മാന്നാനം കെഇ കോളജിലെ ഒരുവിഭാഗം അധ്യാപികമാരുടെ സദാചാര പോലീസിങ്ങിനെതിരെ പ്രിന്‍സിപ്പലും സഹപ്രവര്‍ത്തകരും

കെഇ കോളേജിലെ പോസ്റ്ററുകളിലെ ' അശ്ലീലം' ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പ്രിൻസിപ്പലും അധ്യാപകരും വിദ്യാർത്ഥികളും

മാന്നാനം കെഇ കോളജിലെ ഒരുവിഭാഗം അധ്യാപികമാരുടെ സദാചാര പോലീസിങ്ങിനെതിരെ  പ്രിന്‍സിപ്പലും സഹപ്രവര്‍ത്തകരും

കോട്ടയം: മാന്നാനം കെഇ കോളേജില്‍ വനിത ദിനത്തോടു അനുബന്ധിച്ച നടന്ന പോസ്റ്ററുകള്‍ക്കെതിരെ അധ്യാപികമാരുടെ സദാചാര ആക്രമണത്തിനെതിരെ പ്രിന്‍സിപ്പലും സഹപ്രവര്‍ത്തകരും. വിദ്യാര്‍ത്ഥികള്‍ പോസ്റ്ററിലെഴുതിയ ആശയത്തെക്കുറിച്ച് പൊതു ചര്‍ച്ചകള്‍ ആവശ്യമെന്ന് പ്രിന്‍സപ്പലും അധ്യാപകരും പ്രതികരിച്ചു. അന്താരാഷ്ട്ര വനിത ദിനവുമായി ബന്ധപ്പെട്ട യൂണിയന്‍ വെച്ച പോസ്റ്ററുകളില്‍ സ്ത്രീ ലൈംഗിക അവയവങ്ങളെ ചിത്രീകരിച്ചത് അശ്ലീലമായി എന്നാരോപിച്ച് കോളേജ് ദിനാഘോഷത്തില്‍ ഒരു വിഭാഗം വനിത അധ്യാപകര്‍ പ്രതിഷേധിച്ചിരുന്നു. പോസ്റ്റര്‍ എഴുതിയ യൂണിയന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്നും തങ്ങള്‍ അശ്ലീലം എഴുതിയിട്ടില്ലെന്നും വിഷയം പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യണെന്നുമാണ് കെ.ഇ കോളേജ് യൂണിയന്റെ നിലപാട്.


കെഇ കോളേജിലെ പോസ്റ്റര്‍ വിവാദവുമായി ബന്ധപ്പെട്ടു കോളേജ് പ്രിന്‍സിപ്പല്‍ ഫാ.ബെന്നി തോട്ടനാനി നാരദ ന്യൂസിനോടു സംസാരിക്കുന്നു. ഒരു പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നത് സമാധാനമപൂര്‍ണമായ സഹവര്‍ത്തിത്വമാണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരുമിച്ചിരുന്നു ആരോഗ്യപരമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുകയാണ് ചെയ്യേണ്ടത്. ആ പദം ഉപയോഗിച്ചത് തെറ്റാണൊന്നൊ ശരിയാണെന്നൊ ഞാന്‍ പറയുന്നില്ല. അത് ചര്‍ച്ച ചെയ്യാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കാന്‍ കോളേജ് ബാധ്യസ്ഥമാണ്. അധ്യാപകമാരും വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ ന്ടത്തട്ടെ. കോളേജ് ഡേ ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷമാണ് അശ്ലീലമായിട്ട് തോന്നിയത്. ആശയപരമായ ഏറ്റുമുട്ടലുകളാണ് വിദ്യാര്‍ത്ഥി സമൂഹം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


