പൊമ്പിളൈ ഒരുമൈ വീണ്ടും നിരാഹാരത്തിന്; ജിഗ്നേഷ് മേവാനി മൂന്നാറിലെത്തും, ജനപിന്തുണയോടെ ഭൂസമരം തുടങ്ങാന്‍ പദ്ധതി

ചെങ്ങറ സമരവേദിയില്‍വച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെയും ജിഗ്നേഷ് മേവാനിയെയും മുമ്പ് കണ്ടിരുന്നുവെന്നും, അന്ന് അവരുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്നാറില്‍ ഭൂമി ആവശ്യം ഉന്നയിച്ച് സമരം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നതാണ് എന്നും ഗോമതി പറയുന്നു. ഇതിനിടെയാണ് എംഎം മണിയുടെ പ്രസ്താവന വരുന്നതും രാജി ആവശ്യപ്പെട്ട് സമരമാരംഭിക്കുന്നതും.

പൊമ്പിളൈ ഒരുമൈ വീണ്ടും നിരാഹാരത്തിന്; ജിഗ്നേഷ് മേവാനി മൂന്നാറിലെത്തും, ജനപിന്തുണയോടെ ഭൂസമരം തുടങ്ങാന്‍ പദ്ധതി

മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് വീണ്ടും ചൂടുപിടിക്കുന്നു. റിലേ നിരാഹാരസമരം ആരംഭിക്കാനാണ് പൊമ്പിളൈ ഒരുമൈയുടെ തീരുമാനം. സംസ്ഥാനത്തുടനീളമുള്ള ദളിത്-ഭൂസമര പ്രക്ഷോഭകര്‍ വരുംദിവസങ്ങളില്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഡ്യമര്‍പ്പിക്കും. ഇവര്‍ റിലേ നിരാഹാരത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഗുജറാത്തിലെ ഉന പ്രക്ഷോഭനായകന്‍ ജിഗ്നേഷ് മേവാനിയും ഐക്യദാര്‍ഡ്യവുമായി ഈ മാസം സമരപ്പന്തലിലെത്തും. തോട്ടംതൊഴിലാളികള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമിയെന്ന മുദ്രാവാക്യത്തോടെ, ഭൂസമരമാണ് ഇനി മൂന്നാറില്‍ നടത്താനുദ്ദേശിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രക്ഷോഭകരുടെയും പൊതുപ്രവര്‍ത്തകരുടെയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നും പൊമ്പിളൈ ഒരുമൈ അവകാശപ്പെടുന്നു. നിലവില്‍ തോട്ടംതൊഴിലാളികളുടെ പ്രത്യക്ഷ പിന്തുണയില്ലാത്ത സമരത്തിന് ആംആദ്മി പാര്‍ട്ടി മാത്രമാണ് മുഴുവന്‍ സമയ പിന്തുണ നല്‍കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളൊന്നും ടാറ്റയുടെ പക്കലില്ല, സ്‌പെഷല്‍ ഓഫീസര്‍ രാജമാണിക്യം കഴിഞ്ഞവര്‍ഷം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ടാറ്റയുടെ കൈവശമുള്ള ഭൂമി അളന്നുതിരിച്ച് തോട്ടംതൊഴിലാളികള്‍ക്ക് വിതരണം ചെയ്യണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചു.

തങ്ങളുടെ സമരം അവസാനിപ്പിക്കാന്‍ മന്ത്രി എംഎം മണി മാപ്പു പറയേണ്ടതില്ലെന്ന് പൊമ്പിളൈ ഒരുമൈ നേരത്തെ വ്യക്തമാക്കിയിരുന്നു. പക്ഷെ അദ്ദേഹം രാജിവയ്ക്കണമെന്ന ആവശ്യം നിലനില്‍ക്കും. രാജിയാവശ്യത്തേക്കാള്‍ ഭൂസമരത്തിനാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് സമരനേതാവ് ഗോമതി പറഞ്ഞു. മുമ്പ് ചെങ്ങറ സമരവേദിയില്‍വച്ച് ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനെയും ജിഗ്നേഷ് മേവാനിയെയും കണ്ടിരുന്നു. അന്ന് അവരുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്നാറില്‍ ഭൂമി ആവശ്യം ഉന്നയിച്ച് സമരം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നതാണ്. കഴിഞ്ഞമാസം 22 ന് ഇതുസംബന്ധിച്ച് സമരപ്രഖ്യാപന കണ്‍വെന്‍ഷനും വിളിച്ചിരുന്നു. നോട്ടീസുകള്‍ തയ്യാറാക്കി വിതരണം ചെയ്തിരുന്നു. ഭൂമി ആവശ്യപ്പെട്ട് സമരം തുടങ്ങുമെന്ന കാര്യം വാര്‍ത്താസമ്മേളനം നടത്തിയും അറിയിച്ചിരുന്നു. എന്നാല്‍ അതിനിടെയാണ് എംഎം മണിയുടെ പ്രസംഗം ശ്രദ്ധയില്‍പ്പെടുന്നത്. പൊമ്പിളൈ ഒരുമൈയെ അവഹേളിച്ചുവെന്ന മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് സമരമാരംഭിച്ചത് - ഗോമതി പറഞ്ഞു.

എന്നാല്‍ പൊമ്പിളൈ ഒരുമൈ ആത്യന്തികമായി ഭൂമി ആവശ്യമാണ് ഉന്നയിക്കുന്നത്. സമരത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന പ്രചാരണം സമരം പൊളിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണന്നും ഗോമതി വ്യക്തമാക്കി. മാധ്യമങ്ങളുടെ പിന്തുണകൂടി തങ്ങളുടെ സമരത്തിന് വേണമെന്നും പാവപ്പെട്ട തോട്ടംതൊഴിലാളികളുടെ നല്ല ജീവിതത്തിന് വേണ്ടിയാണ് സമരം തുടരുന്നതെന്നും അവര്‍ പറഞ്ഞു.

Read More >>