'രാജി, രാഷ്ട്രീയ ആവശ്യം മാത്രമാണ്, ജീവിതാവശ്യം ഭൂമി'; പെമ്പിളൈ ഒരുമൈ സമരത്തിന് പ്രത്യക്ഷ പിന്തുണയുമായി ആംആദ്മി മാത്രം; കൈവിട്ട് കോൺഗ്രസ്

മൂന്നാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്‍പ്പെടെ കയ്യേറ്റഭൂമിയുള്ളതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ടാറ്റ, കയ്യേറ്റഭൂമിയിലെ റിസോര്‍ട്ടുകള്‍ നേതാക്കള്‍ക്ക് നല്‍കിയിരുന്നതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. ഭൂമി വിഷയം ചര്‍ച്ചയായാല്‍ അത് തങ്ങളെ ബാധിച്ചേക്കുമോയെന്ന ആശങ്കയാണ് സമരത്തിനെതിരേ മൂന്നാറിലെ നേതാക്കള്‍ നിലപാട് സ്വീകരിക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. അതിനാല്‍ത്തന്നെ എംഎം മണിയുടെ രാജിയാവശ്യം മാത്രം അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.

രാജി, രാഷ്ട്രീയ ആവശ്യം മാത്രമാണ്, ജീവിതാവശ്യം ഭൂമി; പെമ്പിളൈ ഒരുമൈ സമരത്തിന് പ്രത്യക്ഷ പിന്തുണയുമായി ആംആദ്മി മാത്രം; കൈവിട്ട് കോൺഗ്രസ്

നിരാഹാര സമരമവസാനിപ്പിച്ച് സത്യഗ്രഹസമരത്തിലേക്ക് കടന്നതോടെ പെമ്പിളൈ ഒരുമൈക്ക് പ്രത്യക്ഷ പിന്തുണയുമായി രംഗത്തുള്ളത് ആംആദ്മിയും ചില മനുഷ്യാവകാശ പ്രവര്‍ത്തകരും മാത്രം. പെമ്പിളൈ ഒരുമൈയെ ആക്ഷേപിക്കുകയല്ല എംഎം മണി ചെയ്തതെന്ന് വ്യക്തമായതിനു പിന്നാലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പെമ്പിളൈ ഒരുമൈയുടെ സമരത്തെ തള്ളിപ്പറഞ്ഞു. സ്ത്രീപക്ഷ സമരമെന്നു പറഞ്ഞ് പിന്തുണ നല്‍കാനെത്തിയ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയും ലതികാ സുഭാഷും മഹിളാ മോര്‍ച്ച നേതാവ് ശോഭാസുരേന്ദ്രനുമുള്‍പ്പെടെയുള്ളവര്‍ സത്യഗ്രഹസമരപ്പന്തലിലെത്തിയില്ല. എന്നാൽ ഐഎൻടിയുസി സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

മൂന്നാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്‍പ്പെടെ കയ്യേറ്റഭൂമിയുള്ളതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ടാറ്റ, കയ്യേറ്റഭൂമിയിലെ റിസോര്‍ട്ടുകള്‍ നേതാക്കള്‍ക്ക് നല്‍കിയിരുന്നതായും ആരോപണം നിലനില്‍ക്കുന്നുണ്ട്. ഭൂമി വിഷയം ചര്‍ച്ചയായാല്‍ അത് തങ്ങളെ ബാധിച്ചേക്കുമോയെന്ന ആശങ്കയാണ് സമരത്തിനെതിരേ മൂന്നാറിലെ നേതാക്കള്‍ നിലപാട് സ്വീകരിക്കുന്നതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. അതിനാല്‍ത്തന്നെ എംഎം മണിയുടെ രാജിയാവശ്യം മാത്രം അന്തരീക്ഷത്തില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. എം എം മാണിയുടെ രാജിയാവശ്യമുന്നയിച്ച് കോൺഗ്രസ് പെമ്പിളൈ ഒരുമൈ സമരപ്പന്തലിന് സമീപം സമരമാരംഭിക്കും. കഴിഞ്ഞദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മൂന്നാറിലെത്തി പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മാത്രമാണ് പ്രാദേശിക നേതൃത്വം സമരപ്പന്തലിലെത്തിയിരുന്നുള്ളൂവെന്നതും ശ്രദ്ധേയമാണ്. അതേസമയം എംഎം മണിയുടെ രാജിക്കൊപ്പം തോട്ടംതൊഴിലാളികള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമി എന്ന ആവശ്യവും അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് പെമ്പിളൈ ഒരുമൈയുടെ നിലപാട്.

