കെ എം ഷാജഹാനടക്കമുള്ള പൊതുപ്രവര്‍ത്തകരുമായി പൊലീസ് ആറു മണിക്കൂര്‍ നഗരം ചുറ്റി; ഭദ്രാനന്ദയുമായി കൂട്ടിക്കെട്ടിയത് പിന്നീട്; ലാവ്‌ലിന്‍ കേസിലെ പ്രതികാരമെന്ന് ഷാജഹാന്‍

ഡിജിപി ഓഫീസിനു മുന്നിലെ പൊലീസ് നടപടിയെ ചോദ്യം ചെയ്തപ്പോള്‍ 'നീയാരെടാ' എന്നായിരുന്നു 'മറുചോദ്യം. 'കെ എം ഷാജഹാന്‍, വിഎസിന്റെ പഴയ പ്രൈവറ്റ് സെക്രട്ടറി' എന്നു പറഞ്ഞതോടെ 'നീയും വണ്ടിയില്‍ കയറ്' എന്നായി. അങ്ങനെ ഷാജഹാനേയും വാനിലാക്കിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ലാവ്‌ലിന്‍ കേസിലെ പ്രതികാരമാണ് തന്നോടെന്ന് തിരുവനന്തപുരം ലോ കോളേജില്‍ പരീക്ഷയെഴുതാനെത്തിയപ്പോള്‍ ഷാജഹാന്‍ പ്രതികരിച്ചു.

കെ എം ഷാജഹാനടക്കമുള്ള പൊതുപ്രവര്‍ത്തകരുമായി പൊലീസ് ആറു മണിക്കൂര്‍ നഗരം ചുറ്റി; ഭദ്രാനന്ദയുമായി കൂട്ടിക്കെട്ടിയത് പിന്നീട്; ലാവ്‌ലിന്‍ കേസിലെ പ്രതികാരമെന്ന് ഷാജഹാന്‍

ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കെ എം ഷാജഹാന്‍, എസ്‌യുസിഐ നോതാക്കളായ ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ആറു മണിക്കൂര്‍ നഗരം ചുറ്റിക്കറങ്ങിയ ശേഷം. തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പിന്നീടാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇവര്‍ക്കൊപ്പം ഭദ്രാനന്ദയേയും ചേര്‍ത്തു കേസെടുക്കുകയായിരുന്നുവെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ പറഞ്ഞതായി 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡിജിപി ഓഫീസിനു മുന്നില്‍ സംഘര്‍ഷമുണ്ടായ ഏപ്രില്‍ അഞ്ചിനു രാവിലെ പത്തരയോടെ അവിടെയെത്തിയ കെ എം ഷാജഹാന്‍ കണ്ടത് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനേയും ഷാജര്‍ഖാനെയുമെല്ലാം പൊലീസ് വാനിലേക്ക് കയറ്റുന്നതാണ്. സമരത്തിന് അനുഭാവം പ്രകടിപ്പിക്കാനാണ് ഷാജഹാന്‍ എത്തിയത്.

പൊലീസ് നടപടിയെ ചോദ്യം ചെയ്തപ്പോള്‍ 'നീയാരെടാ' എന്നായി പൊലീസിന്റെ മറുചോദ്യം. 'കെ എം ഷാജഹാന്‍, വിഎസിന്റെ പഴയ പ്രൈവറ്റ് സെക്രട്ടറി' എന്നു പറഞ്ഞതോടെ 'നീയും വണ്ടിയില്‍ കയറ്' എന്നായി. അങ്ങനെ ഷാജഹാനെ വാനിലാക്കി.

വാഹനം ആദ്യം എആര്‍ ക്യാംപിലേക്കു വിട്ടെന്നും പിന്നീട് പേരൂര്‍കടയിലേക്ക് പോയെന്നും മാതൃഭൂമി റിപ്പോര്‍ട്ടിലുണ്ട്. അവിടെ ജിഷ്ണുവിന്റെ ബന്ധുക്കളെ വിട്ട ശേഷം ഷാജഹാന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകരുമായി വാഹനം പിന്നീട് നഗരം ചുറ്റാന്‍ തുടങ്ങി. ഹിമവല്‍ ഭദ്രാനന്ദ ഈ സമയത്ത് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. പിന്നീട് വാഹനം കുളത്തൂര്‍ ഭാഗത്തേയ്ക്കു പോവുകയും അവിടെ നിന്ന് കഴക്കൂട്ടത്ത് എത്തുകയുമായിരുന്നു.

ഒരു സ്റ്റേഷനില്‍ എത്തുമ്പോള്‍ എസിപി വന്നു കാണുമെന്നാണ് പൊലീസ് പറഞ്ഞത്. ഒടുവില്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരൊന്നും കാണാനെത്തിയില്ല. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. അവിടെ നിന്നും മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അഞ്ച് മണിയായിരുന്നെന്നും മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

അര മണിക്കൂര്‍ മുമ്പേ അവിടെയെത്തിച്ച ഹിമവല്‍ ഭദ്രാനന്ദയെ അപ്പോഴാണ് ഷാജഹാന്‍ അടക്കമുള്ളവര്‍ കാണുന്നത്. ഡിജിപിയെ കാണാന്‍ അനുവാദം കിട്ടിയതനുസരിച്ചാണ് ഓഫീസിനു മുന്നിലെത്തിയതെന്നാണ് ഭദ്രാനന്ദയുടെ മൊഴി.

രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് രാത്രി ഏഴു മണിയോടെയാണ്. സമയം സൂചിപ്പിക്കാതെ അറസ്റ്റ് രേഖപ്പെടുത്തിയതിനെ നിയമ വിദ്യാര്‍ത്ഥിയായ ഷാജഹാന്‍ ചേദ്യം ചെയ്തു. പത്തു മണിക്ക് മജിസ്‌ട്രേറ്റിനു മുന്നില്‍ എത്തിച്ച ഇവരെ സെന്‍ട്രല്‍ ജയിലിനോടു ചേര്‍ന്ന ജില്ലാ ജയിലില്‍ എത്തിച്ചപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിയായി.

ലാവ്‌ലിന്‍ കേസിലെ നിലപാടിനോടുള്ള പ്രതികാരമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് കെ എം ഷാജഹാന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത നടപടി വ്യക്തിവൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമാണ്. അറസ്റ്റ് ഭരണഘടനാ ലംഘനവുമാണെന്ന് ഷാജഹാന്‍ ആരോപിച്ചു. തിരുവനന്തപുരം ലോ കോളേജില്‍ പരീക്ഷയെഴുതാന്‍ എത്തിയപ്പോഴായിരുന്നു ഷാജഹാന്റെ പ്രതികരണം. കോടതി ഉത്തരവ് പ്രകാരം പൊലീസ് കസ്റ്റഡിയിലെ പ്രത്യേക മുറിയിലാണ് അദ്ദേഹത്തിനു പരീക്ഷയെഴുതാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

ഷാജഹാനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ അമ്മ എല്‍ തങ്കമ്മ വീട്ടില്‍ നിരാഹാര സമരം തുടരുകയാണ്. മകന്‍ തിരിച്ചെത്തിയാലേ സമരം അവസാനിപ്പിക്കൂ എന്നാണ് അവരുടെ നിലപാട്. ഷാജഹാന്‍ അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ക്കും ഹിമവല്‍ ഭദ്രാനന്ദയ്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.