ആടിയും പാടിയും അവര്‍ അര മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം വിത്തുകള്‍ നട്ടു, ചരിത്രം കുറിച്ച് പിന്നേയും പൂക്കോട്ടുക്കാവ്

അര മണിക്കൂര്‍ കൊണ്ട് പഞ്ചായത്തിലെ 13 വാര്‍ഡുകളിലേയും എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ഒരു ലക്ഷം വൃക്ഷ വിത്തുകള്‍ പാകിയാണ് പൂക്കോട്ടുക്കാവ് പുതിയ ചരിത്രം കുറിച്ചത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽഇത്രയധികം വിത്തുകള്‍ പാകുന്നത്...

ആടിയും പാടിയും അവര്‍ അര മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷം വിത്തുകള്‍ നട്ടു,  ചരിത്രം കുറിച്ച് പിന്നേയും പൂക്കോട്ടുക്കാവ്

കൊട്ടും പാട്ടും ആഘോഷവുമായി പൂക്കോട്ടുക്കാവുകാര്‍ പിന്നേയും ചരിത്രമെഴുതി. വീട്ടുമുറ്റങ്ങളില്‍ കിണര്‍ കുഴിക്കാന്‍ 300 ഓളം സ്ത്രീതൊഴിലാളികളുടെ പെണ്‍പടയെ സൃഷ്ടിച്ച പൂക്കോട്ടുക്കാവ് പഞ്ചായത്ത് സംസ്ഥാനത്തിന് മൊത്തം മാതൃകയാക്കാവുന്ന മറ്റൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. അര മണിക്കൂര്‍ കൊണ്ട് പഞ്ചായത്തിലെ 13 വാര്‍ഡുകളിലേയും എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ഒരു ലക്ഷം വൃക്ഷ വിത്തുകള്‍ പാകിയാണ് പുതിയ ചരിത്രം കുറിച്ചത്.

സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് അര മണിക്കൂര്‍ സമയം കൊണ്ട് ഒരു ലക്ഷത്തിലധികം വിത്തുകള്‍ പാകുന്നത്. കൊട്ടും പാട്ടും, കാളകളിയും സോപാന സംഗീതവും മാജിഷോയും സദ്യയും എല്ലാമായി ഉത്സവാന്തരീക്ഷത്തിലാണ് ' വിത്തുഗുണം' പദ്ധതിക്ക് തുടക്കം കുറിച്ചത്. പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടുക എന്ന പതിവ് പരിപാടിയില്‍ നിന്നു വിത്തുപാകി മുളപ്പിച്ച് വളര്‍ത്തുക എന്നതിലേക്കാണ് പൂക്കോട്ടുക്കാവ് ചുവടുമാറിയത്.

പുഴയും പുഴയിലേക്ക് വരുന്ന തോടുകളും ഇല്ലാത്ത പൂക്കോട്ടുക്കാവിലെ ജലസംരക്ഷണ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് 'വിത്തുഗുണം' പദ്ധതി. ഒരാള്‍ ഒരു തൈയെങ്കിലും പരിപാലിക്കുക എന്ന ഉദ്ദേശവും ഇതിലൂടെ നല്‍കുന്നു.

ഞായറാഴ്ച്ച രാവിലെ 7.30 മുതല്‍ 8.30 വരെയായിരുന്നു എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും വിത്ത് പാകാന്‍ സമയം നിശ്ചയിച്ചിരുന്നതെങ്കിലും ചിലയിടങ്ങളില്‍ അത് ഒമ്പത് വരെ നീണ്ടു.

വീടുകള്‍, നാട്ടുവഴികള്‍, പുറമ്പോക്ക് സ്ഥലങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു വിത്തു പാകിയത്. മാവ്, ആഞ്ഞിലി, പ്ലാവ്, ഞാവല്‍, കശുമാവ്, പുളി, പപ്പായ തുടങ്ങിയവയുടെ വിത്തുകളാണ് നട്ടത്. പ്രകൃതി സ്‌നേഹികളുടെ കൂട്ടായ്മയായ 'മരസേന' യുടെ നേൃത്വത്തില്‍ ശനിയാഴ്ച്ച തന്നെ വിത്തുകള്‍ എല്ലായിടത്തും എത്തിച്ചിരുന്നു. പഞ്ചായത്തിലെ 50 ജലസഭകളും വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിച്ചാണ് പരിപാടിക്ക് തുടക്കമിട്ടത്.

ഒരാള്‍ ചുരുങ്ങിയത് ഒരു തൈയെങ്കിലും പരിപാലിക്കുക എന്ന സന്ദേശമാണ് ഇതിലൂടെ വളര്‍ത്തുന്നതെന്നും വേനല്‍ക്കാലത്ത് വെള്ളമെവിടെ എന്നു ചോദിച്ചു നടക്കുന്നതിന് പകരം ജലസംരക്ഷണത്തിനുള്ള അടിസ്ഥാന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ ജയദേവന്‍ നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>