അട്ടപ്പാടിയില്‍ ആദിവാസികളുടെ സ്ഥലം കൈയേറാനുള്ള ശ്രമം പൊലീസ് സഹായത്തോടെ തടഞ്ഞു

വട്ടളക്കി ഊരില്‍ ആദിവാസികള്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഏഴര ഏക്കര്‍ സ്ഥലത്താണ് കൈയേറ്റ ശ്രമം നടന്നത്.

അട്ടപ്പാടിയില്‍ ആദിവാസികളുടെ സ്ഥലം കൈയേറാനുള്ള ശ്രമം പൊലീസ് സഹായത്തോടെ തടഞ്ഞു

അട്ടപ്പാടിയില്‍ ആദിവാസി മൂപ്പന്റെ ഭൂമി കൈയേറാനുള്ള ശ്രമം പൊലീസ് സഹായത്തോടെ തടഞ്ഞു. ഷോളയൂര്‍ വട്ടളക്കി ഊരില്‍ ചൊറിയ മൂപ്പന്റെ സ്ഥലമാണ് ഇന്നു രാവിലെയോടെ ചിലര്‍ കൈയേറി ഷെഡ് കെട്ടി താമസിക്കാനുള്ള ശ്രമം നടത്തിയത്. സ്ഥലം തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിച്ചാണ് ഇവര്‍ സ്ഥലം കൈയേറാന്‍ ശ്രമിച്ചത്. ആദിവാസികള്‍ ശക്തമായി ഇതു ചെറുത്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്ന് പൊലീസ് എത്തി കൈയേറ്റ ശ്രമം നടത്തിയവരെ നീക്കുകയായിരുന്നു.

വട്ടളക്കി ഊരില്‍ ആദിവാസികള്‍ വര്‍ഷങ്ങളായി താമസിച്ചുവരുന്ന ഏഴര ഏക്കര്‍ സ്ഥലത്താണ് കൈയേറ്റ ശ്രമം നടന്നത്. ഇപ്പോഴത്തെ ഉടമ ചൊറിയ മൂപ്പന്റെ മുത്തച്ഛന്‍ ഈ സ്ഥലം ചില തമിഴ്‌നാട് സ്വദേശികള്‍ക്ക് പാട്ടത്തിനു കൊടുത്തിരുന്നു. ഇപ്പോള്‍ സ്ഥലം കൈയേറാന്‍ വന്ന മയിലുസ്വാമി എന്നയാളുടെ മുത്തച്ഛനാണ് പാട്ടത്തിനു നല്‍കിയിരുന്നത്. പാട്ട കാലാവധിക്കു ശേഷം ഈ സ്ഥലം ആദിവാസികള്‍ക്കു തന്നെ തിരിച്ചുകിട്ടിയിരുന്നു.

എന്നാല്‍ ഇതിനെതിരെ മയിലുസ്വാമിയും മറ്റും കേസിനു പോയിരുന്നു. 28.06.10 ഒറ്റപ്പാലം ആര്‍ഡിഒ കോടതി വിധി പ്രകാരവും പിന്നീട് മണ്ണാര്‍ക്കാട് ,ഹൈക്കോടതി വിധികളിലും സ്ഥലം ആദിവാസികളുടേതാണെന്ന് വിധി വന്നിരുന്നു. തുടര്‍ന്ന് ഈ സ്ഥലത്ത് കൃഷി ചെയ്യാനുള്ള ഒരുക്കം നടത്തി വരവെയാണ് ഇന്ന് രാവിലെ കൈയേറ്റ ശ്രമം ഉണ്ടായത്.

അട്ടപ്പാടിയില്‍ ആദിവാസികളുടെ ഭൂമിയും മറ്റും പുറത്തുനിന്നും വരുന്ന വ്യക്തികള്‍ കൈയേറി സ്വന്തമാക്കുന്ന അവസ്ഥ വര്‍ഷങ്ങളായി നടന്നുവരുന്നുണ്ട്. ഭൂമി കൈയേറ്റങ്ങള്‍ക്കെതിരെ ആദിവാസികള്‍ പരാതിപ്പെടുന്നതും എതിര്‍ക്കുന്നതുമായ സംഭവങ്ങളും കുറവാണ്.

Read More >>