സമാനമായ അഭിപ്രായമാണ് കോളേജിലെ കൊമേഴ്‌സ് വിഭാഗം മേധാവിയും മഹാത്മ ഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ ടോമിച്ചന്‍ ജോസഫ് പങ്കുവെച്ചത്. കുട്ടികള്‍ അവരുടെ ബോധ്യത്തില്‍ നിന്നാണ് സംസാരിക്കുന്നത്. അധ്യാപകര്‍ അവരുടേതും. തന്റെ അഭിപ്രായത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു ഒരു തീരുമാനത്തിലെത്തണം. തങ്ങളുടെ തെറ്റാണെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെട്ടാല്‍ അവര്‍ ക്ഷമ പറയുകയും അധ്യാപകര്‍ക്ക് തെറ്റുപറ്റിയെങ്കില്‍ അവരും തെറ്റു തിരുത്തി മുന്നോട്ട് പോകാന്‍ തയ്യാറാകണം. അധ്യാപക സമൂഹം പിടിവാശിയുമായി നില്‍ക്കാന്‍ പാടില്ല. സംവാദം നടക്കേണ്ടതാണെന്നും ടോമിച്ചന്‍ പറഞ്ഞു.


വീടിനു മുന്നില്‍ കെട്ടിത്തൂക്കാന്‍ പറ്റാത്ത ഒരു പോസ്റ്ററും കോളേജില്‍ വെയ്ക്കണ്ട: ബ്രിജിത് പോള്‍


നമ്മടെ അമ്മ പെങ്ങന്മാര് വീട്ടിലുള്ളപ്പോള്‍ അവരോടു സംസാരിക്കാത്ത ഒരു പദവും കെ.ഇ കോളേജില്‍ ഉപയോഗിക്കണ്ടെന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അധ്യാപിക ബ്രിജിത് പോള്‍ പറയുന്നു. നമ്മുടെ വീടിനു മുന്നില്‍ കെട്ടിത്തൂക്കാന്‍ പറ്റാത്ത ഒരു പോസ്റ്ററും കോളേജില്‍ വെയ്ക്കണ്ട. കോളേജെന്നു പറഞ്ഞാല്‍ ഞങ്ങളുടെ രണ്ടാമത്തെ വീടാണ്. പിള്ളേര് വന്നും പോയും ഇരിക്കും. ഞങ്ങളെ സംബന്ധിച്ച് പത്തുമുപ്പതു വര്‍ഷം അവിടെ ജോലി ചെയ്യേണ്ടതാണ്. സംസ്‌കാരം വളരുകയാണോ, സംസ്‌കാരമില്ലായ്മയിലെക്ക് കൂപ്പുകുത്തുകയാണൊ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. ഞങ്ങള്‍ വനിതാധ്യാപകര്‍ പല യൂണിയനിലുള്ളവരുണ്ട്, രാഷ്ട്രീയ ഭേദമെന്യ ഞങ്ങളെല്ലാവരും ഒരുമിച്ചാണ് കോളേജ് ദിനാഘോഷത്തില്‍ പ്രതിഷേധിച്ചത്. ഞാന്‍ ഹിന്ദി അധ്യാപികയാണ്, ശബ്ദ തരാവലിയില്‍ അശ്ലീലമെന്നും തെറിയെന്നും പറഞ്ഞ പദമാണ് അവര്‍ പോസ്റ്ററെഴുതിയത്. - ബ്രിജിത് പറഞ്ഞു.

പല പെണ്‍കുട്ടികളും ഇതിനെതിരെ പ്രതികരിച്ചതാണ്. അവര്‍ക്ക് പ്രശ്‌നം ഉണ്ടാകരുതെന്നാണ് വിചാരിച്ചാണ് അവരെ പ്രതിഷേധത്തില്‍ നിന്നു മാറ്റി നിര്‍ത്തിയത്. പെണ്‍കുട്ടികളുടെ സുരക്ഷയെ കരുതിയാണ് മാറ്റി നിര്‍ത്തിയത്. ഞങ്ങള്‍ മാനേജര്‍ അച്ചനെ കണ്ട് പരാതി പറഞ്ഞു. ഈ വിഷയത്തില്‍ ഒരു സംവാദവും നടത്താന്‍ താല്‍പര്യമില്ല. ഞങ്ങളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.

