പരിയാരം ആക്രമത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; അക്രമികളായ ആര്‍എസ്എസുകാരെ രക്ഷപ്പെടാനനുവദിച്ചു, സര്‍വകക്ഷി യോഗതീരുമാനം ലംഘിച്ച് ആര്‍എസ്എസ് നേതാക്കളും

പൊലീസ് നോക്കിനില്‍ക്കെയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ അക്രമം നടന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ അക്രമികള്‍ കണ്‍മുന്നിലൂടെ രക്ഷപ്പെട്ടിട്ടും ഇവരെ തടയാനോ പിടികൂടാനോ പൊലീസ് തയ്യാറായില്ല.

പരിയാരം ആക്രമത്തില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; അക്രമികളായ ആര്‍എസ്എസുകാരെ രക്ഷപ്പെടാനനുവദിച്ചു, സര്‍വകക്ഷി യോഗതീരുമാനം ലംഘിച്ച് ആര്‍എസ്എസ് നേതാക്കളും

ബിജെപി ഹര്‍ത്താലിനിടെ പരിയാരം മെഡിക്കല്‍ കോളേജിനു നേരെയുണ്ടായ ആക്രമണം തടയുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിലാണ് പൊലീസിന് വീഴ്ച സംഭവിച്ചതായി തെളിയുന്നത്. ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ അക്രമികള്‍ ആശുപത്രി കോമ്പൗണ്ടിലേക്ക് ഇരച്ചെത്തി ആംബുലന്‍സും അത്യാഹിത വിഭാഗവും തകര്‍ക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.


നിരവധി പോലീസുകാര്‍ അക്രമത്തിന് മൂകസാക്ഷികളായി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്രമികളെ തടയാനോ പിടിച്ചുമാറ്റാനോ ഇവര്‍ ശ്രമിക്കുന്നില്ല. മാത്രവുമല്ല കൂടുതല്‍ പോലീസുകാരെത്തുമ്പോള്‍ വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ളവര്‍ അക്രമം നടത്തിയവരെ രക്ഷിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളും സിസിടിവിയിലുണ്ട്. ഇവരെ തടയാനോ പിടികൂടാനോ സ്ഥലത്തുണ്ടായിരുന്ന പോലീസ് സംഘം തയ്യാറായിട്ടില്ലെന്ന് ഇതോടെ വ്യക്തം.

കണ്ണൂരിലെ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ധിച്ചതോടെ കഴിഞ്ഞ ഫെബ്രുവരി 14 ന് ചേര്‍ന്ന സര്‍വകക്ഷിയോഗ തീരുമാനങ്ങളുടെ ലംഘനമാണ് ആര്‍എസ്എസ് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയതെന്നും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സര്‍വകക്ഷി തീരുമാന പ്രകാരം രാഷ്ട്രീയ അക്രമം നടത്തുന്നവരെ പാര്‍ട്ടി ഒറ്റപ്പെടുത്തണമെന്നാണ്. എന്നാല്‍ അക്രമികളെ പോലീസിന്റെ കണ്‍മുന്നിലൂടെ രക്ഷിച്ചുകൊണ്ടുപോകുന്ന വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുക.

സംസ്ഥാനത്ത് ആദ്യമായാണ് ഹര്‍ത്താല്‍ അനുകൂലികള്‍ ഒരു ആശുപത്രിക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തത്. അത്യാഹിത വിഭാഗത്തില്‍ ലക്ഷങ്ങളുടെ നാശനഷ്ടവും അക്രമത്തെത്തുടര്‍ന്നുണ്ടായി. ഇത്രയും ഗുരുതരമായ പ്രശ്‌നമായിട്ടും പോലീസ് നടപടിയുണ്ടാകാത്തതിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകനായ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കോട്ടില്‍ ബിജുവാണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. പാലക്കോട് പാലത്തിനു മുകളില്‍ വച്ച് ഇന്നോവ കാറിലെത്തിയ സംഘം ബോംബെറിഞ്ഞശേഷം ബിജുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞദിവസം ബിജെപി ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നത്. ഇതിനിടെയാണ് പരിയാരം മെഡിക്കല്‍ കോളേജിനു നേരെ ഉള്‍പ്പെടെ ജില്ലയില്‍ അക്രമങ്ങള്‍ അരങ്ങേറിയത്.അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറിന്റെ ഉടമയെയും കാര്‍ വാടകയ്ക്ക് എടുത്ത ആളെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കാര്‍ ഉടമ രാമന്തളി സ്വദേശി ബിനോയിയാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.എന്നാല്‍ ഇയാള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇതുസംബന്ധിച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപ്രതികളെയും തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. പയ്യന്നൂര്‍ സ്വദേശികളായ അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.