ചെറുകിട ജലവൈദ്യുതി പദ്ധതിയ്ക്കായി ഇരുവഴിഞ്ഞിപ്പുഴ സ്വകാര്യ കമ്പനികള്‍ കയ്യടക്കി; ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മോയ്ക്കു പുല്ലുവില

ഇരുവഴിഞ്ഞിപ്പുഴയില്‍ അഞ്ച് ചെറുകിട ജലവൈദ്യുതി പദ്ധതികളാണിപ്പോള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതില്‍ നാലും സ്വകാര്യ കമ്പനികളുടേതാണ്. ഒന്നുമാത്രമാണ് കെ എസ് ഇ ബിയുടേത്. നാല് പദ്ധതികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുക്കം, തിരുവമ്പാടി, കോടഞ്ചേരി പ്രദേശങ്ങളിലെ പെരുമ്പോളക്കടവിലും കക്കാടുംപൊയില്‍ കടവിലുമാണ് ബി ഒ ടി അടിസ്ഥാനത്തില്‍ വൈദ്യുതി വിതരണത്തിന് ചെറുകിട ജല വൈദ്യുതി പദ്ധതികള്‍ വരുന്നത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടി എം ടി മിനര്‍ കമ്പനി മൂന്ന് പദ്ധതികളും നെടുമ്പാശ്ശേരി വിമാനത്താവളം ഉള്‍പ്പെടെ കരാറെടുത്തിരുന്ന സിയാല്‍ കമ്പനിയുമാണിവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്

ചെറുകിട ജലവൈദ്യുതി പദ്ധതിയ്ക്കായി ഇരുവഴിഞ്ഞിപ്പുഴ സ്വകാര്യ കമ്പനികള്‍ കയ്യടക്കി; ജില്ലാ കളക്ടറുടെ സ്റ്റോപ്പ് മെമ്മോയ്ക്കു പുല്ലുവില

കോഴിക്കോട് ജില്ലയിലെ മുക്കം, കോടഞ്ചേരി മലയോര മേഖലയിലൂടെ ഒഴുകുന്ന ഇരുവഴിഞ്ഞിപ്പുഴയില്‍ പരിസ്ഥിതി സന്തുലിതാവസ്ഥ തകിടം മറിച്ച് സ്വകാര്യ കമ്പനികളുടെ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ വരുന്നു. ഇരുവഴിഞ്ഞിപ്പുഴയില്‍ അഞ്ചു ചെറുകിട ജലവൈദ്യുതി പദ്ധതികളാണിപ്പോള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇതില്‍ നാലും സ്വകാര്യ കമ്പനികളുടേതാണ്. ഒന്നുമാത്രമാണു കെ എസ് ഇ ബിയുടേത്. അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുമില്ല. സ്വകാര്യ കമ്പനികളുടെ നാലു പദ്ധതികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മുക്കം, തിരുവമ്പാടി, കോടഞ്ചേരി പ്രദേശങ്ങളിലെ പെരുമ്പോളക്കടവിലും കക്കാടുംപൊയില്‍ കടവിലുമാണ് ബി ഒ ടി അടിസ്ഥാനത്തില്‍ വൈദ്യുതി വിതരണത്തിന് ചെറുകിട ജല വൈദ്യുതി പദ്ധതികള്‍ വരുന്നത്.

പാലക്കാടു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടി എം ടി മിനര്‍ കമ്പനി മൂന്നു പദ്ധതികളും നെടുമ്പാശ്ശേരി വിമാനത്താവളം ഉള്‍പ്പെടെ കരാറെടുത്തിരുന്ന സിയാല്‍ കമ്പനിയുമാണിവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അഞ്ചു പദ്ധതിയ്ക്കുമായി 40 ഏക്കറോളം സ്ഥലം ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.

ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇരുവഴിഞ്ഞിപ്പുഴയ്ക്ക് 75 മീറ്റര്‍ വരെയാണ് വീതിയുണ്ടായിരുന്നത്. മഴക്കാലത്ത് 33 മീറ്റര്‍ വീതിയില്‍ വെള്ളമൊഴുകാറുള്ളതാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങളിൽ കഷ്ടിച്ച് മൂന്നുമീറ്ററില്‍ നീര്‍ച്ചാലായാണിപ്പോള്‍ പുഴയൊഴുകുന്നത്.

