ഈഴവന്‍ ചക്ലിയ പെണ്ണിനെ കല്യാണം കഴിച്ചതിനോട് വൈരാഗ്യം; ചക്ലിയരുമായി മിശ്രഭോജനത്തിന് തയ്യാറാകാതെ സകല പാര്‍ട്ടികളും

പ്രാദേശിക നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന് വി.ടി ബല്‍റാം എംഎല്‍മാത്രമാണ് മിശ്രഭോജനത്തില്‍ പങ്കെടുത്തത്. സിപിഎം, ബിജെപി, കോണ്‍ഗ്രസ് എന്നിവ ചക്ലിയര്‍ക്കെതിരെ ഒന്നിച്ച്. നിലവില്‍ മുതലമടയിലെ അക്രമങ്ങള്‍ക്കു കാരണം ഈഴവന്‍ ചക്ലിയ യുവതിയെ വിവാഹം കഴിച്ചത് - നാരദ മുതലമടയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു

ഈഴവന്‍ ചക്ലിയ പെണ്ണിനെ കല്യാണം കഴിച്ചതിനോട് വൈരാഗ്യം; ചക്ലിയരുമായി മിശ്രഭോജനത്തിന് തയ്യാറാകാതെ സകല പാര്‍ട്ടികളും

മുതലമട അംബേദ്കര്‍ കോളനിയില്‍ ചക്ലിയര്‍ക്ക് എതിരെ ജാതി വിവേചനം നടപ്പിലാക്കുന്ന കൗണ്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മറ്റ് സമുദായങ്ങള്‍ക്ക് സിപിഎമ്മും ബി ജെ പി യും ഉള്‍പ്പടെ രാഷ്ട്രീയ പാര്‍ട്ടികളുടേയും സര്‍ക്കാറിന്റേയും പരോക്ഷ പിന്തുണ. മുതലമട പഞ്ചായത്ത് ഭരിക്കുന്ന സി പി എം കൗണ്ടര്‍മാര്‍ക്കൊപ്പമായതിനാല്‍ ഇതെ നയമാണ് ജില്ലാ ഭരണകൂടവും സര്‍ക്കാറും പിന്തുടരുന്നതെന്ന് കോളനിയിലെത്തിലെത്തിയാല്‍ തന്നെ മനസ്സിലാവും. അയിത്തത്തിനെതിരെ ഇന്നലെ കോളനിയിലെ ചക്ലിയ സമുദായത്തിന്റെ ക്ഷേത്രത്തില്‍ മിശ്രഭോജനം നടത്തിയപ്പോഴും ചക്ലിയ സമുദായക്കാര്‍ മാത്രമാണ് എത്തിയത്. കൗണ്ടര്‍മാര്‍ ഉള്‍പ്പടെ മറ്റു സമുദായക്കാര്‍ തിരിഞ്ഞു നോക്കിയില്ല.

സി പി എം ബി ജെ പി തുടങ്ങിയ രാഷ്ട്രീയ കക്ഷി പ്രതിനിധികളോ സര്‍ക്കാര്‍, പഞ്ചായത്ത് പ്രതിനിധികളോ, എം എല്‍ എ യോ ജില്ലാ കലക്ടറോ എത്തിയില്ല. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് പാലക്കാട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നടക്കുന്ന മിശ്രഭോജനത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ പടിഞ്ഞാറെ അതിര്‍ത്തിയിലെ എം എല്‍ എ വി ടി ബല്‍റാം മാത്രമാണ് എത്തിയത്.