നിലപാടില്‍ മാറ്റമില്ല; യൂണിയന്‍ ചെയര്‍മാന്‍

അന്താരാഷ്ട്ര വനിത ദിനവുമായി ബന്ധപ്പെട്ട് കോളേജിലൊരു വിദ്യാര്‍ത്ഥി കൂട്ടായ്മ വിളിച്ചുകൂട്ടിയിരുന്നു. അതിനോടനുബന്ധിച്ച് ഒരു പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. ക്യാപംസുകളിലായിക്കോട്ടെ സമൂഹത്തിലായിക്കോട്ടെ, മനുഷ്യ ലൈംഗികാവയവങ്ങളെ തെറിയായി ചിത്രീകരിക്കുന്ന ഒരു അവസ്ഥയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതില്‍ വനിതകളുടെ ലൈംഗികാവയങ്ങളെ കൂടുതല്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് 'പൂറ് ഇനിയെങ്കിലും ഒരു തെറിയല്ല, നമ്മെ പെറ്റ വഴിയാണ്. മുറിവുകളുടേയും വേദനകളുടെയും ഒടുങ്ങാത്ത ചരിത്രമുണ്ടതിന്' എന്ന പോസ്റ്റര്‍ യൂണിയന്‍ വെച്ചത്. ആ പോസ്റ്ററിലെ 'പൂറ്' എന്ന പദത്തില്‍ മാത്രം അശ്ലീലം കണ്ട്, അതിലെ ആശയത്തെക്കുറിച്ച് ചിന്തിക്കാതെ അധ്യാപികമാരാണ് ആദ്യം പ്രശ്നവുമായി മുന്നോട്ടു വന്നത്.


2500 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ കോളേജില്‍ ഒരു വിദ്യാര്‍ത്ഥിനി പോലും പോസ്റ്റര്‍ അശ്ലീലമാണെന്ന് പ്രതികരിച്ചിട്ടോ പരാതിപ്പെട്ടിട്ടോ ഇല്ല. വലതുപക്ഷ അധ്യാപക സംഘടനകളിലെ അധ്യാപികമാരാണ് മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ ഇതില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്ന് ഞാന്‍ കരുതുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പോസ്റ്റര്‍ എഴുതിയ യൂണിയന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ തങ്ങള്‍ കോളേജ് ദിനാഘോഷങ്ങള്‍ ബഹിഷ്‌കരിക്കുെന്ന് ഭീഷണിപ്പെടുത്തി. യൂണിയന്‍ എക്‌സിക്യുട്ടീവ് വിളിച്ചു ആലോചിച്ച ശേഷം മറുപടി പറയാമെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ മാപ്പു പറയാമെന്ന് എഴുതി ഒപ്പിട്ടു നല്‍കിയെന്നാണ് മറുനാടന്‍ മലയാളി പോലുള്ള മാധ്യമങ്ങള്‍ വാര്‍ത്ത എഴുതിയത്. മാപ്പു പറയാമെന്ന് എവിടെയും ഒപ്പിട്ടു നല്‍കിയിട്ടുമില്ല, പറഞ്ഞിട്ടുമില്ല.

