടുത്തല്ലേ ഇവര് വരുന്നേ?' സിപിഎം നേതാക്കളുടെ സന്ദർശനവിവരമറിഞ്ഞ‌് സ്ഥലത്തെത്തിയ സ്ത്രീകൾ ചോദിക്കുന്നു.

രാവിലെ ഒമ്പത് മണിയോടെയാണ് കല്യോട്ട് ജങ്ഷനിൽ സിപിഐഎം നേതാക്കൾ എത്തിയത്. സിപിഐഎം നേതാക്കൾ സ്ഥലത്തെത്തുമെന്ന് അറിഞ്ഞത് മുതൽ ഇവിടെ പ്രതിഷേധം തുടങ്ങിയിരുന്നു. എംപി പി കരുണാകരൻ ഉൾപ്പടെയുള്ളവരെ തടഞ്ഞതിനെത്തുടർന്ന് സ്ഥലത്ത് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമായി. എംപിയ്ക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

നേതാക്കൾ എത്തിയതിനു പിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ എത്തുകയായിരുന്നു. സിപിഐഎം നേതാക്കൾ കല്യോട്ട് ജങ്ഷനിലെത്തിയതോടെ കുപിതരായ കോൺഗ്രസ് പ്രവർത്തക‌ർ ആരും ഇങ്ങോട്ടു വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം മുഖ്യപ്രതി പീതാംബരനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ രോഷാകുലരായ ചൂലും വടികളുമായാണ് ഇവരെ കാത്തുനിന്നത്. ഇതോടെ കനത്ത പൊലീസ് സംരക്ഷണയിലാണ് തെളിവെടുപ്പ് നടത്തിയത്.