പത്രപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല; വയനാട്ടില്‍ ഡിഡിഇ ഓഫീസ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മാധ്യമപ്രവർത്തകരും സമരക്കാർക്കൊപ്പമുണ്ടായിരുന്നു എന്ന പരാതി ലഭിച്ചതിനാലാണ് നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നാണു പൊലീസ് നൽകുന്ന സൂചന. മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടുള്ള അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് കെ കെ ഉഷാകുമാരി ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

പത്രപ്രവര്‍ത്തകര്‍ക്കും രക്ഷയില്ല; വയനാട്ടില്‍ ഡിഡിഇ ഓഫീസ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വയനാട്ടില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. സി ബി എസ് ഇ സ്‌കൂളിന് അനധികൃതമായി അംഗീകാരം നല്‍കാന്‍ കുട്ടുനിന്ന വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയാണ് കെ എസ് യു കല്‍പറ്റയിലുള്ള ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. വിദ്യാഭ്യാസ ഉപഡയറക്ടറായ പി പി തങ്കം, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് കെ കെ ഉഷാകുമാരി എന്നിവരെ കെ എസ് യു പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.

കെ കെ ഉഷാകുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കല്‍പറ്റ പൊലീസ് കേസെടുത്തത്. ഡിഡിഇ ഓഫീസ് അധികൃതരുടെ പരാതിയിന്മേൽ സ്ഥലത്തുണ്ടായിരുന്ന കണ്ടാലറിയാവുന്ന നാല് മാധ്യമപപ്രവര്‍ത്തകര്‍ക്കെതിരെയും ആറ് വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

അന്യായമായി സംഘം ചേരല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അസഭ്യം പറയല്‍, ജീവനക്കാരെ തടഞ്ഞുവെയ്ക്കല്‍, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ചേര്‍ത്താണ് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഇതേ വകുപ്പുകൾ തന്നെ ചേര്‍ത്താണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തതെന്ന് കല്‍പറ്റ എസ് ഐ ജയപ്രകാശ് നാരദാന്യൂസിനോട് പറഞ്ഞു. മാധ്യമപ്രവർത്തകരും സമരക്കാർക്കൊപ്പമുണ്ടായിരുന്നു എന്ന പരാതി ലഭിച്ചതിനാലാണ് നടപടികളുമായി മുന്നോട്ടുപോകുന്നത് എന്നാണു പൊലീസ് നൽകുന്ന സൂചന. മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടുള്ള അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് കെ കെ ഉഷാകുമാരി ഇതുസംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

മേപ്പാടിയിലെ ഒരു സി ബി എസ് ഇ സ്‌കൂള്‍ അംഗീകാരത്തിന് വേണ്ടി കുട്ടികളുടെ കണക്ക് പെരുപ്പിച്ച് കാണിച്ചതിന് വിദ്യാഭ്യാസ വകുപ്പധികൃതര്‍ ഒത്താശ ചെയ്തതില്‍ പ്രതിഷേധിച്ചാണ് കെ എസ് യു മാര്‍ച്ച് നടത്തിയത്.

Read More >>