ശബരിമല യുവതീപ്രവേശനം: സ്ത്രീകളുടെ പ്രായമല്ല ആർത്തവമാണ് പ്രശ്നമെന്ന് തന്ത്രി സമാജം

ശബരിമലയിൽ കയറുന്നതിന് പ്രശ്നം ആർത്തവമല്ല എന്നും വിശ്വാസവുമായി ബന്ധപ്പെട്ട മറ്റെന്തോ സങ്കീർണതയാണെന്നും കോടതിയോടും ജനങ്ങളോടും നടത്തിക്കൊണ്ടിരുന്ന വാദങ്ങളാണ് ഇതോടെ പൊളിഞ്ഞുവീഴുന്നത്.

ശബരിമല യുവതീപ്രവേശനം: സ്ത്രീകളുടെ പ്രായമല്ല ആർത്തവമാണ് പ്രശ്നമെന്ന് തന്ത്രി സമാജം

ശബരിമല സ്ത്രീപ്രവേശന വിലക്കിന് കാരണം ആർത്തവ അയിത്തമാണെന്ന കാര്യത്തിൽ വ്യക്തത വരുത്തി തന്ത്രി സമാജം. ശ്രീലങ്കൻ യുവതി ശബരിമലയിൽ കയറിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തന്ത്രി സമാജത്തിന്റെ പ്രതികരണം. യുവതികളുടെ പ്രായമല്ല അവർക്ക് ആർത്തവമുണ്ടോ എന്നതാണ് പ്രശ്നം എന്നാണ് തന്ത്രി സമാജം വ്യക്തമാക്കുന്നത്. അതുജ്കൊണ്ട് തന്നെ ശ്രീലങ്കൻ യുവതി കയറിയതിന്റെ പേരിൽ ശബരിമലയിൽ ശുദ്ധിക്രിയ നടത്തേണ്ടതില്ലെന്നും തന്ത്രി സമാജം വ്യക്തമാക്കി. ശബരിമലയിൽ കയറുന്നതിന് പ്രശ്നം ആർത്തവമല്ല എന്നും വിശ്വാസവുമായി ബന്ധപ്പെട്ട മറ്റെന്തോ സങ്കീർണതയാണെന്നും കോടതിയോടും ജനങ്ങളോടും നടത്തിക്കൊണ്ടിരുന്ന വാദങ്ങളാണ് ഇതോടെ പൊളിഞ്ഞുവീഴുന്നത്.

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് തന്ത്രി സമാജത്തിന്റെ നേതാക്കൾ പ്രതികരിച്ചത്. നിലവില്‍ ശ്രീലങ്കന്‍ യുവതി കയറിയതില്‍ ശുദ്ധിക്രിയ ആവശ്യമില്ല. ശബരിമലയില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ വരരുതെന്നാണ് ആചാരം. വയസല്ല മാനദണ്ഡമെന്നും തന്ത്രിസമാജം സെക്രട്ടറി പുഡയൂര്‍ ജനാര്‍ദ്ദനന്‍ നമ്പൂതിരിപ്പാട് പറഞ്ഞതായും ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കന്‍ യുവതി ഗര്‍ഭപാത്രം നീക്കം ചെയ്തതാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ സംഭവങ്ങളുടെ വിശദാംശങ്ങളില്‍ വ്യക്തയില്ലെന്നും ജനാര്‍ദ്ദനന്‍ നമ്പൂതിരി പറഞ്ഞു. കേരള ഹൈക്കോടതിയാണ് ശബരിമലയില്‍ കയറുന്ന സ്ത്രീകളുടെ പ്രായം പത്തിനും അമ്പതിനും ഇടയില്‍ ആയി നിജപ്പെടുത്തിയത്. എന്നാല്‍ പിന്നീട് അത് ഒരു മാനദണ്ഡമായി മാറുകയായിരുന്നെന്നും ഈ പ്രായമല്ല ആര്‍ത്തവമാണ് പ്രശ്‌നമെന്നും ജനാര്‍ദ്ധനന്‍ പറഞ്ഞു.

ശ്രീലങ്കന്‍ യുവതി പ്രവേശിച്ചതിന്റെ പേരിൽ ശബരിമലയില്‍ ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര് മുമ്പ് പറഞ്ഞിരുന്നു. ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി കയറിയെന്ന് പൊലീസോ ദേവസ്വം ബോര്‍ഡോ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ശുദ്ധിക്രിയയുടെ ആവശ്യമില്ലെന്നായിരുന്നു തന്ത്രിയുടെ പ്രതികരണം.