ഹാദിയയുടെ വിധി ശാലിനിക്കുണ്ടായില്ല; മതംമാറി ഹിന്ദുവായ പൊന്നാനി സ്വദേശിനിക്കു ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കോടതിയുടെ അനുമതി

ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന വിവേകും ഇസ്ലാംമത വിശ്വാസിയായ ഷിഫ്‌നയും ഏപ്രില്‍ മാസമാണ് വിവാഹം കഴിക്കുവാനായി ഒളിച്ചോടിയത്. തുടര്‍ന്നു കോഴിക്കോട് മാരിയമ്മന്‍ കോവിലില്‍ ഇവര്‍ വിവാഹിതരാകുകയായിരുന്നു...

ഹാദിയയുടെ വിധി ശാലിനിക്കുണ്ടായില്ല; മതംമാറി ഹിന്ദുവായ പൊന്നാനി സ്വദേശിനിക്കു ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കോടതിയുടെ അനുമതി

ഹിന്ദുമതം സ്വീകരിച്ച യുവതിയ്ക്കു ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ കോടതി അനുമതി. പൊന്നാനി നായരങ്ങാടി മുക്കിലപ്പീടിയ സ്വദേശികളായ വിവേകിനും ഷിഫ്‌നയ്ക്കുമാണ് കോടതി ഒരുമിച്ചു ജീവിക്കുവാനുള്ള അനുമതി നല്‍കിയത്. വിവാഹത്തിനു ശേഷം കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായ യുവതിയെ അവരുടെ ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകുവാന്‍ കോടതി അനുവദിക്കുകയായിരുന്നു.

ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന വിവേകും ഇസ്ലാംമത വിശ്വാസിയായ ഷിഫ്‌നയും ഏപ്രില്‍ മാസമാണ് വിവാഹം കഴിക്കുവാനായി ഒളിച്ചോടിയത്. തുടര്‍ന്നു ഇവര്‍ കോഴിക്കോട് മാരിയമ്മന്‍ കോവിലില്‍ വച്ചു വിവാഹിതരാകുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഷിഫ്‌ന ഹിന്ദു മതത്തിലേക്കു മാറുകയും ശാലിനിയെന്ന പേരു സ്വീകരിക്കുകയുമായിരുന്നു.

ഇതിനിടെ ഷിഫ്‌നയുടെ വീട്ടുകാര്‍ മകളെ കാണാനില്ലെന്നു കാട്ടി പൊന്നാനി സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വീട്ടുകാരുടെ പരാതിപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണവുമാരംഭിച്ചു. കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ എത്തിയ ദമ്പതിമാരെ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നു ഭര്‍ത്താവിനൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

കോടതിയുടെ നിര്‍ദ്ദേശപ്രകാരം പൊന്നാനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സണ്ണി ചാക്കോയും സബ് ഇന്‍സ്‌പെക്ടര്‍ കെ ടി വാസുവും ചേര്‍ന്നു ഇരവരെയും വിവേകിന്റെ വീട്ടില്‍ എത്തിച്ചു.