നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങളില്‍ കുറഞ്ഞ വേതനത്തിനു പൂജാരിമാരെ കിട്ടാനില്ല; പൂജയ്ക്ക് അബ്രാഹ്മണരും മന്ത്രം പഠിച്ചവരും

അവധി കിട്ടണമെങ്കില്‍ അഞ്ഞൂറോ, ആയിരമോ കൈയില്‍ നിന്നെടുത്തു കൊടുത്ത് ആ ദിവസത്തിലേക്ക് മറ്റൊരാളെ കണ്ടെത്തണം. ജോലിക്ക് മഴയെന്നോ, വേനലെന്നോ വ്യത്യാസമില്ല. അഞ്ചു മണിക്ക് നട തുറക്കുന്ന ക്ഷേത്രങ്ങളില്‍ എത്തണമെങ്കില്‍ പുലര്‍ച്ചെ നാലു മണിക്ക് എങ്കിലും എഴുന്നേല്‍ക്കണം. വേതനമില്ലാത്തതിനു പുറമെ ശാന്തിക്കാരന് വിവാഹ മാര്‍ക്കറ്റിലും പകിട്ടില്ല.

നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങളില്‍ കുറഞ്ഞ വേതനത്തിനു പൂജാരിമാരെ കിട്ടാനില്ല; പൂജയ്ക്ക് അബ്രാഹ്മണരും മന്ത്രം പഠിച്ചവരും

നാട്ടിന്‍പുറങ്ങളിലെ ക്ഷേത്രങ്ങളില്‍ ശാന്തിപ്പണിക്ക് ഇതര ‌‌സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പൂജാ വിധികള്‍ പഠിച്ച അബ്രാഹ്മണരും. കുറഞ്ഞ വേതനത്തിനു ശാന്തിപ്പണിക്ക് ആളെ കിട്ടാതായതോടെയാണ് മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ ഇത്തരത്തിലുള്ള താല്‍ക്കാലിക പൂജാരിമാര്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. 15,000 രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്തിട്ടും പലയിടത്തും സ്ഥിരം പൂജാരിമാരെ കിട്ടാതായതോടെയാണ് മലബാര്‍ ദേവസ്വത്തിനു കീഴിലുള്ള ചില ക്ഷേത്രങ്ങളില്‍ പൂജ മുടങ്ങാതിരിക്കാന്‍ ഇത്തരത്തിലുള്ള താല്‍ക്കാലിക പൂജാരിമാരെ നിയമിച്ചിട്ടുള്ളത്.

താരതമ്യേന വരുമാനം കുറഞ്ഞ സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലാണ് ശാന്തിപ്പണിക്ക് ആളെ കിട്ടാത്ത അവസ്ഥയുളളത്. 2500 മുതല്‍ 4300 വരെ ശമ്പളവും ഡിഎ, വീട്ടുവാടക 50 രൂപ എന്നിവയുള്‍പ്പടെ പരമാവധി 8000 രൂപയോളമാണ് ഇത്തരം ക്ഷേത്രങ്ങളിലെ ശാന്തികാര്‍ക്കു ലഭിക്കുക. എന്നാല്‍ കമ്മിറ്റികളുടെ നിയന്ത്രണത്തിലുള്ള ചെറു ക്ഷേത്രങ്ങളില്‍ ഈ തുകയില്‍ നിന്ന് കമ്മിറ്റിയുടെ പിടുത്തം കഴിഞ്ഞ ശേഷമുള്ള തുക മാത്രമേ ശാന്തിക്കാരനു ലഭിക്കൂ. അതുകൊണ്ടു തന്നെ നേരത്തെയുള്ളവര്‍ മറ്റു തൊഴിലുകള്‍ കിട്ടി പോയതോടെ പുതിയവരാരും ഈ ജോലിക്കു വരാതായി. ഇപ്പോള്‍ ആയിരം രൂപ വരുമാനവും യാത്രാ ചെലവും നല്‍കിയാലും ഇത്തരം ക്ഷേത്രങ്ങളില്‍ പൂജാരിമാരെ കിട്ടാനില്ലാത്ത അവസ്ഥയാണ്.

