മൂന്നാറിൽ ഭൂമി കൈയേറ്റം; സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സക്കറിയക്കെതിരെ പൊലീസ് കേസെടുത്തു

സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറുക, കുരിശ് നാട്ടി സ്ഥലം കൈയേറുക എന്നീ കുറ്റങ്ങൾ ചുമത്തി 1957 ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉടമ്പഞ്ചോല അഡീഷനൽ തഹസീൽദാർ എം കെ ഷാജിയുടെ നിർദേശ പ്രകാരം ശാന്തൻപാറ പൊലീസാണ് കേസെടുത്തത്.

മൂന്നാറിൽ ഭൂമി കൈയേറ്റം; സ്പിരിറ്റ് ഇൻ ജീസസ് തലവൻ ടോം സക്കറിയക്കെതിരെ പൊലീസ് കേസെടുത്തു

മൂന്നാർ സൂര്യനെല്ലി പാപ്പാത്തിചോലയില്‍ സർക്കാർ ഭൂമി കൈയേറിയതിന് സിപിരിറ്റ് ഇൻ ജീസസ് എന്ന ക്രിസ്ത്യന്‍ സംഘടനയുടെ സ്ഥാപകൻ ടോം സക്കറിയക്കെതിരെ കേസെടുത്തു. അനധികൃതമായി ഭൂമി കൈയേറിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സർക്കാർ ഭൂമിയിൽ അതിക്രമിച്ചുകയറുക, കുരിശ് നാട്ടി സ്ഥലം കൈയേറുക എന്നീ കുറ്റങ്ങൾ ചുമത്തി 1957 ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉടമ്പഞ്ചോല അഡീഷനൽ തഹസീൽദാർ എം കെ ഷാജിയുടെ നിർദേശ പ്രകാരം ശാന്തൻപാറ പൊലീസാണ് കേസെടുത്തത്.

ഇതുകൂടാതെ ഉദ്യോ​ഗസ്ഥരെ തടഞ്ഞതിന് തൃശൂർ മണ്ണുത്തി സ്വദേശി പൊറിഞ്ചു എന്നയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഔദ്യോ​ഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് ഇയാൾക്കെതിരെ നടപടി. ഇരുവരും ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.

കൈയേറ്റമൊഴിപ്പിക്കലിന്റെ ഭാ​ഗമായി ഇന്നലെ പാപ്പാത്തിച്ചോലയിൽ പൊളിച്ചുമാറ്റിയ കുരിശ് സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന സ്ഥാപിച്ചതായിരുന്നു. കുരിശ് സ്ഥാപിച്ചിരുന്ന ചിന്നക്കനാല്‍ വില്ലേജിലെ 34/1 എന്ന സര്‍വ്വേ നമ്പറില്‍ രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ കുരിശിന് സമീപത്തെ നൂറുകണക്കിന് ഏക്കര്‍, സ്പിരിറ്റ് ഇന്‍ ജീസസ് കൈയേറിയിട്ടുണ്ടെന്ന് ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസില്‍ദാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുരിശ് പൊളിച്ചമാറ്റിയത്. കുരിശ് പൊളിച്ചുനീക്കുന്നത് തടയാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വാഹനങ്ങള്‍ റോഡിലിട്ട് തടയാനായിരുന്നു ശ്രമമെങ്കിലും ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ നീക്കി സംഘം മുന്നോട്ടുപോവുകയായിരുന്നു.

ആദ്യം ചുറ്റിക ഉപയോ​ഗിച്ച് പൊളിച്ചും പിന്നീട് ട്രാക്ടറെത്തിച്ച് ഡ്രില്ല് ചെയ്യുകയും ചെയ്ത ശേഷം ജെസിബി എത്തിച്ച് കുരിശ് ഇടിച്ചു താഴെയിടുകയായിരുന്നു. കുരിശിനു സമീപമുള്ള താത്കാലിക ഷെഡ് സംഘം പൊളിച്ച് തീയിടുകയും ചെയ്തു.

Read More >>