പ്രാദേശിക കോണ്‍ഗ്രസിന്റെ നേത്യത്വത്തിന്റേയും മറ്റും എതിര്‍പ്പ് അവഗണിച്ചാണ് ബല്‍റാം എത്തിയത്. കോളനിയിലെ മുതിര്‍ന്ന സമുദായംഗമായ ആറാത്തയ്ക്കും യുവാവായ ശിവരാജനും വിളമ്പി കൊടുത്ത് ബല്‍റാം മിശ്രഭോജനം ഉല്‍ഘാടനം ചെയ്തു. ചക്ലിയര്‍ സമുദായംഗങ്ങള്‍ നിര്‍മ്മിച്ച ക്ഷേത്രാങ്കണത്തില്‍ നിലത്തിരുന്ന് ചക്ലിയ സമുദായങ്ങള്‍ക്കൊപ്പം ബല്‍റാം അവരുണ്ടാക്കിയ തക്കാളിച്ചോറ് കഴിച്ചു. അടുത്ത് ഇരുന്നവര്‍ക്കെല്ലാം വിളമ്പി കൊടുക്കുകയും ചെയ്തു.

ഉയര്‍ന്ന ജാതിക്കാരുടെ വീട്ടു വളപ്പിലേക്ക് ചെരിപ്പിട്ട് കയറരുത്, മുറ്റത്തിനപ്പുറം കടക്കരുത്, വെള്ളം എടുക്കുമ്പോള്‍ പൊതു ടാപ്പിന് അടുത്ത് വരരുത്, മുടി വെട്ടാന്‍ പ്രത്യേക ബാര്‍ബര്‍ ഷോപ്പ് ,ചായ കുടിക്കാന്‍ പ്രത്യേക ചായക്കട തുടങ്ങിയ അയിത്ത പ്രശ്നങ്ങളാണ് മുതലമട അംബേദ്കര്‍ കോളനിയില്‍ നില്‍ക്കുന്നത്.

ഈ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം നാരദ ന്യൂസും തുടര്‍ന്ന് മറ്റു ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ഇത് നിഷേധിച്ച് കൊണ്ട് സി പി എം പ്രാദേശിക ഘടകം രംഗത്ത് വന്നിരുന്നു. ചക്ലിയ സമുദായങ്ങളിലെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സര്‍ക്കാറിനേയും പാര്‍ട്ടിയേയും കരിവാരി തേക്കാന്‍ രംഗത്ത് ഇറങ്ങുകയായിരുന്നു എന്നായിരുന്നു ഇവരുടെ വാദം.

എന്നാല്‍ ഇന്നലെ നടന്ന മിശ്രഭോജനത്തില്‍ കൗണ്ടര്‍മാരായ ഒരാളും പങ്കെടുത്തില്ല. സി പി എമ്മിന്റെ നേതാക്കളായ കൗണ്ടര്‍മാര്‍ വരെ മാറി നിന്നു. പഞ്ചായത്ത് ഭരണ സമിതിയില്‍ ഉള്‍പ്പടെയുള്ളവര്‍ കോളനിയില്‍ ഉണ്ടായിട്ടും വിട്ടു നിന്നു. ചക്ലിയര്‍ അനുഭവിക്കുന്ന അയിത്തം രാഷ്ട്രീയ പ്രേരിതമായ ആരോപണത്തിന് ഇതോടെ മുനയില്ലാതായി.

ചക്ലിയരോടുള്ള അയിത്തം പഞ്ചായത്ത് നടപ്പിലാക്കുന്ന വികസന കാര്യങ്ങളിലും ഉണ്ടെന്ന് കോളനിയിലൂടെ ഒന്ന് നടന്നാല്‍ മനസ്സിലാകും. ചക്ലിയ സമുദായത്തിന്റെ അമ്പതോളം വീടുകള്‍ ഏത് നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലാണ്. മേല്‍ക്കൂര തകര്‍ന്ന കൊച്ചു വീടിനുള്ളില്‍ മൂന്ന് കുടുംബങ്ങള്‍ വരെ കഴിയുന്നുണ്ട്. മൂന്നു കുടുംബങ്ങളിലായി എട്ട് പേര്‍, കൊച്ചു കുട്ടികള്‍ വരെയുണ്ട്. മഴ പെയ്താല്‍ മുറിക്കകത്ത് വെള്ളം കെട്ടി നില്‍ക്കും. നിന്നാല്‍ തല മുട്ടുന്ന മേല്‍ക്കൂര. നിവര്‍ന്ന് കിടക്കാന്‍ പോലും കഴിയാത്ത അത്രയും ചെറിയ മുറികള്‍.

തൊട്ട് സമീപത്തായി ഒരു വീട് ഇവര്‍ നിര്‍മ്മിച്ചെങ്കിലും ഏതോ കൗണ്ടര്‍ കേസ് കൊടുത്തതിനാല്‍ അങ്ങോട്ട് കയറാന്‍ കഴിയില്ല. ഇതുപോലെയുള്ള വീടുകളാണ് ചക്ലിയ സമുദായംഗങ്ങള്‍ക്ക് അധികവും ഉള്ളത്. ജാതീയ വേര്‍തിരിവ് മൂലം പഞ്ചായത്തില്‍ നിന്ന് ഇവര്‍ക്ക് ഒരു ആനുകൂല്യങ്ങളും കിട്ടുന്നില്ലെന്നും പരാതിയുണ്ട്. ചക്ലിയരുടെ കൂരകള്‍ തന്നെ അയിത്തം വിളിച്ചു പറയുമ്പോള്‍ നേരെ വിപരീതമാണ് കൗണ്ടര്‍മാരുടേയും മറ്റും വീടുകള്‍. വീടുകള്‍ കണ്ടാല്‍ തന്നെ ഉടമയും അടിമയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ കഴിയും.

മുടി വെട്ടാന്‍ ചക്ലിയര്‍ക്ക് പ്രത്യേക ബാര്‍ബര്‍ ഷോപ്പും ചായക്കടയും കുടിവെള്ളമെടുക്കാന്‍ പ്രത്യേക ടാങ്കുകളും പൈപ്പുകളും കോളനിയില്‍ ഉള്ള കാര്യം നാരദ ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വന്നതിന് പുറമെ ഇതിനെ പ്രതിരോധിക്കാന്‍ സി പി എം രംഗത്തിറങ്ങിയിരുന്നു. കോളനിക്കുള്ളില്‍ മുസ്ലിമായ ഒരാള്‍ നടത്തുന്ന ചായക്കടയിലാണ് ചക്ലിയര്‍ വരാറുള്ളത്. ചക്ലിയര്‍ വരുന്നത് കൊണ്ട് തന്നെ മറ്റാരും ഇവിടെ ചായ കുടിക്കാന്‍ വരാറില്ല.

എന്നാല്‍ ഈ ചായക്കടയില്‍ എല്ലാവരും വരുത്തി തീര്‍ക്കാന്‍ വാര്‍ത്ത വന്നതിന്റെ പുറകെ ചില സി പി എം പ്രവര്‍ത്തകര്‍ അവിടെ പോയിരുന്ന് ചായകുടിക്കുന്ന ചിത്രമെടുത്ത് വാട്സാപ്പിലും മറ്റും പ്രചരിപ്പിരുന്നു. തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെ പ്രതികരിക്കേണ്ട കാര്യം ഉണര്‍ത്തിച്ച് സി പി എമ്മിലെ ഒരു മുന്‍ എം പി വരെ ഈ ചിത്രം വാട്സാപ്പിലെ ഗ്രൂപ്പ് വഴി പ്രചരിപ്പിരുന്നു. ഗ്രൂപ്പിലുള്ള ബി ജെ പിയുടെ ഒരു ജില്ലാ നേതാവിന് ഈ പോസ്റ്റ് ഇഷ്ടപ്പെടുകയും കക്ഷി രാഷ്ട്രീയത്തിനതീതമായി ഒരുമിച്ച് നിന്ന് മുതലമടയില്‍ അയിത്തം ഇല്ലെന്ന് വരുത്തണമെന്ന് പറയുന്നതും ഗ്രൂപ്പില്‍ കാണാം.