'തോട്ടംതൊഴിലാളികള്‍ക്ക് ഭൂമി എന്നത് ജീവിത ആവശ്യമാണ്. അതിനാണ് പ്രാധാന്യം കൊടുക്കുന്നത്. കഴിഞ്ഞ 23ന് തൊഴിലാളികള്‍ക്ക് ഒരേക്കര്‍ കൃഷിഭൂമി എന്ന ആവശ്യമുന്നയിച്ച് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്താന്‍ നേരത്തെ പെമ്പിളൈ ഒരുമൈ തീരുമാനിച്ചിരുന്നു. അതനുസരിച്ച് നോട്ടീസും തയ്യാറാക്കി മാധ്യമങ്ങളെ അറിയിച്ചു. അതിനിടെയാണ് എംഎം മണിയുടെ പ്രസംഗം പുറത്തുവരുന്നത്. മാധ്യമറിപ്പോര്‍ട്ടുകളില്‍ നിന്നും അദ്ദേഹം പൊമ്പിളൈ ഒരുമൈയെ അപമാനിച്ചുവെന്നാണ് അറിഞ്ഞത്. ഇതോടെ അദ്ദേഹം മാപ്പ് പറയണമെന്നും രാജിവെക്കണമെന്നുമുള്ള ആവശ്യം കൂടി സമരത്തിന്റെ ഭാഗമാക്കി. ഇപ്പോള്‍ കേരളത്തിലെ സ്ത്രീകളെയൊന്നാകെ ആക്ഷേപിക്കുംവിധമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ അദ്ദേഹം ഇവിടേക്ക് വന്ന് മാപ്പ് പറയേണ്ടതില്ല, പക്ഷെ രാജിവയ്ക്കണം. ആ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല, സമരം തുടരും' - ഗോമതി പറയുന്നു.


ഒരു കാലത്ത് തോട്ടംതൊഴിലാളികളുടെ സമരവീര്യത്തിന്റെ പ്രതീകമായി അധികാരകേന്ദ്രങ്ങളിലേക്ക് സധൈര്യം നടന്നുകയറിയ ഗോമതിയും ഒപ്പമുള്ള തൊഴിലാളി സ്ത്രീകളും ഇന്ന് മൂന്നാറിലെ തോട്ടംതൊഴിലാളികളുടെ പ്രത്യക്ഷ പിന്തുണയില്ലാതെ സത്യഗ്രഹസമരം തുടരുന്നതെന്നതും ശ്രദ്ധേയമാണ്. തോട്ടംതൊഴിലാളികള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ഇവര്‍ പറയുമ്പോഴും ആരുംതന്നെ സമരവേദിയില്‍ ഇവര്‍ക്കൊപ്പമിരിക്കാന്‍ തയ്യാറാകുന്നില്ല. ജോലിയില്ലാത്ത ഞായറാഴ്ച തൊഴിലാളികള്‍ കൂട്ടത്തോടെ മൂന്നാര്‍ ടൗണിലെത്തുന്ന പതിവുണ്ട്. പക്ഷെ അവരാരും ഗോമതിക്കും സംഘത്തിനും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് അല്‍പ്പനേരത്തേക്ക് പോലും അണിനിരക്കാത്തത് ജനപിന്തുണയില്ലായ്മയുടെ തെളിവായാണ് ട്രേഡ് യൂണിയനുകള്‍ വിലയിരുത്തുന്നത്. എന്നാല്‍ സമരത്തെ ആര് പിന്തുണച്ചാലും സ്വീകരിക്കാനാണ് പെമ്പിളൈ ഒരുമൈയുടെ തീരുമാനം. കൂടുതല്‍ പിന്തുണയില്ലാതെ സമരം തുടരുന്നതിന് നിരവധി ബുദ്ധിമുട്ടുകളുണ്ടെന്നും അവര്‍ പറയുന്നു. വരുംദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സമരത്തില്‍ അണിനിരക്കാന്‍ ആളുകളെത്തുമെന്ന പ്രതീക്ഷയിലാണ് പെമ്പിളൈ ഒരുമൈ.