പുഴയുടെ ഇരുഭാഗത്തും ഘോരവനങ്ങളാണ്. വയനാട് ചുരത്തിന്റെ തുടര്‍ച്ചയായുള്ള കാട്. റവന്യു പുറമ്പോക്കാണെങ്കിലും ഏറെ പരിസ്ഥിതി പ്രധാന്യമുള്ള സ്ഥലമാണിത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലയിടത്തും കാടുവെട്ടിത്തെളിച്ചിട്ടുണ്ട്. പുറമ്പോക്ക് കയ്യേറിയ നിലയിലാണ്. സ്‌ഫോടകവസ്തു ഉപയോഗിച്ചു പാറപൊട്ടിച്ചാണ് നിര്‍മ്മാണത്തിന് ആവശ്യമായ കരിങ്കല്ല് കമ്പനികള്‍ ശേഖരിക്കുന്നത്.


സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്തെ 32 വീടുകള്‍ക്ക് വിള്ളലുണ്ടായതോടെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. വീടുകള്‍ക്ക് നാശമുണ്ടാക്കിയതിന് നഷ്ടപരിഹാരം നല്‍കണമെന്നും പുഴ പൂര്‍വസ്ഥിതിയിലാക്കിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനം തുടര്‍ന്നാല്‍ മതിയെന്നും കാണിച്ച് ജില്ലാ കളക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കി ആഴ്ച്ചകളായെങ്കിലും കമ്പനികള്‍ നിര്‍മ്മാണം തുടരുകയാണ്. അശാസ്ത്രീയമായ രീതിയിലുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇരുവഴിഞ്ഞിപ്പുഴയെ ഇല്ലാതാക്കുമെന്ന് കേരള നദീജല സംരക്ഷണ സമിതി സെക്രട്ടറി ടി വി രാജന്‍ നാരദാ ന്യൂസിനോട് പറഞ്ഞു.

ആറുമാസം മുമ്പാണ് ഇരുവഴിഞ്ഞിപ്പുഴയില്‍ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ക്ക് തുടക്കമായത്. അഞ്ച് പദ്ധതികളില്‍ നിന്നുമായി 25 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍. 30 വര്‍ഷത്തേക്ക് ബി ഒ ടി വ്യവസ്ഥയിലാണ് ഇവ പ്രവര്‍ത്തിക്കുക. അതിന് ശേഷം കെ എസ് ഇ ബിയ്ക്ക് കൈമാറുമെന്ന കരാറിലാണ് സ്വകാര്യ കമ്പനികള്‍ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ തുടങ്ങുന്നത്. ചെറുകിട ജലവൈദ്യുതി പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു കോടി രൂപ സബ്‌സിഡിയും നല്‍കുന്നുണ്ട്. കേരള എനര്‍ജി മാനേജ്‌മെന്റ് സെന്ററാണ് നോഡല്‍ ഏജന്‍സി.

മെലിഞ്ഞുണങ്ങിയ പുഴയില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ ഉദ്ദേശിച്ച അളവിന്റെ പകുതിപോലും ലഭിക്കാന്‍ സാധ്യത കുറവാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. നഷ്ടമുണ്ടാക്കുന്ന ഇത്തരം പദ്ധതികള്‍ക്ക് വന്‍കിട കമ്പനികൾ മുൻകൈയ്യെടുക്കുന്നതിനു പിന്നില്‍ ടൂറിസം താല്‍പര്യമാണെന്ന് ആരോപണമുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി സംവേദക മേഖലയയില്‍ ഉള്‍പ്പെടുത്തിയ പ്രദേശത്താണ് കാടുകള്‍ വെട്ടിത്തെളിച്ചുകൊണ്ട് ചെറുകിട ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പാറപൊട്ടിക്കുന്നതോടെ പ്രദേശവാസികളുടെ ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ നാട്ടുകാര്‍ സംഘടിച്ചിറങ്ങിയിട്ടുണ്ട്. പലതവണ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തടഞ്ഞുകൊണ്ട് നാട്ടുകാര്‍ പ്രതിഷേധമറിയിച്ചിരുന്നു.

അതേസമയം സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ജില്ലാ കളക്ടര്‍ യു വി ജോസ് നാരദാ ന്യൂസിനോട് പറഞ്ഞു.