''കലാപത്തിനു പിന്നില്‍ എന്‍എസ്എസ് കരയോഗങ്ങള്‍?'' തെളിവ് ശേഖരിച്ച് പൊലീസ്: റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കിയേക്കും

കുറേ കാവിക്കൊടികള്‍ മാത്രമാണ് ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെ നടക്കുന്ന വലതുപക്ഷ നായര്‍ സമരത്തില്‍ കാണുന്നതെങ്കിലും പിന്നില്‍ എന്‍എസ്എസ് കരയോഗങ്ങളാണ് എന്ന വിവരം പൊലീസിന് ലഭിച്ചു കഴിഞ്ഞു

കലാപത്തിനു പിന്നില്‍ എന്‍എസ്എസ് കരയോഗങ്ങള്‍? തെളിവ് ശേഖരിച്ച് പൊലീസ്: റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കിയേക്കും

ബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കാന്‍ എന്ന വിധത്തില്‍ തെരുവില്‍ ലഹള നടത്തി വിമോചന സമര മോഡലില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നത് എന്‍എസ്എസ് കരയോഗങ്ങള്‍ വഴിയാണ് എന്ന് പൊലീസിന് വിവരം ലഭിച്ചു. ബിജെപിയോട് അടുത്ത ബന്ധം പുലര്‍ത്തുന്നവരടക്കമുള്ള ചിലരാണ് പിന്നിലെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നുമുള്ള സൂചനയാണ് ലഭിക്കുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളുടെ 'തല'വന്‍ ആരാണെന്നു കണ്ടുപിടിക്കാന്‍ പൊലീസ് ശക്തമായ അന്വേഷണമാണ് നടത്തുന്നത്. രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരെ ആള്‍പരിചയാക്കി നടത്തുന്ന അട്ടിമറി നീക്കത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.

ശബരിമലയുടെ പേരില്‍ നിലവില്‍ നടക്കുന്ന സമരങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ ചാര്‍ജു ചെയ്തു കഴിഞ്ഞു. മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നേരെ ഉണ്ടായ വധശ്രമങ്ങളും ദേവസ്വം ബോര്‍ഡ് ഓഫീസുകള്‍ ആക്രമിച്ചതുമടക്കമുള്ള കേസുകളില്‍ കരയോഗനേതാക്കള്‍ പ്രതികളാകും. എന്‍എസ്എസ് സര്‍ക്കാരിനോട് ശത്രുതാപരമായി നീങ്ങിയതിന്റെ പ്രതിധ്വനികളാകും ഇനിയുള്ള ദിവസങ്ങളിലുണ്ടാവുക. ഈഴവരടക്കമുള്ള സംവരണീയ സമുദായങ്ങളേയും ന്യൂനപക്ഷങ്ങളേയും പൂര്‍ണ്ണമായി ഒപ്പം നിര്‍ത്തുന്ന തെരഞ്ഞെടുപ്പ് നിലപാടുകളാകും എല്‍ഡിഎഫിന്റേത്.നിലവില്‍ തെരുവില്‍ ആളെ എത്തിക്കുന്നതിന്റെ രീതി പൊലീസ് പരിശോധിച്ചു. കരയോഗങ്ങള്‍ നേതൃത്വം നല്‍കുന്ന ക്ഷേത്രങ്ങളാണ് ശബരിമല സമരം നടത്തുന്നത്. ഈ ക്ഷേത്രങ്ങളിലെ ഭക്തജനങ്ങളായ സ്ത്രീകളോട് 'ശബരിമല തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നു' എന്ന നുണയാണ് പറഞ്ഞിരിക്കുന്നത്. സുപ്രീംകോടതിയുടെ വിധിയാണ് എന്ന വസ്തുത മറച്ചു വച്ചിട്ടുണ്ട്. പിണറായി വിജയനെ ജാതിത്തെറി വിളിച്ച സ്ത്രീയടക്കം പങ്കുവച്ചത് ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട വിവരമാണ്. വ്യാജ വിവരങ്ങള്‍ പങ്കുവച്ച് വര്‍ഗ്ഗീയത പരത്തുന്നവരെ ഓരോ പൊലീസ് സ്റ്റേഷനും പ്രത്യേകം കണ്ടെത്തുന്നുണ്ട്. നിലവില്‍ അറസ്റ്റുകളോ, നടപടികളോ ഉണ്ടാകുന്നില്ലെങ്കിലും കൃത്യമായ റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കി പോവുകയാണ്.

