ജിഷ്ണുവിന്റെ അമ്മയ്‌ക്കൊപ്പം സമരം: അറസ്റ്റിലായത് വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും എസ്‌യുസിഐ നേതാക്കളും

ജിഷ്ണുവിന്റെ അമ്മയ്‌ക്കൊപ്പം സമരം ചെയ്തതിന് അറസ്റ്റിലായവര്‍ ഇടതു തീവ്രവാദികളാണെന്ന പ്രചാരണം തെറ്റ്. വിഎസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷആജഹാനും മൂന്ന് എസ്‌യുസിഐ നേതാക്കളുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ഡിജിപി ആസ്ഥാനം ആക്രമിച്ചതിന് കേസെടുക്കാനാണ് നീക്കമെന്ന് അറിയുന്നു

ജിഷ്ണുവിന്റെ അമ്മയ്‌ക്കൊപ്പം സമരം: അറസ്റ്റിലായത് വിഎസിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും എസ്‌യുസിഐ നേതാക്കളും

ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും ഒപ്പം അറസ്റ്റിലായവരെ ഇടതു തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരുമായി ചിത്രീകരിക്കുന്നത് അസംബന്ധം. വി.എസ് അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനും ജിഷ്ണുവിന്റെ രണ്ടു സഹപാഠികളും മൂന്ന് സമര സഹായസമിതി പ്രവര്‍ത്തകരുമാണുള്ളത്.

ജിഷ്ണുവിന്റെ സഹപാഠികളായ വിമല്‍ രാജ്, അരുണ്‍ എന്നിവരും സേവ് എജ്യൂക്കേഷന്‍ കമ്മറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജര്‍ ഖാനും ഭാര്യ എസ്. മിനിയും എസ്. ശ്രീകുമാറുമാണ് ജിഷ്ണുവിന്റെ ബന്ധുക്കളോടൊപ്പം പൊലീസ് കസ്റ്റഡിയിലുള്ളത്.

ഇതില്‍ ജിഷ്ണുവിന്റെ സഹപാഠികള്‍ അമ്മ മഹിജയോടൊപ്പം എത്തിയതാണ്. ഷാജര്‍ ഖാനടക്കം മൂന്നു പേരും എസ്‌യുസിഐ പ്രവര്‍ത്തകരാണ്. ഇവര്‍ ജിഷ്ണുവിന്റെ മരണത്തിനു ശേഷം നിരന്തരമായി സമരം ചെയ്യുന്നവരാണ്. തിരുവനന്തപുരത്ത് ജിഷ്ണുവിന്റെ അമ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിന് രൂപം നല്‍കിയ സഹായ സമിതി അംഗങ്ങളാണു തങ്ങളെന്നും ഇടതു തീവ്രവാദികളാണെന്നു പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഷാജര്‍ ഖാന്‍ പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കാന്‍ തന്നെയാണ് എത്തിയത്. സംഭവസ്ഥലത്ത് എത്തിയപ്പോള്‍ അമ്മയെ വലിച്ചിഴയ്ക്കുന്നതാണ് കണ്ടത്. വലിയ സംഘര്‍ഷം നടക്കുകയായിരുന്നു. ഷാജര്‍ഖാനു നേരെ ഒരു കൂട്ടം പൊലീസുകാര്‍ അക്രമം നടത്തുന്നതിനെ ചോദ്യം ചെയ്തു. നിയമപരമായി ഇങ്ങനെയാണോ കാര്യങ്ങള്‍ ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ എസ്‌ഐ അപമര്യാദയായി പെരുമാറാനും എടാപോടാ വിളിക്കാനും തുടങ്ങി. നീയാരാടാ എന്നു ചോദിച്ചപ്പോള്‍ പത്തുവര്‍ഷം മുന്‍പ് വിഎസ് അച്യുതാനന്ദന്റെ സ്റ്റാഫിലെ ഒരു അംഗമായിരുന്നു എന്നു പറഞ്ഞു. അതു കേട്ടതും നീയും കൂടി കേറിക്കോടാ എന്നു പറഞ്ഞ് ബലമായി വാനില്‍ കയറ്റുകയായിരുന്നു- കെ.എം ഷാജഹാന്‍ നാരദയോട് പറഞ്ഞു.

ബന്ധുക്കള്‍ക്കെതിരെ കേസെടുക്കുന്നില്ലെന്നും പ്രശ്‌നമുണ്ടാക്കിയ ആറുപേര്‍ക്കെതിരെ കേസെടുക്കുമെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആറുപേരെയും തങ്ങള്‍ക്കൊപ്പം വിട്ടയക്കണമെന്നും അവരും സമരത്തിന്റെ ഭാഗമാണ് എന്നുമുള്ള നിലപാടിലാണ് ബന്ധുക്കള്‍. ആറുപേര്‍ പൊലീസ് ആസ്ഥാനം ആക്രമിച്ചു എന്ന നിലയില്‍ കേസെടുക്കാനാണ് നീക്കമെന്ന് അറിയുന്നു.

സഹപാഠികളെ ഒഴിവാക്കി ബാക്കി നാലുപേര്‍ക്കുമെതിരെ കേസെടുക്കാനും ബന്ധുക്കളല്ലാത്ത ഇവരുടെ നേതൃത്വത്തിലുണ്ടായ അക്രമമാണ് കണ്ടെതെന്നുമാകും പൊലീസിന്റെ വാദം.

Story by