പൂക്കോട്ടുംപാടം ക്ഷേത്രത്തില്‍ മുസ്ലീങ്ങള്‍ സഹകരിക്കാത്ത ഒരു ദിവസംപോലുമില്ല; നടന്നത് മത സൗഹാര്‍ദ്ദത്തെ തകര്‍ക്കാനുള്ള ശ്രമം: ക്ഷേത്ര പ്രസിഡന്റ് നാരദാ ന്യൂസിനോട്

ഹിന്ദു ഐക്യവേദി ക്ഷേത്രം തകര്‍ക്കലിനെതിരെ പ്രതികരിച്ചിട്ടുണ്ടല്ലോ എന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ആ പ്രതികരണം ക്ഷേത്രത്തിന്റെ അക്കൗണ്ടില്‍ കൂട്ടേണ്ട എന്നായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞത്. അതു ക്ഷേത്രത്തിന്റെ വിഷയമല്ല. ഹിന്ദു മതത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആയതുകൊണ്ടാണ് അവര്‍ പ്രതികരിക്കുകയും ഇവിടെ സന്ദര്‍ശനം നടത്തുകയും ചെയ്തത്. അതിനു ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു...

പൂക്കോട്ടുംപാടം ക്ഷേത്രത്തില്‍ മുസ്ലീങ്ങള്‍ സഹകരിക്കാത്ത ഒരു ദിവസംപോലുമില്ല; നടന്നത് മത സൗഹാര്‍ദ്ദത്തെ തകര്‍ക്കാനുള്ള ശ്രമം: ക്ഷേത്ര പ്രസിഡന്റ് നാരദാ ന്യൂസിനോട്

നിലമ്പൂര്‍ പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവം കലാപശ്രമങ്ങളുടെ ഭാഗമാണെന്നു വിശ്വസിക്കുന്നതില്‍ അസ്വഭാവികത കാണുന്നില്ലെന്നു ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് എം കെ രാധാകൃഷ്ണന്‍. ഈ സംഭവത്തിനു പിന്നില്‍ ഒരു വ്യക്തി മാത്രമേ ഉള്ളുവെന്നു വിശ്വസിക്കുന്നില്ലെന്നും ക്ഷേത്രം ആക്രമിച്ചതിനു പിന്നില്‍ കൂട്ടായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്നും രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. പ്രതി ക്ഷേത്രത്തിനുള്ളില്‍ കടന്നു അവടെയുണ്ടായിരുന്ന കല്ല് ഉപയോഗിച്ചു വിഗ്രഹങ്ങള്‍ തകര്‍ക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോള്‍ കണ്ടെടുത്ത ചുറ്റികയുപയോഗിച്ചു വിഗ്രഹങ്ങള്‍ തകര്‍ക്കുകയായിരുന്നുവെന്നു പിന്നീട് മാറ്റിപ്പറയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നായയെ കൊണ്ടവന്നപ്പോള്‍ അതു സഞ്ചരിച്ചത് തൊണ്ടിമുതല്‍ കണ്ടെടുത്ത സ്ഥലത്തുകൂടിയല്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ഇതും സംഭവത്തിനു പിന്നില്‍ ആസൂത്രിത നീക്കം നടന്നുവെന്നുള്ളതിന്റെ സൂചനയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാള്‍ മാത്രമല്ല വിഗ്രഹം തകര്‍ത്തതിനു പിന്നിലുള്ളതെന്നു പ്രകടമാകുന്നതായിരുന്നു ക്ഷേത്രത്തിനു മുകളിലെ ഓടു നീകക്കം ചെയ്ത സംഭവം. ഒരു ഓടുപോലും പൊട്ടാതെ താഴെയിറക്കി ഒരു മൂലയ്ക്കു അടുക്കി വയ്ക്കുകയായിരുന്നു ചെയ്തിരുന്നത്. ഒരാള്‍ക്കു മാത്രം സാധിക്കുന്ന കാര്യമല്ലിത്. അതുകൊണ്ടു തന്നെ ഈ പ്രവര്‍ത്തിക്കു പിന്നില്‍ ഒന്നിലധികം ആള്‍ക്കാര്‍ ഉണ്ടെന്നുള്ള കാര്യം വ്യക്തമാണ്- രാധാകൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശരിയായ രീതിയില്‍ അന്വേഷണം നടത്തുകയാണെങ്കില്‍ തെളയുന്നത് വലിയൊരു സത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയന്നു പറയുന്നയാള്‍ താമസിക്കുന്നത് നിലമ്പൂരിനടത്തുള്ള മമ്പാട് എന്ന സ്ഥലത്താണ്. ഇവിടെ നിന്നും പൂക്കോട്ടുംപാടത്തേക്കു വരുന്ന വഴിയില്‍ മൂന്നു നാലു ക്ഷേത്രങ്ങള്‍ ഉണ്ട്. എന്നാല്‍ ഈ ക്ഷേത്രങ്ങളൊന്നും ആക്രമിക്കാതെ പൂക്കോട്ടുംപാടം ക്ഷേത്രം തന്നെ തെരഞ്ഞെടുത്തതില്‍ വലിയ ദുരൂഹതയുണ്ടന്നും രാധാകൃഷ്ണന്‍ പറയുന്നു. ക്ഷേത്രത്തിനുള്ളിലെ കാണിക്ക വഞ്ചികള്‍ പ്രതി ആക്രമിക്കുകയോ തകര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇക്കാരണം കൊണ്ടുതന്നെ കലാപം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പൂക്കോട്ടുംപാടത്തു നടന്നതെന്നുള്ള കാര്യം തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

മത സാഹോദര്യത്തിനു കൂടി പേരുകേട്ട അമ്പലമാണ് പൂക്കോട്ടുംപാടം. ഒരു ദിനം ഒരു അന്യമതസ്ഥനെങ്കിലും ഈ അമ്പലത്തില്‍ വഴപാടു നടത്താറുണ്ട്. മാത്രമല്ല ഈ ഈ നാടും മതസാഹോദര്യത്തിനു പേരു കേട്ടതാണ്. ഹിന്ദുക്കളും മുസ്ലീങ്ങളും മറ്റു മതസ്ഥരും ഒരേ മനസ്സോടെയാണ് ഇവിടെ വസിക്കുന്നത്. ജാതി- മത വിഷയത്തില്‍ ഇതുവരെ ഈ പ്രദേശത്ത് ഒരു പ്രശ്‌നം ഉണ്ടായിട്ടില്ല. ഈ സൗഹാര്‍ദത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമങ്ങളാണ് ക്ഷേത്രം തകര്‍ക്കലിലൂടെ ചിലര്‍ ആസൂത്രണം ചെയ്തിട്ടുണ്ടാകുക-
-രാധാകൃഷ്ണന്‍, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ്

ഹിന്ദു ഐക്യവേദി ക്ഷേത്രം തകര്‍ക്കലിനെതിരെ പ്രതികരിച്ചിട്ടുണ്ടല്ലോ എന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ആ പ്രതികരണം ക്ഷേത്രത്തിന്റെ അക്കൗണ്ടില്‍ കൂട്ടേണ്ട എന്നായിരുന്നു രാധാകൃഷ്ണന്‍ പറഞ്ഞത്. അതു ക്ഷേത്രത്തിന്റെ വിഷയമല്ല. ഹിന്ദു മതത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആയതുകൊണ്ടാണ് അവര്‍ പ്രതികരിക്കുകയും ഇവിടെ സന്ദര്‍ശനം നടത്തുകയും ചെയ്തത്. അതിനു ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.