മലബാര്‍ ദേവസ്വത്തിനു കീഴില്‍ 1400 ഓളം ക്ഷേത്രങ്ങളാണ് ഉള്ളത്. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ഗ്രേഡ്, എ, ബി, സി, ഡി എന്നിങ്ങനെ ക്ഷേത്രങ്ങളെ വേര്‍തിരിച്ചിട്ടുണ്ട്. ഇതില്‍ സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലാണ് പൂജാരിമാരെ കിട്ടാത്ത അവസ്ഥയുള്ളത്. നമ്പൂതിരി, എമ്പ്രാന്തിരി, ബ്രാഹ്മണര്‍ തുടങ്ങിയ വിഭാഗങ്ങളാണ് ക്ഷേത്രങ്ങളിലെ ശാന്തിപ്പണി സാധാരണ ചെയ്തുവരുന്നത്. എന്നാല്‍ മന്ത്രം പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ക്ക് പൂജകള്‍ ചെയ്യാമെന്ന് കോടതി ഉത്തരവുണ്ട്. ഈ ഉത്തരവിന്റെ പിന്‍ബലത്തിലാണ് മറ്റു പിന്നാക്കകാര്‍ക്കും ഇതര സംസ്ഥാനത്തു നിന്നുള്ളവര്‍ക്കും പൂജാരിമാരാകാന്‍ അവസരം ലഭിക്കുന്നത്.

എന്നാല്‍ യാഥാസ്ഥിതിക കൂടുതലുള്ള ചില സ്ഥലങ്ങളില്‍ അബ്രാഹ്മണരേയും മറ്റും ജോലിക്കു വെക്കാനാവാത്ത അവസ്ഥയുമുണ്ട്. ക്ഷേത്രങ്ങളില്‍ ശാന്തിക്കാര്‍ ഉള്‍പ്പടെയുള്ള ജോലിക്കാരെ കണ്ടെത്താനുള്ള ചുമതല ക്ഷേത്രങ്ങളിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കാണ്. ഇത്തരം കാര്യങ്ങളില്‍ ദേവസ്യം ബോര്‍ഡിന്റെ ഇടപെടലുകളും കുറവാണ്. ശമ്പള കുറവിനു പുറമെ ഒരു ദിവസം പോലും അവധി കിട്ടില്ലെന്നതും ശാന്തിപ്പണിക്ക് ആളെ കിട്ടാതിരിക്കാന്‍ കാരണമാണെന്ന് നേരത്തെ പൂജാരിയായി ജോലി ചെയ്തിരുന്ന, ഇപ്പോള്‍ ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്ന ജ്യോതി സ്വാമി പറഞ്ഞു.

അവധി കിട്ടണമെങ്കില്‍ അഞ്ഞൂറോ, ആയിരമോ കൈയില്‍ നിന്നെടുത്തു കൊടുത്ത് ആ ദിവസത്തിലേക്ക് മറ്റൊരാളെ കണ്ടെത്തണം. ജോലിക്ക് മഴയെന്നോ, വേനലെന്നോ വ്യത്യാസമില്ല. അഞ്ചു മണിക്ക് നട തുറക്കുന്ന ക്ഷേത്രങ്ങളില്‍ എത്തണമെങ്കില്‍ പുലര്‍ച്ചെ നാലു മണിക്ക് എങ്കിലും എഴുന്നേല്‍ക്കണം. പിന്നെ പതിനൊന്നു മണി വരെയെങ്കിലും ക്ഷേത്രത്തില്‍ കാണണം. വൈകീട്ട് അഞ്ചു മണിക്ക് നട തുറക്കണം. തിരക്കുണ്ടെങ്കില്‍ രാത്രി ഒമ്പതു വരെ നില്‍ക്കണം. ശാന്തിക്കാരനാണെന്നു പറഞ്ഞാല്‍ പെണ്ണ് കിട്ടാത്ത അവസ്ഥയുമുണ്ടെന്ന് ജ്യോതി സ്വാമി പറഞ്ഞു.

Read More >>