ജിഷ്ണു കേസ്: പൊലീസ് നടപടിയെ ന്യായീകരിച്ച് പിആര്‍ഡിയുടെ പത്രപരസ്യം; സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങള്‍; സംഘര്‍ഷാവസ്ഥയുണ്ടാക്കിയത് നുഴഞ്ഞു കയറിയവര്‍

ജിഷ്ണു കേസ്,പ്രചാരണമെന്ത്, സത്യമെന്ത്? എന്ന തലക്കെട്ടിലാണ് പിആര്‍ഡിയുടെ പത്രപരസ്യം. ജിഷ്ണു കേസില്‍ സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഒരു വിട്ടുവീഴിചയുമില്ലാതെ കൃത്യമായ നടപടികൾ എടുത്തു നീങ്ങുകയാണ് സര്‍ക്കാര്‍ എന്നതാണ് സത്യമെന്നും പരസ്യത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഡിജിപി ഓഫീസിനു മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് നുഴഞ്ഞു കയറിയ സംഘമാണെന്നും ജിഷ്ണുവിന്റെ അമ്മയെ നിലത്തിട്ടു വലിച്ചിഴച്ചു എന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും പത്രപരസ്യത്തില്‍ വിശദീകരണമുണ്ട്.

ജിഷ്ണു കേസ്: പൊലീസ് നടപടിയെ ന്യായീകരിച്ച് പിആര്‍ഡിയുടെ പത്രപരസ്യം; സത്യങ്ങളാകെ തമസ്‌കരിക്കുന്ന പ്രചാരണങ്ങള്‍; സംഘര്‍ഷാവസ്ഥയുണ്ടാക്കിയത് നുഴഞ്ഞു കയറിയവര്‍

ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ നടത്തിയ സമരത്തിനെതിരെയുള്ള പൊലീസ് നടപടി വ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സാഹചര്യത്തിലാണ് പത്രപരസ്യത്തിലൂടെയുള്ള സര്‍ക്കാര്‍ വിശദീകരണം. ജിഷ്ണു കേസ്, പ്രചാരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിലുള്ള പത്രപരസ്യത്തില്‍ കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരികരിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് സത്യങ്ങളെ തമസ്‌കരിക്കുന്ന പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പിആര്‍ഡിയുടെ പത്രപരസ്യത്തില്‍ പറയുന്നു.

ജിഷ്ണുവിന്റെ അമ്മയടക്കം വടകരയില്‍ നിന്നെത്തിയ ആറു പേര്‍ക്ക് ഡി.ജി.പിയെ കാണാന്‍ അനുമതി നല്‍കിയിരുന്നു. ഡി.ജി.പി അവരെ കാണാന്‍ ഓഫീസില്‍ കാത്തിരിക്കുകയായിരുന്നുവെന്നും എന്നാല്‍ ജിഷ്ണുവുമായി യാതൊരു ബന്ധവുമില്ലാത്ത വലിയ സംഘത്തേയും ഓഫീസിനുള്ളില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ നിഷേധിക്കുകയായിരുന്നെന്നാണ് പരസ്യത്തിലെ വാദം. ഇവരോടൊപ്പം പുറത്തു നിന്നുള്ള ഒരു സംഘം നുഴഞ്ഞു കയറുകയും പൊലീസ് ആസ്ഥാനത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്‌തെന്ന് പരസ്യം വിശദീകരിക്കുന്നു.

ജിഷ്ണുവിന്റെ അമ്മയെ നിലത്തിട്ട് വലിച്ചിഴച്ചു എന്ന തെറ്റിദ്ധാരണാജനകമായ പ്രചാരണം ഒരു സംഘം അഴിച്ചു വിടുകയാണെന്നും പരസ്യത്തില്‍ പറയുന്നു. ഇങ്ങനെയൊന്നും നടന്നിട്ടില്ല. നടന്നതായുള്ള ദൃശ്യങ്ങള്‍ ഒരു മാദ്ധ്യമവും പ്രസിദ്ധീകരിച്ചിട്ടില്ല. നിലത്തിരിക്കുന്ന ജിഷ്ണുവിന്റെ അമ്മയെ പൊലീസുകാര്‍ കൈ നീട്ടി എഴുന്നേല്‍പ്പിക്കുന്ന ദൃശ്യങ്ങളാണ് മിക്ക ചാനലുകളും കാണിച്ചത്. റേഞ്ച് ഐജി നടത്തിയ അന്വേഷണത്തിലും പൊലീസ് അതിക്രമത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും പരസ്യത്തിലുണ്ട്.


പൊലീസിന്റെ കൃത്യനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയവരെയാണ് അറസ്റ്റ് ചെയ്തതെന്നും ബന്ധുക്കളെ അറസ്റ്റ് ചെയ്തില്ലെന്നും അവര്‍ക്കെതിരെ കേസെടുത്തില്ലെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നുണ്ട്. പ്രശ്‌നത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയുമായി ചര്‍ച്ച ചെയ്യാമെന്ന് ജിഷ്ണുവിന്റെ അമ്മയും കുടുംബാംഗങ്ങളും അറിയിച്ചിരുന്നെന്നും പത്രപരസ്യത്തില്‍ പറയുന്നുണ്ട്.

മകന്‍ നഷ്ടപ്പെട്ടതുമൂലം കണ്ണീരിലായ കുടുംബത്തിന്റെ വേദന മുതലെടുത്ത് സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് ചിലര്‍ നടത്തുന്നത്. ഡി.ിജി.പി ഓഫീസിന്റെ മുമ്പിലുണ്ടായ സംഭവങ്ങളും അതിനെതുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമസമരങ്ങളും സര്‍ക്കാരിനെതിരെയ ഗൂഢനീക്കത്തിന്റെ പ്രതിഫലനമാണെന്നും, കേസ് നിഷ്പക്ഷമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുമെന്നും പരസ്യത്തിലൂടെ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കേസില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ പതിനാല് പോയിന്റുകളായി പരസ്യത്തില്‍ വിശദീകരിക്കുന്നുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുയരാന്‍ ഇടയാക്കിയിരുന്നു. സംഭവത്തെതുടര്‍ന്ന് സംസ്ഥാനത്ത് യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. സമരം തുടരുമെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിരോധത്തിലായ സര്‍ക്കാര്‍ ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട് പത്രപരസ്യത്തിലൂടെ വിശദീകരണം നല്‍കുന്നത്.