മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരം താല്‍ക്കാലികമായി നിര്‍ത്തി; ജൂലൈ 9 ന് ഭൂസമരമാരംഭിക്കും

സംസ്ഥാനത്ത് ഭൂമി ആവശ്യപ്പെട്ട് സമരം നടത്തുന്ന സംഘടനകളുടെയും തോട്ടം തൊഴിലാളികളുടെയും പിന്തുണ ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് പൊമ്പിളൈ ഒരുമൈയുടെ പ്രതീക്ഷ.

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരം താല്‍ക്കാലികമായി നിര്‍ത്തി; ജൂലൈ 9 ന് ഭൂസമരമാരംഭിക്കും

മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരം താല്‍ക്കാലികമായി നിര്‍ത്തി. സമരം തുടര്‍ന്നുകൊണ്ടുപോകാനാവശ്യമായ ജനപിന്തുണയാര്‍ജിക്കാനാണ് സമരം താല്‍ക്കാലികമായി പിന്‍വലിക്കുന്നതെന്ന് സമരനേതാവ് ഗോമതി പറഞ്ഞു. ജൂലൈ 9 ന് തോട്ടംതൊഴിലാളികള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമി എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുയര്‍ത്തി വീണ്ടും പ്രക്ഷോഭമാരംഭിക്കാന്‍ പൊമ്പിളൈ ഒരുമൈ തീരുമാനിച്ചു. മൂന്നാറില്‍ ഭൂസമരത്തിനാണ് ഇനി പ്രാധാന്യം കൊടുക്കുന്നതെന്നും എന്നാല്‍ മണിയുടെ രാജിയാവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഗോമതി പറഞ്ഞു. 9 ന് നടക്കുന്ന സമരത്തില്‍, സംസ്ഥാനത്ത് ഭൂമി ആവശ്യപ്പെട്ട് സമരം നടത്തുന്ന സംഘടനകളുടെയും തോട്ടം തൊഴിലാളികളുടെയും പിന്തുണ ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് പൊമ്പിളൈ ഒരുമൈയുടെ പ്രതീക്ഷ.

മൂന്നാറില്‍ ഭൂസമരം ആരംഭിക്കുമെന്ന് സമരത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. ഇതിനാവശ്യമായ നോട്ടീസ് അച്ചടിച്ച് വിതരണം ചെയ്യുന്നതിനിടെയാണ് എംഎം മണി, പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ച് പ്രസംഗിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഇതോടെ എംഎം മണി മൂന്നാറിലെത്തി മാപ്പു പറയണമെന്നും രാജിവയ്ക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് പൊമ്പിളൈ ഒരുമൈ സമരമാരംഭിച്ചു. എന്നാല്‍ ഭൂമിയും 600 രൂപ മിനിമം കൂലിയും ആവശ്യപ്പെട്ട് ഇവര്‍ സമരപ്പന്തലില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. പക്ഷെ, എംഎം മണിയുടെ രാജി എന്ന ആവശ്യം മാത്രമാണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

രാജിയും ഭൂമി ആവശ്യവും ഉന്നയിച്ച് സമരം തുടര്‍ന്ന പൊമ്പിളൈ ഒരുമൈ സമരത്തിന് ആംആദ്മി പാര്‍ട്ടിയുടെ മാത്രം പ്രത്യക്ഷ പിന്തുണയാണ് ഉണ്ടായിരുന്നത്. പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന്റെ ആരംഭഘട്ടത്തില്‍ പിന്തുണയുമായി മൂന്നാറിലെത്തിയിരുന്നു. ബിജെപിയും ആദ്യഘട്ടത്തില്‍ സമരത്തെ പിന്തുണച്ചു. ഭൂമി ആവശ്യത്തെ പിന്തുണക്കാതിരുന്ന ഇവര്‍ എംഎം മണിയുടെ രാജിയാവശ്യത്തെ മാത്രം പിന്തുണച്ച് മടങ്ങി. എന്നാല്‍ എംഎം മണിയുടെ പ്രസംഗത്തില്‍ പൊമ്പിളൈ ഒരുമൈയെ അധിക്ഷേപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ മണിയുടെ രാജിയാവശ്യത്തിന് പ്രസക്തിയില്ലാതായി. ഇതോടെ മാധ്യമങ്ങള്‍ സമരത്തെ കൈയൊഴിഞ്ഞു. കോണ്‍ഗ്രസും ബിജെപിയും പിന്നീട് സമരപ്പന്തലിലേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല.