ജിഷ്ണു കേസ്: പിടികിട്ടാപ്പുള്ളി പ്രവീണിന് പണം അനുവദിച്ച ബാങ്ക് മാനേജര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്

ജിഷ്ണു കേസിലെ മൂന്നാം പ്രതി സി പി പ്രവീണ്‍ പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്ന് ഒരാഴ്ച മുമ്പ് ഒരു ലക്ഷം രൂപ പിന്‍വലിച്ചെന്ന നാരദ ന്യൂസ് വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്‍. ട്രാന്‍സാക്ഷന്‍ ചെയ്തു കൊടുക്കരുതെന്ന നിര്‍ദ്ദേശം ബാങ്ക് മാനേജര്‍ക്ക് നല്‍കിയിരുന്നെന്നും കിരണ്‍ പറഞ്ഞു.

ജിഷ്ണു കേസ്: പിടികിട്ടാപ്പുള്ളി പ്രവീണിന് പണം അനുവദിച്ച ബാങ്ക് മാനേജര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ്

ജിഷ്ണു കേസിലെ മൂന്നാം പ്രതിയും പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പാമ്പാടി നെഹ്രു കോളേജ് അധ്യാപകന്‍ സി പി പ്രവീണ്‍ ബാങ്കില്‍ നിന്നു പണം പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ മാനേജര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഇരിങ്ങാലക്കുട എസ്പി കിരണ്‍ നാരായണന്‍. ഒരു ട്രാന്‍സാക്ഷനും ചെയ്തു കൊടുക്കരുതെന്ന് ബാങ്ക് മാനേജര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതു സംബന്ധിച്ച പൊലീസിന്റെ കത്തിന് മാനേജര്‍ മറുപടിയും നല്‍കിയിരുന്നെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന കിരണ്‍ നാരായണന്‍ പറഞ്ഞു. മാനേജര്‍ ഇടപെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും. പൊലീസ് എല്ലായിടത്തും പരിശോധന നടത്തുന്നുണ്ട്. പ്രവീണിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്നും കിരണ്‍ നാരദ ന്യൂസിനോട് പറഞ്ഞു.

സി പി പ്രവീണ്‍ ഒരാഴ്ച മുമ്പാണ് പൊല്‍പ്പുള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെത്തി വന്‍തുക പിന്‍വലിച്ചത്. പ്രവീണിന്റെ ചെറിയമ്മയുടെ മകള്‍ ഈ ബാങ്കില്‍ കാഷ്യറായി ജോലി ചെയ്യുന്നുണ്ട്. മുക്കാല്‍ മണിക്കൂറോളം പ്രവീണ്‍ ബാങ്കില്‍ ഉണ്ടായിരുന്നതായി സഹപാഠിയും സുഹൃത്തുമായ മനോജ് നാരദ ന്യൂസിനോടു പറഞ്ഞിരുന്നു.

ഒരു ലക്ഷത്തിലധികം രൂപ പിന്‍വലിച്ചതായാണ് വിവരം. ഇക്കാര്യം പൊലീസ് അറിഞ്ഞതായും ബാങ്കിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കു കൊണ്ടുപോയെന്നും പേരു വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ നാട്ടിലെ ഒരു കോണ്‍ഗ്രസ് നേതാവ് നാരദ ന്യൂസിനോടു പറഞ്ഞു.

പ്രവീണ്‍ ബാങ്കിലെത്തി പണം പിന്‍വലിക്കുന്നതു കണ്ടിട്ടും എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്നു ചോദിച്ചപ്പോള്‍ 'പിടിച്ചു കൊടുത്തിട്ട് ഞങ്ങള്‍ക്കെന്തു കിട്ടാന്‍, അവരുടെ കുടുംബക്കാര് വലിയ ആള്‍ക്കാരാണ്, വെറുതെ ശത്രുതയ്‌ക്കൊന്നും ഞങ്ങളില്ല' എന്നായിരുന്നു മറുപടി.