കോളേജ് ദിനാഘോഷങ്ങള്‍ നടന്ന ഇന്നലെ അധ്യാപികമാര്‍ സദസിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിക്കുകയും വേദിയില്‍ കയറി അലങ്കോലപ്പെടുത്തുകയും ചെയ്തു. പരിപാടിയുടെ ആദ്യം ഞാന്‍ മാപ്പു പറയണമെന്നതായിരുന്നു അധ്യാപികമാരുടെ ആവശ്യം. അതുകൊണ്ട് തന്നെ സ്വാഗത പ്രസംഗത്തിന് മുമ്പായി അധ്യക്ഷ പ്രസംഗത്തിലൂടെയാണ് പരിപാടി ആരംഭിച്ചത്. അധ്യക്ഷ പ്രസംഗത്തില്‍ യൂണിയന്റെ നയം വ്യക്തമാക്കി. ജനാധിപത്യപരമായി വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത യൂണിയന്‍ നടത്തിയ പരിപാടിയുടെ വേദിയിലേക്ക് അതിക്രമിച്ചു കയറിയ അധ്യാപികമാര്‍ ഗസ്റ്റുകളുടെ കൈയില്‍ നിന്നു മൈക്ക് തട്ടിപ്പറിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് വിശ്വസിക്കുന്ന ആളുകളാണ് ഞങ്ങള്‍. അധ്യാപികമാരുടെ പ്രതിനിധിക്ക് സംസാരിക്കാനുള്ള അവസരം യൂണിയന്‍ നല്‍കി. ഞങ്ങള്‍ ബഹിഷ്‌കരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ക്കും ബഹിഷ്‌കരിക്കാമെന്ന് പറഞ്ഞു അധ്യാപികമാര്‍ പുറത്തുപോയി. നാലോ അഞ്ചോ വിദ്യാര്‍ത്ഥികളും അവരുടെ ഒപ്പം പോയി. അതിനു ശേഷം യൂണിയന്‍ പരിപാടികള്‍ ഭംഗിയായി നടന്നു.

ഇക്കാര്യത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ അടക്കുമുള്ള അധ്യാപകര്‍ യൂണിയനോടു അനുഭാവപൂര്‍വമായിട്ടാണ് പെരുമാറിയത്. നിങ്ങള്‍ക്ക് തെറ്റാണെന്ന് തോന്നിയാല്‍ മാത്രം മാപ്പു പറയുക എന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. കലാലായത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിക്കരുതെന്ന് പറയുന്ന അധ്യാപകരാണ് ഇന്നലെ സംഘം ചേര്‍ന്ന് അവരുടെ രാഷ്ട്രീയം വിദ്യാര്‍ത്ഥികളുടെ ഉള്ളില്‍ കുത്തി വെയ്ക്കാന്‍ ശ്രമിക്കുന്ന സാഹചര്യമാണ് ഇന്നലെ നടന്നത്.

അശ്ലീലമെന്നത് കാണുന്നവരുടെ മാനസികാവസ്ഥ: മലയാളം വിഭാഗം മേധാവി


അശ്ലീലമെന്നത് കാണുന്നവരുടെ മാനസികാവസ്ഥ അനുസരിച്ചാണെന്നു കോളേജിലെ മലയാള വിഭാഗം മേധാവി ജോയ്‌സുകുട്ടി പറഞ്ഞു. ഇതൊരു ഗ്രാമീണ പ്രയോഗമാണ്. കൊടുങ്ങല്ലൂര്‍ ഭരണിക്കൊക്കെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പദമാണത്. അതിനുമേല്‍ ഒരു അശ്ലീല പദമല്ല എന്നു പറഞ്ഞാണ് അവര്‍ എഴുതിയത്. അച്ഛന്‍ എന്നു പറഞ്ഞാല്‍ കുഴപ്പമില്ല, എന്നാല്‍ തന്ത എന്നു പറയുന്നത് മോശം പദമായിട്ട് ഉപയോഗിക്കുന്നതല്ലേ. വജൈന മോണോലോഗ് എന്നുപറയുന്നതിന്റെ വിവര്‍ത്തനമായിട്ട് തന്നെയാണ് കുട്ടികളതിനെ എടുത്തിരിക്കുന്നത്.

ടീച്ചറുമാരുടെ ഒരു വിഭാഗം ഇതില്‍ രാഷ്ട്രീയം കളിക്കുകയാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത ഒരു യൂണിയന്‍ അല്ലെ ഇതു ചെയ്തത്. ടീച്ചര്‍മാരുടെ ശരിയല്ലല്ലോ വിദ്യാര്‍ത്ഥികളുടെ ശരി. ഞങ്ങളുടെ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ നല്ല നിലവാരമുള്ള പിള്ളേരാണ്. അവര്‍ക്കാര്‍ക്കും ഇതൊരു അപരാധമായി തോന്നിയിട്ടില്ല.

Read More >>