പൂക്കോട്ട വിഗ്രഹം തകര്‍ത്തത് പ്രതി ഒറ്റക്കല്ല; ഗുരുതരമായ ആരോപണവുമായി ക്ഷേത്രം

ഹിന്ദു ഐക്യവേദിയുടെ പ്രക്ഷോഭത്തോടു യോജിപ്പില്ലെന്നുള്ള കാര്യവും ക്ഷേത്ര പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍ നാരദാ ന്യൂസിനോടു വ്യക്തമാക്കി. ഒന്നിലധികം പേർ നടത്തിയ ആക്രമണത്തില്‍ ഒരാളെ മാത്രം പിടികൂടി കേസ് ഒതുക്കാനും പോലീസ് ശ്രമിക്കുന്നുണ്ടെന്നാണ് ക്ഷേത്രകമ്മിറ്റിക്കാര്‍ ഉയര്‍ത്തുന്ന ആരോപണം.

പൂക്കോട്ട വിഗ്രഹം തകര്‍ത്തത് പ്രതി ഒറ്റക്കല്ല; ഗുരുതരമായ ആരോപണവുമായി ക്ഷേത്രം

നിലമ്പൂര്‍ പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തത് പ്രതിയായ രാജാറാം മോഹന്‍ദാസ് പോറ്റി ഒറ്റയ്ക്കല്ലെന്ന ആരോപണവുമായി ക്ഷേത്രം ഭാരവാഹികള്‍. വിഗ്രഹം തകര്‍ക്കലിന് പിന്നിലുള്ള ശക്തികളെ വെളിച്ചത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് പൂക്കോട്ടുംപാടം ക്ഷേത്ര ഭാരവാഹികള്‍ സര്‍ക്കാരിനു സമര്‍പ്പിച്ച നിവേദനത്തിലാണ് പ്രസ്തുത ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഒരു വ്യക്തിയെക്കൊണ്ടു മാത്രം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ച് ശ്രീകോവിലുകള്‍ തകര്‍ത്ത് വിഗ്രഹങ്ങള്‍ തല്ലിപ്പൊട്ടിക്കാന്‍ സാധിക്കില്ലെന്നു ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ കൃത്യത്തിനു പിന്നില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു നാട്ടുകാര്‍ക്കും ഭക്തജനങ്ങള്‍ക്കും സംശയമുണ്ടെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഹിന്ദു ഐക്യവേദിയുടെ പ്രക്ഷോഭത്തോടു യോജിപ്പില്ലെന്നുള്ള കാര്യവും ക്ഷേത്ര പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍ നാരദാ ന്യൂസിനോടു വ്യക്തമാക്കി. ഒന്നിലധികം പേർ നടത്തിയ ആക്രമണത്തില്‍ ഒരാളെ മാത്രം പിടികൂടി കേസ് ഒതുക്കാനും പോലീസ് ശ്രമിക്കുന്നുണ്ടെന്നാണ് ക്ഷേത്രകമ്മിറ്റിക്കാര്‍ ഉയര്‍ത്തുന്ന ആരോപണം.

ക്ഷേത്രത്തിനു മുകളില്‍ കയറി മൂന്നുനാലു ഓട് ഇളക്കി താഴെ നിലത്ത് പൊട്ടാതെ വയ്ക്കണമെങ്കിൽ ചുരുങ്ങിയത് രണ്ടുപേരുടെ എങ്കിലും സഹായം വേണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രം തകര്‍ക്കലിനു പിന്നിലുള്ള ലക്ഷ്യം വിഗ്രഹം തകര്‍ക്കല്‍ മാത്രമല്ലെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ കാരണങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

Read More >>