മുഖ്യമന്ത്രിയുടെ വാക്കിനു കണ്ണൂർ പോലീസിനും പുല്ലുവില; അങ്ങാടിക്കടവിൽ വിദ്യാർത്ഥിനിയുടെ മുടിയ്ക്കു കുത്തിപ്പിടിച്ച സദാചാര ഗുണ്ടകൾക്കെതിരെ കേസില്ല

'വിദ്യാർത്ഥികളല്ലേ, പരീക്ഷാ സമയമല്ലേ, അതിനിടയിൽ പോലീസ് സ്റ്റേഷനിൽ കയറി മൊഴി നൽകലും മറ്റും ബുദ്ധിമുട്ടാകും' എന്ന് വിദ്യാർത്ഥികളെ പരാതി നൽകുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തിയ പോലീസ് സംഘം മദ്യപിച്ച് ബഹളമുണ്ടാക്കിയതിനു കേസെടുത്തോളാം എന്ന് പറഞ്ഞു കസ്റ്റഡിയിൽ എടുത്ത പ്രതികളെ വെറുതേ വിടുകയായിരുന്നു. അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന നിലപാടിലാണ് ഇപ്പോൾ കരിക്കോട്ടക്കരി പോലീസ്.

മുഖ്യമന്ത്രിയുടെ വാക്കിനു കണ്ണൂർ പോലീസിനും പുല്ലുവില; അങ്ങാടിക്കടവിൽ വിദ്യാർത്ഥിനിയുടെ മുടിയ്ക്കു കുത്തിപ്പിടിച്ച സദാചാര ഗുണ്ടകൾക്കെതിരെ കേസില്ല

കണ്ണൂർ അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജിൽ വിദ്യാർത്ഥിനിയുടെ മുടിയ്ക്കു കുത്തിപ്പിടിച്ച് ആക്രമിച്ച സദാചാര ഗുണ്ടകൾക്ക് കരിക്കാട്ടേരി പോലീസിന്റെ സംരക്ഷണം. കോളേജ് ഗേറ്റിനരികിൽ വച്ചാണ് പെൺകുട്ടികളടങ്ങുന്ന സംഘത്തിന് നേരെ അക്രമമുണ്ടായത്.

കോളേജ് പ്രിൻസിപ്പാളും അധ്യാപകരും വിദ്യാർത്ഥികളും സദാചാര ഗുണ്ടകൾക്കെതിരെ പരാതി നൽകാൻ തയ്യാറായെങ്കിലും പോലീസുകാർ നിരുത്സാഹപ്പെടുത്തി. 'വിദ്യാർത്ഥികളല്ലേ, പരീക്ഷാ സമയമല്ലേ, അതിനിടയിൽ പോലീസ് സ്റ്റേഷനിൽ കയറി മൊഴി നൽകലും മറ്റും ബുദ്ധിമുട്ടാകും' എന്നായിരുന്നു പോലീസുകാരുടെ വക ഉപദേശം.

യൂണിവേഴ്സിറ്റി പരീക്ഷക്കായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി റെക്കോർഡ് ബുക്കുകൾ പ്രിന്റ് ചെയ്യുന്നതിനായി ഫോട്ടോസ്റ്റാറ്റ് കടക്കു മുന്നിൽ ഇരിക്കുകയായിരുന്ന വിദ്യാർത്ഥികളെയാണ് സദാചാര ഗുണ്ടാസംഘം ആക്രമിച്ചത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുതെന്നും അതെല്ലാം കോളേജിനകത്ത് മതിയെന്നുമായിരുന്നു സദാചാര ഗുണ്ടകളുടെ ആക്രോശം. പ്രിന്റൗട്ടുകൾ എടുക്കാനായി വന്നതാണെന്നും തുറന്ന സ്ഥലത്ത് നിൽക്കുന്നതിൽ എന്താണ് പ്രശ്നമെന്നും വിദ്യാർത്ഥികൾ തിരിച്ചു ചോദിച്ചതോടെ പ്രകോപിതരായ സംഘം കുട്ടികൾക്കെതിരെ കടുത്ത മർദനം അഴിച്ചുവിടുകയായിരുന്നു എന്നാണ് ആരോപണം.

പെൺകുട്ടികൾക്ക് നേരെയും തിരിഞ്ഞ സംഘം ഒരു പെൺകുട്ടിയുടെ മുടിക്കുപിടിച്ച് വലിക്കുകയും മർദിക്കുകയും തള്ളി വീഴ്ത്തുകയും ചെയ്തു. വിവരമറിഞ്ഞ് കൂടുതൽ വിദ്യാർത്ഥികൾ എത്തിയതോടെ കരിക്കോട്ടക്കരി പൊലീസും സ്ഥലത്തെത്തി.രണ്ടു പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം ഇവരെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനു കേസെടുക്കാമെന്നും ശിക്ഷവാങ്ങിക്കൊടുക്കാമെന്നും വിദ്യാർത്ഥികൾക്കൊന്നും കുഴപ്പം വരേണ്ടെന്നും ഉപദേശം നൽകി പോവുകയായിരുന്നു.

എന്നാൽ പൊലീസ് ഇത്രയും പേരുടെ മുന്നിൽ വച്ച് കസ്റ്റഡിയിലെടുത്ത രണ്ടുപേരും കുറച്ചു സമയം കഴിഞ്ഞപ്പോൾ തന്നെ പുറത്തിറങ്ങി. കേസെടുക്കാതെ പൊലീസ് ഇവരെ ഇറക്കിവിടുകയായിരുന്നു എന്ന സംശയമാണ് വിദ്യാർത്ഥികൾ പ്രകടിപ്പിക്കുന്നത്.

മറൈൻ ഡ്രൈവിൽ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നൽകുമ്പോൾ സദാചാര ഗുണ്ടായിസം സംസ്ഥാനത്ത് അനുവദിക്കുന്ന പ്രശ്നമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഇത്തരക്കാർക്ക് നേരെ ഉയരാണുള്ളത് തന്നെയാണ് പോലീസിന്റെ ലാത്തി എന്നും പിണറായി പ്രഖ്യാപിച്ചിരുന്നു.

കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനുമായി നാരദാ ന്യൂസ് ബന്ധപ്പെട്ടപ്പോൾ ഡോൺബോസ്കോ കോളേജിന് മുന്നിൽ യാതൊരു വിധ പ്രശ്നവും ഉണ്ടായതായി അറിവില്ലെന്നും അവിടെ നിന്നും ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നുമാണ് മറുപടി ലഭിച്ചത്. എസ്ഐയുടെ ഔദ്യോഗിക നമ്പറിൽ നിരവധി തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല.

അക്രമമുണ്ടായ ഉടൻ തന്നെ പരാതി നൽകാൻ തയ്യാറായ പെൺകുട്ടിയടക്കമുള്ളവർ കുറ്റവാളികൾ എളുപ്പത്തിൽ പുറത്തിറങ്ങിയതോടെ ഭീതിയിലാണ്. 'പലപ്പോഴും കോളേജിന് പുറത്ത് കാണുന്നവരാണ് കുറ്റക്കാർ. അവർ പുറത്തിറങ്ങിയ സാഹചര്യത്തിൽ ഞങ്ങളുടെ പേര് വെളിപ്പെടുത്തി സംസാരിക്കാൻ തന്നെ ഭയമാകുന്നു' വിദ്യാർഥികളിലൊരാൾ നാരദാ ന്യൂസിനോട് പ്രതികരിച്ചു.