ഗോവിന്ദപുരം അംബേദ്കര്‍ കോളനിയില്‍ വര്‍ഷങ്ങളായി അയിത്തം നില നില്‍ക്കുന്നുണ്ട്. 2004 ല്‍ ആണ് കോളനിയില്‍ ആദ്യമായി അയിത്ത പ്രശ്നം ഉയര്‍ന്നു വന്നത്. മുടി വെട്ടാന്‍ ബാര്‍ബര്‍ ഷോപ്പിലെത്തിയ ചക്ലിയ യുവാവിനെ കൗണ്ടര്‍മാര്‍ തിരിച്ചയച്ചു. ' ;ചക്ലിയരുടെ മുടി ഇവിടെ വെട്ടില്ലെന്നും വേണമെങ്കില്‍ തമിഴ്നാട്ടില്‍ പോയി വെട്ടാനുമായിരുന്നു മറുപടി.' ഇത് ചോദിക്കാന്‍ കുറച്ച് പേരെത്തിയതോടെ പ്രശ്നം തുടങ്ങി. രണ്ടാഴ്ച്ചക്കു ശേഷം മീങ്കര ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തില്‍ പ്ങ്കെടുക്കുന്നതില്‍ നിന്ന് ചക്ലിയരെ കൗണ്ടര്‍മാര്‍ തടഞ്ഞു. ക്ഷേത്രത്തിലും കയറ്റാതായി. തുടര്‍ന്ന് അന്നത്തെ പട്ടികജാതി-വര്‍ഗ്ഗ വകുപ്പ് മന്ത്രി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ മിശ്രഭോജനവും വിവിധ ജാതി സംഗമങ്ങളും നടത്തി. സുകുമാര്‍ അഴിക്കോട് ഉള്‍പ്പടെയുളള സാഹിത്യകാരന്‍മാര്‍ ഇവിടെയെത്തി അയിത്തത്തിനെതിരെ സംസാരിക്കുകയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തു.

കൗണ്ടര്‍മാരില്‍ നിന്നും മറ്റുമുള്ള അയിത്തം ഒരു ശീലമായി പോയതിനാല്‍ അതിനെതിരെ ചക്ലിയ സമുദായക്കാര്‍ പരാതി പറയാറില്ല. കഴിഞ്ഞ മാസം ഈഴവയുവാവ് ചക്ലിയ യുവതിയെ വിവാഹം കഴിച്ചതു വഴി കൗണ്ടര്‍മാരില്‍ നിന്നും മറ്റും ഉണ്ടായ അക്രമത്തിന് എതിരെയാണ് പരാതിയുമായി ചക്ലിയര്‍ ഇപ്പോള്‍ രംഗത്തെത്തിയത് .ഇവരുടെ വീടുകള്‍ രാത്രി കാലങ്ങളില്‍ ആക്രമി്ക്കപ്പെട്ടു. ഇതിനെതിരെ പൊലിസിന് പരാതി നല്‍കിയെങ്കിലും പരാതികാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന നിലപാടാണ് പൊലിസ് സ്വീകരിച്ചതെന്ന ആക്ഷേപവും കോളനിക്കാരില്‍ നിന്ന് ഉണ്ടായി.

മുതലമടയില്‍ സി പി എം പറയുന്നത് അനുസരിച്ചാണ് മന്ത്രിമാര്‍ വരെ പ്രവര്‍ത്തിക്കുന്നത്. തൊട്ടടുത്ത് മന്ത്രി എ.കെ ബാലന്‍ ഉള്‍പ്പടെയുള്ളവര്‍ ഉണ്ടായിട്ടും വിഷയം പഠിക്കാനായി പോലും അങ്ങോട്ടു പോയിട്ടില്ല. എം ബി രാജേഷ് എം പിയും പ്രതികരിച്ചിട്ടില്ല.