മൂന്നാർ സമരത്തിൽ ആം ആദ്‌മി - പെമ്പിളൈ ഒരുമൈ ഭിന്നത; ആം ആദ്‌മി നിരാഹാരം കിടക്കേണ്ടതില്ലെന്നു ഗോമതി; ബിജെപി ഇടപെടലെന്നു സൂചന

ആം ആദ്‌മി പാർട്ടിക്കായി നിരാഹാരം കിടന്നിരുന്ന സി ആർ നീലകണ്ഠനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും മറ്റൊരു നേതാവ് നിരാഹാരസമരത്തിനെത്തുകയും ചെയ്തതിനു പിന്നാലെയാണ് ഗോമതി പരസ്യമായ അഭിപ്രായപ്രകടനവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. എല്ലാവരുടെയും പിന്തുണ സമരത്തിന് വേണമെന്നും എന്നാൽ ആം ആദ്‌മി നിരാഹാരം കിടക്കുന്നതിലൂടെ സമരം അവരുടേതാണെന്ന പ്രചാരണം ഉണ്ടാവുകയാണെന്നും ഗോമതി അഭിപ്രായപ്പെട്ടു.

മൂന്നാർ സമരത്തിൽ ആം ആദ്‌മി - പെമ്പിളൈ ഒരുമൈ ഭിന്നത; ആം ആദ്‌മി നിരാഹാരം കിടക്കേണ്ടതില്ലെന്നു ഗോമതി; ബിജെപി ഇടപെടലെന്നു സൂചന

മൂന്നാറിൽ എം എം മാണിയുടെ പ്രസ്താവനയ്‌ക്കെതിരെ നടക്കുന്ന സമരത്തിൽ ഭിന്നത. ആം ആദ്‌മി പാർട്ടിക്കും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിക്കും ഇടയിലാണ് ഭിന്നത രൂപപ്പെട്ടത്. ആം ആദ്‌മി പാർട്ടി നിരാഹാരസമരത്തിൽ പങ്കെടുക്കുന്നതിനെതിരെയാണ് ഗോമതി പരസ്യ അഭിപ്രായപ്രകടനം നടത്തിയത്. ആം ആദ്‌മി പാർട്ടിയുടെ സമരമായി മൂന്നാർ സമരം വ്യാഖ്യാനിക്കപ്പെടുന്നു എന്ന് ഗോമതി മാധ്യമങ്ങളോട് പറഞ്ഞു.

ആം ആദ്‌മി പാർട്ടി സമരത്തിൽ പങ്കെടുക്കുന്നതിൽ ആദ്യം മുതലേ എതിർപ്പായിരുന്നുവെന്നും ആരും നിരാഹാരം കിടക്കേണ്ടതില്ലെന്നും ഗോമതി അഭിപ്രായപ്പെട്ടു. ആം ആദ്‌മി പാർട്ടിക്കായി നിരാഹാരം കിടന്നിരുന്ന സി ആർ നീലകണ്ഠനെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയും മറ്റൊരു നേതാവ് നിരാഹാരസമരത്തിനെത്തുകയും ചെയ്തതിനു പിന്നാലെയാണ് ഗോമതി പരസ്യമായ അഭിപ്രായപ്രകടനവുമായി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. എല്ലാവരുടെയും പിന്തുണ സമരത്തിന് വേണമെന്നും എന്നാൽ ആം ആദ്‌മി നിരാഹാരം കിടക്കുന്നതിലൂടെ സമരം അവരുടേതാണെന്ന പ്രചാരണം ഉണ്ടാവുകയാണെന്നും ഗോമതി അഭിപ്രായപ്പെട്ടു.

എന്നാൽ ഗോമതിയുടെ അഭിപ്രായപ്രകടനത്തിനു പിന്നിൽ ബിജെപി ഇടപെടലാണെന്ന സൂചനകളും പുറത്ത് വരുന്നുണ്ട്. ബിജെപിയുടെ കേരള - തമിഴ്‌നാട് നേതൃത്വങ്ങൾ പെമ്പിളൈ ഒരുമൈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും സഹായങ്ങൾ വാഗ്ദാനം ചെയ്തും പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് പെമ്പിളൈ ഒരുമൈ നേതാവ് ആം ആദ്‌മി ഇടപെടലിനെ തള്ളിപ്പറഞ്ഞുകൊണ്ടു രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമാണ്.