പലവട്ടം കാലാവധി കഴിഞ്ഞ ചെയര്‍മാന്‍; മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കെ സജീവന്‍ കെട്ടിക്കിടക്കുന്നു; വ്യാപക എതിർപ്പ്

താരതമ്യേന ജൂനിയറായ കെ സജീവനെ ചെയര്‍മാനാക്കിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ്. പിന്നീട് വന്ന യുഡിഎഫ് സർക്കാർ മൂന്നു തവണ കാലാവധി നീട്ടി നൽകി. ഒരു ടേമില്‍ കൂടുതല്‍ കേന്ദ്ര- സംസ്ഥാന മലിനീകരണ ബോര്‍ഡുകളില്‍ ചെയര്‍മാനെ നിയമിക്കരുതെന്ന ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാരും കെ സജീവനെ മാറ്റാന്‍ തയ്യാറാകുന്നില്ല. ഏഴു വര്‍ഷമായി ചെയര്‍മാന്‍ സ്ഥാനത്ത് കെ സജീവന്‍ തുടരുന്നതിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ എതിര്‍പ്പ് രൂക്ഷമാണ്.

പലവട്ടം കാലാവധി കഴിഞ്ഞ ചെയര്‍മാന്‍; മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ കെ സജീവന്‍ കെട്ടിക്കിടക്കുന്നു; വ്യാപക എതിർപ്പ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് ഏഴ് വര്‍ഷമായി തുടരുന്ന കെ സജീവനെ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ 2010 ഡിസംബര്‍ ഏഴിനാണ് കെ സജീവന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റത്. മൂന്ന് വര്‍ഷത്തേയ്ക്കായിരുന്നു നിയമനമെങ്കിലും പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ മൂന്ന് തവണ കെ സജീവന് കാലയളവ് നീട്ടിനല്‍കുകയായിരുന്നു.

ഒരു ടേമില്‍ കൂടുതല്‍ കേന്ദ്ര- സംസ്ഥാന മലിനീകരണ ബോര്‍ഡുകളില്‍ ചെയര്‍മാനെ നിയമിക്കരുതെന്ന ഗ്രീന്‍ ട്രൈബ്യൂണല്‍ ഉത്തരവ് ഇറങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും എല്‍ഡിഎഫ് സര്‍ക്കാരും കെ സജീവനെ മാറ്റാന്‍ തയ്യാറാകുന്നില്ല. മൂന്ന് സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ ഏഴു വര്‍ഷമായി ചെയര്‍മാന്‍ സ്ഥാനത്ത് കെ സജീവന്‍ തുടരുന്നതിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ എതിര്‍പ്പ് രൂക്ഷമാണ്.

നിലവില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് രാഷ്ട്രീയ നിയമനമാണ് നടക്കുന്നത്. 2016 ആഗസ്റ്റ് 24ലെ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധി പ്രകാരം പരിസ്ഥിതി വിഷയങ്ങളില്‍ വിദഗ്ധരായ ആളുകളെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നിയമിക്കണമെന്നാണ് നിര്‍ദ്ദേശം. ഒരു ടേമില്‍ കൂടുതല്‍ ആരെയും ചെയര്‍മാന്‍ സ്ഥാനത്ത് നിയമിക്കരുതെന്നും സര്‍ക്കാര്‍ മാറിയാലും മൂന്ന് വര്‍ഷം തികയാതെ ചെയര്‍മാനെ മാറ്റരുതെന്നും വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.


എന്നാല്‍ 2010ല്‍ ചെയര്‍മാന്‍ സ്ഥാനത്തെത്തിയ കെ സജീവന് കാലാവധി അവസാനിക്കുന്ന 2013 നവംബറില്‍ ഒരു വര്‍ഷം കൂടി സര്‍ക്കാര്‍ നീട്ടിനല്‍കുകയായിരുന്നു. പിന്നീട് 2014 നവംബറില്‍ ഒരു വര്‍ഷവും 2015 നവംബറില്‍ രണ്ട് വര്‍ഷവും കാലാവധി നീട്ടിനല്‍കുകയായിരുന്നു. ഇതിനിടയില്‍ മൂന്ന് ഡസൻ ജീവനക്കാര്‍ വിരമിച്ചിരുന്നു. ഇക്കാലയളവില്‍ ആര്യാടന്‍ മൂഹമ്മദായിരുന്നു പരിസ്ഥിതി വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.