വിധിയെ തുടര്‍ന്ന് ഏതെല്ലാം വിധത്തിലാണ് കോടതി അലക്ഷ്യ നടപടികള്‍ ഉണ്ടായിട്ടുള്ളതെന്ന വിശദമായ റിപ്പോര്‍ട്ടാണ് തയ്യാറാകുന്നത്. ഓരോ സംഘടനകളും ചെയ്തത് റിപ്പോര്‍ട്ടിലുണ്ടാകും. സര്‍വ്വീസ് സൊസൈറ്റി എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന എന്‍എസ്എസ് കലാപ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ടോ എന്ന അന്വേഷണം സംഘടനയുടെ നിയമ സാധുതയെ പോലും പ്രതിസന്ധിയിലാക്കും. സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് വിദ്യാലയങ്ങളടക്കം നടത്തുന്ന സര്‍വ്വീസ് സംഘടനയാണ് ഇപ്പോള്‍ വര്‍ഗ്ഗീയ കലാപത്തിനു കോപ്പുകൂട്ടിയത് എന്നു വന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പട്ടികയിലാകും അത് ഉള്‍പ്പെടുക.സുപ്രീംകോടതി വിധിക്ക് എതിരെ നടക്കുന്ന കലാപം ഏറെ ഗുരുതരമായ കുറ്റകൃത്യമാണ്. സുപ്രീംകോടതി ആവശ്യപ്പെട്ടാല്‍ പട്ടാളം ഇറങ്ങി ക്രമസമാധാനം പുനസ്ഥാപിക്കേണ്ടി വരും. ഗുരുതരമായ ഈ സാഹചര്യം മുന്നില്‍ കണ്ടാണ് കരയോഗങ്ങള്‍ കലാപ സംഘാടനം നടത്തുമ്പോഴും കൊടികള്‍ ഔദ്യോഗികമായി ഉപയോഗിക്കാത്തത്. ബാനറുകളില്‍ സംഘടനകളുടെ പേരും ഇല്ല. എന്നാല്‍, ഓരോ നാമജപ റാലികുളും സംഘടിപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷിക്കുന്നുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുന്നത്ര ഗൗരവത്തോടെയും തെളിവുകളോടെയുമാണ് അന്വേഷണം.

ഹാദിയ വിധിവന്ന സമയത്ത് കേരള ഹൈക്കോടതിയിലേക്ക് മുസ്ലീം സംഘടനകളുടെ പേരില്‍ മാര്‍ച്ചു നടത്തിയതിന് എതിരെ കേസെടുത്തിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ രാജ്യത്ത് കലാപം നടത്തുന്നത് പൊലീസ് പൂര്‍ണ്ണമായും ചിത്രീകരിക്കുന്നുണ്ട്. പങ്കെടുത്ത ഓരോരുത്തരേയും പൂര്‍ണ്ണമായി വീഡിയോകളില്‍ പകര്‍ത്തുന്നുണ്ട്. നിലവില്‍ പൊലീസ് തികച്ചും 'സമാധാനപരമായി' റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോകളടക്കം സുപ്രീംകോടതി പരിശോധിക്കുന്ന ഘട്ടമുണ്ടായാല്‍, കലാപപ്രവര്‍ത്തനങ്ങളെ കുറിച്ച് ഉന്നതതല അന്വേഷണം നടന്നേക്കും.എന്‍എസ്എസിനൊപ്പം യോഗക്ഷേമ സഭയടക്കമുള്ള സാമുദായിക സംഘടനകളും സമരത്തിലുണ്ട്. പക്ഷെ, ബിജെപിയുടെ മറപിടിച്ച് സമരസംഘാടനം നടത്തുന്നത് എന്‍എസ്എസ് കരയോഗങ്ങളാണ് എന്ന വസ്തുത സര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ കരയോഗങ്ങളാണ് കൂടുതലായി നിരീക്ഷണത്തിലുള്ളത്. ആരു അറിയുന്നില്ലെന്നു കരുതി നടത്തുന്ന ഓരോ നീക്കങ്ങളും പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലാണ്. നിലവില്‍ നടക്കുന്ന ലോങ്മാര്‍ച്ച് തിരുവനന്തപുരത്ത് എത്തുന്നതോടെ സമരം അവസാനിപ്പിക്കേണ്ടി വരും എന്നാണ് പൊലീസ് വിലയിരുത്തുന്നത്. കോടതി വിധിക്കെതിരെ കലാപം നടത്തി എന്നതു സംബന്ധിച്ച തെളിവ് പൂര്‍ണ്ണമായും ശേഖരിച്ചു കഴിഞ്ഞാല്‍ സര്‍ക്കാര്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. വിധിനടപ്പാക്കാന്‍ സാധിക്കാത്ത വിധം എതിര്‍പ്പുയരുന്നു എന്നു സര്‍ക്കാര്‍ ബോധിപ്പിച്ചാല്‍, അതെന്താണ് എന്നു കോടതി പരിശോധിക്കും. കലാപം നടത്തുന്ന അതേ എന്‍എസ്എസാണ് പുനഃപരിശോധനാ ഹര്‍ജിയും സമര്‍പ്പിച്ചത് എന്നു തെളിഞ്ഞാല്‍ കോടതി അത് ഏറെ ഗൗരവത്തോടെയാകും നടപടി എടുക്കുക.

Read More >>