എം എം മണി മാപ്പുപറയേണ്ട; മൂന്നാറിൽ ഭൂമസരം ശക്തമാക്കുമെന്ന് പൊമ്പിളൈ ഒരുമൈ

ജിഗ്നേഷ് മേവാനിയെ മൂന്നാറിലെത്തിക്കാൻ ശ്രമം, കേരളത്തിലെ പൊതുപ്രവർത്തകരുടെയും സംഘടനകളുടെയും പിന്തുണയാർജിക്കാനുള്ള നീക്കം സജീവം.

എം എം മണി മാപ്പുപറയേണ്ട; മൂന്നാറിൽ ഭൂമസരം ശക്തമാക്കുമെന്ന് പൊമ്പിളൈ ഒരുമൈ

മൂന്നാറിൽ ചെങ്ങറ മോഡലിൽ ഭൂസമരമാരംഭിക്കാൻ പൊമ്പിളൈ ഒരുമൈയുടെ നീക്കം. മിച്ചഭൂമി അളന്നു തിട്ടപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ടാകും സമരം ശക്തമാക്കുക. തോട്ടംതൊഴിലാളികൾക്ക് ഒരേക്കർ കൃഷിഭൂമി എന്ന ആവശ്യവുമായി ഇപ്പോൾ നടത്തുന്ന സമരം വിപുലീകരിക്കാനാണ് ഗോമതിയും കൂട്ടരും ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിലെ പൊതുപ്രവർത്തകരുമായും ഭൂസമരം നടത്തുന്ന സംഘടനകളുമായും ചർച്ചകൾ സജീവമാണ്. ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ, പൊമ്പിളൈ ഒരുമൈയുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടത്തിക്കഴിഞ്ഞു. സമരത്തിന് ഐക്യദാർഢ്യവുമായി ജിഗ്നേഷ് മേവാനിയെ മൂന്നാറിലെത്തിക്കാനുള്ള ശ്രമങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്.

എം എം മണി സമരപ്പന്തലിലെത്തി മാപ്പു പറയണമെന്ന ആവശ്യം പൊമ്പിളൈ ഒരുമൈ ഉപേക്ഷിച്ചു. മണിയുടെ രാജി എന്ന ആവശ്യമേ ഇപ്പോഴുള്ളൂ. പക്ഷെ അദ്ദേഹം രാജിവച്ചാലും സമരം അവസാനിപ്പിക്കില്ലെന്നും ഭൂമിപ്രശ്നത്തിൽ പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നും ഗോമതി പറഞ്ഞു.

തോട്ടംതൊഴിലാളികളുടെ പ്രത്യക്ഷ പിന്തുണ നേടാൻ ഇപ്പോഴും പൊമ്പിളൈ ഒരുമൈ സമരത്തിന് സാധിച്ചിട്ടില്ല. അതിനാൽത്തന്നെ സമരം മുന്നോട്ടുകൊണ്ടുപോകണമെങ്കിൽ കേരളത്തിലെ പൊതുപ്രവർത്തകരുടെയും മറ്റ് സംഘടനകളുടെയും പിന്തുണ ഇവർക്ക് കൂടിയേ തീരൂ. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ആം ആദ്മി പാർട്ടി മാത്രമാണ് ഇപ്പോൾ പൊമ്പിളൈ ഒരുമൈയ്ക്ക് പ്രത്യക്ഷ പിന്തുണ നൽകുന്നത്. നിരാഹാരം അവസാനിപ്പിച്ച് സത്യഗ്രഹത്തിലേക്ക് കടന്നതോടെ ചാനലുകളിൽ വാർത്താ പ്രാധാന്യവും കുറഞ്ഞു. സമരാവശ്യങ്ങൾ നേടിയെടുക്കാൻ മാധ്യമശ്രദ്ധ വേണമെന്നത് കൂടി കണക്കിലെടുത്താണ് ജിഗ്നേഷ് മേവാനി ഉൾപ്പെടെയുള്ളവരെ സമരപ്പന്തലിലെത്തിക്കാൻ ശ്രമം തുടരുന്നത്. വരുംദിവസങ്ങളിൽ അദ്ദേഹം മൂന്നാറിലെത്തുമെന്ന് ഗോമതി പറയുന്നു.

ടാറ്റയുടെ കയ്യിൽ കണക്കിൽപ്പെടാത്ത ഒരുപാട് സർക്കാർ ഭൂമിയുണ്ട്. ഇത് അളന്നുതിരിച്ച് തോട്ടംതൊഴിലാളികൾക്ക് കൈമാറണം. അല്ലാത്തപക്ഷം ചെങ്ങറസമരം പോലെ ശക്തമായ നടപടികളിലേക്ക് നീങ്ങാനാണ് പൊമ്പിളൈ ഒരുമൈ തീരുമാനിച്ചിരിക്കുന്നത്. ഗീതാനന്ദനടക്കമുള്ള നേതാക്കൾ ഇക്കാര്യത്തിൽ പിന്തുണയറിയിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധയിടങ്ങളിൽ നിന്ന് ആളുകൾ പിന്തുണയുമായി സമരപ്പന്തലിലെത്തിയാൽ സമരം വീണ്ടും സജീവമാകും.

ഈ മാസം സർക്കാർ നടത്തുന്ന പട്ടയമേളയിൽ ഇടുക്കി ജില്ലയിൽ ഒരുലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ മൂന്നാറിലെ അർഹരായ തോട്ടം തൊഴിലാളികളാരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പൊമ്പിളൈ ഒരുമൈയുടെ വാദം

Read More >>