മലിനീകരണ നിയന്ത്രണബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ കെ സജീവന്‍ പരാജയമാണെന്നുള്ളതിന് ഇത് ഉദാഹരണമാണെന്നും അഴിമതിക്കാരനായ ഉദ്യോഗസ്ഥനായതിനാലാണ് കാലാവധി നീട്ടിനല്‍കുന്നതെന്നും പരസ്ഥിതി പ്രവര്‍ത്തകനും ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനറുമായ സി ആര്‍ നീലകണ്ഠനും പരിസ്ഥിതി പ്രവര്‍ത്തകനായ പുരുഷന്‍ ഏലൂരും ആരോപിച്ചു. ബോര്‍ഡിന്റെ വലിയ ഉത്തരവാദിത്ത്വങ്ങളിലൊന്നായ ജലമലിനീകരണം തടയാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്നും ഇരുവരും പറഞ്ഞു.

പെരിയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര മലീനകരണ നിയന്ത്രണ ബോര്‍ഡ് ഹരിത ട്രൈബ്യൂണലില്‍ കൊടുത്ത റിപ്പോര്‍ട്ടും സംസ്ഥാന മലിനീകരണ ബോര്‍ഡിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. പെരുമ്പാവൂര്‍, കാലടി, ഏലൂര്‍, എടയാര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 71 വ്യവസായ ശാലകളില്‍ ഒന്നില്‍ പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എഫ്എസിടി, സിഎംആര്‍എല്‍, എച്ച്എംടി തുടങ്ങിയ വന്‍ കമ്പനികളിലും മലിന്യസംസ്‌കരണ പ്ലാന്റുകൾ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതിനിടെ കെ സജീവനെതിരെ ഗുരുതര ആരോപണങ്ങളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. മാറിവന്ന സര്‍ക്കാരുകളില്‍ സ്വാധീനം ചെലുത്തിയാണ് കാലാവധി നീട്ടിവാങ്ങിയതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. ചെയര്‍മാനു കീഴില്‍ മലിനീകരണ ഭീമന്മാര്‍ക്കും അഴിമതിക്കാരായ ജീവനക്കാര്‍ക്കും സുവര്‍ണ്ണകാലമാണെന്നും സംഘടന ആരോപിക്കുന്നു.


ഇഷ്ടമുള്ള ജീവനക്കാരെ അഴിമതി പരാതികളില്‍ നിന്ന് ചെയര്‍മാന്‍ രക്ഷപ്പെടുത്തെന്നെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ നിസാര കാര്യങ്ങള്‍ക്ക് ഉപദ്രവിക്കുന്നെന്നും ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. മലിനീകരണം നടത്തുന്ന കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നവരെ കഠിനമായി ചെയര്‍മാന്‍ പീഡിപ്പിക്കുകയാണ്. കേരളത്തിലെ മലിനീകരണ നിയന്ത്രണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഏറ്റവും വലിയ തടസ്സവും ഭീഷണിയും ദുരന്തവും ബോര്‍ഡ് ചെയര്‍മാന്‍ തന്നെയാണെന്നു ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രി, അഡീഷണല്‍ ചീഫ് സെക്രട്ടറി, പരസ്ഥിതി വകുപ്പ് സെക്രട്ടറി എന്നിവര്‍ക്ക് അസോസിയേഷന്‍ കത്ത് നല്‍കി.

എന്നാല്‍ ഉദ്യോഗസ്ഥരുടെ ആരോപണത്തെക്കുറിച്ചറിയില്ലെന്നായിരുന്നു കെ സജീവന്റെ പ്രതികരണം. കാലാവധി സംബന്ധിച്ച ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിയെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.