വിഗ്രഹം തകര്‍ത്തയാള്‍ കൊലക്കേസ് പ്രതി; രാജാറാം വിഗ്രഹ ഭഞ്ജകനെന്ന് പൊലീസ്

നേരത്തെ ആഭിചാര പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പുമായി ബന്ധപ്പെട്ട് ഇയാള്‍ ഇടയ്ക്കിടെ ക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

വിഗ്രഹം തകര്‍ത്തയാള്‍ കൊലക്കേസ് പ്രതി; രാജാറാം വിഗ്രഹ ഭഞ്ജകനെന്ന് പൊലീസ്

നിലമ്പൂര്‍ പൂക്കോട്ടുംപാടം മഹാദേവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിക്ക് വിഗ്രഹാരാധനയോട് എതിര്‍പ്പെന്ന വാദവുമായി പൊലീസ്. പ്രതി രാജാറാം മോഹന്‍ദാസിന് പൂജാരികളോട് വിദ്വേഷമുണ്ടെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായും പൊലീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പോറ്റി വിഭാഗത്തോട് ഇയാള്‍ക്ക് വിദ്വേഷമുണ്ടെന്നും ഇയാളുടെ യഥാര്‍ത്ഥ പേര് മോഹനകുമാര്‍ എന്നാണെന്നും പൊലീസ് പറയുന്നു. ആദ്യം രാജാറാം മോഹന്‍ദാസ് പോറ്റിയെന്ന പേരാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍ തന്റെ പേര് മോഹന്‍കുമാര്‍ എന്നാണെന്നും തിരുവനന്തപുരം കിളിമാനൂരാണ് സ്വദേശമെന്നുമാണ് ഇയാളുടെ ഇപ്പോഴത്തെ മൊഴി.

നേരത്തെ ആഭിചാര പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പുമായി ബന്ധപ്പെട്ട് ഇയാള്‍ ഇടയ്ക്കിടെ ക്ഷേത്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താറുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു. കൂടാതെ, കിളിമാനൂരിലെ ഒരു കൊലപാതകക്കേസില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്റയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാജാറാമിനെതിരെ ഐപിസി 451 (അതിക്രമിച്ചുകയറല്‍), 153 (വിദ്വേഷം വളര്‍ത്തല്‍), 295 (ആരാധനാലയങ്ങളില്‍ കടന്നുകയറി നാശനഷ്ടം വരുത്തി വിശ്വാസികള്‍ക്ക് മനോവിഷമം ഉണ്ടാക്കുക) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

റംസാന്‍ ഒന്നായ ഇന്നലെ പുലര്‍ച്ചെയാണ് രാജാറാം മോഹന്‍ദാസ് ക്ഷേത്ര ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന് ശ്രീകോവിലുകള്‍ക്കുള്ളിലെ ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹം തകര്‍ത്തത്. ശ്രീകോവിലിനു സമീപമുള്ള നിര്‍മാല്യക്കല്ല് ഇളക്കിയെടുത്താണ് ഇയാള്‍ വിഗ്രഹങ്ങള്‍ ഇടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചതെന്നാണ് വിലയിരുത്തല്‍.ഈ സമയം ക്ഷേത്രത്തിലെത്തിയ ജീവനക്കാരാണ് ചുറ്റമ്പലത്തിന്റെ ഓടിളകിയ നിലയില്‍ കണ്ടത്. പിന്നീട് അകത്തുകയറി നോക്കുമ്പോഴാണ് ശ്രീകോവിലുകളുടെ വാതില്‍ പൊളിച്ച് വിഗ്രഹങ്ങള്‍ തകര്‍ത്തത് കണ്ടെത്തി.

തുടര്‍ന്ന് പ്രദേശത്തു പരിശോധന നടത്തിയ ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ രാജാറാമിനെ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തി. തൃശൂരിലേക്കുള്ള ബസ്സില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ക്ഷേത്രത്തിനു മുന്നിലെ ബസ് സ്റ്റോപ്പിലാണ് ഇയാളെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ ഇയാളെ പിടികൂടി ക്ഷേത്രക്കമ്മിറ്റി ഓഫീസിലെത്തിച്ചു. ഇതിനിടെയുണ്ടായ ബഹളത്തിനിടെ രാജാറാം രക്ഷപ്പെട്ട് വീട്ടിലെത്തി. ഇവിടെനിന്നാണ് ഡിവൈഎസ്പി മോഹനചന്ദ്രനുള്‍പ്പെടെയുള്ള പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.