പള്ളിമേടയില്‍ ആരുമില്ലാത്ത സമയത്തു വിളിച്ചുവരുത്തി കടന്നുപിടിച്ചെന്നു വിദ്യാര്‍ത്ഥിനിയുടെ മൊഴി; പുരോഹിതനെതിരെ കേസ്

മാനന്തവാടി രൂപതയിലെ പുരോഹിതനായിരുന്ന ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കെസെടുത്തിരിക്കുന്നത്. മാനന്തവാടി കമ്പളക്കാട് പൊലീസാണ് കേസെടുത്തത്.

പള്ളിമേടയില്‍ ആരുമില്ലാത്ത സമയത്തു വിളിച്ചുവരുത്തി കടന്നുപിടിച്ചെന്നു വിദ്യാര്‍ത്ഥിനിയുടെ മൊഴി; പുരോഹിതനെതിരെ കേസ്

പള്ളിമേടയില്‍ ആരുമില്ലാത്ത സമയത്തു വിളിച്ചുവരുത്തി തന്നെ കടന്നുപിടിച്ചെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൊഴിയെ തുടര്‍ന്ന് പുരോഹിതനെതിരെ കേസ്. മാനന്തവാടി രൂപതയിലെ പുരോഹിതനായിരുന്ന ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കെസെടുത്തിരിക്കുന്നത്. മാനന്തവാടി കമ്പളക്കാട് പൊലീസാണ് കേസെടുത്തത്.

രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനിടെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ജിനോ മേക്കാട്ട് ഇപ്പോള്‍ എവിടെയാണെന്ന കാര്യത്തില്‍ പൊലീസിനു തന്നെ അറിവില്ല. ഇയാള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി കമ്പളക്കാട് പൊലീസ് നാരദാ ന്യൂസിനോടു പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പള്ളിമേടയില്‍ ചൂഷണത്തിനിരയായെന്നു രണ്ടു ദിവസം മുമ്പാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് രഹസ്യവിവരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് ഇവര്‍ അന്വേഷണം നടത്തിയത്. ഇതിലൂടെ കാര്യങ്ങള്‍ പുറത്തുവരികയായിരുന്നു. പള്ളിമേടയിലേക്കു വിളിച്ചുവരുത്തി തന്നെ പുരോഹിതന്‍ കടന്നുപിടിച്ചെന്നു പെണ്‍കുട്ടി ശിശു സംരക്ഷണ ഓഫീസറായ ഷീബ മുംതാസിനു മൊഴി നല്‍കി. ഷീബ മുംതാസ് ഇക്കാര്യം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണു സംഭവം. ജിനോ മേക്കാട്ട് മാനന്തവാടി രൂപതയിലെ ചൂണ്ടക്കര പള്ളിയില്‍ സഹ വൈദികനായി ജോലി നോക്കവെയാണിത്. പുരോഹിതന്‍ തന്നോടു മോശമായി പെരുമാറിയെന്നകാര്യം പൊലീസിനോടും പെണ്‍കുട്ടി വ്യക്തമാക്കി. ഇതിനുശേഷമാണ് കമ്പളക്കാട് പോലീസ് പുരോഹിതനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയതിനുള്ള ഐപിസി 509 ാം വകുപ്പ് പ്രകാരമാണ് കേസ്.

അതേസമയം, നിലവില്‍ ജിനോ മേക്കാട്ട് മാനന്തവാടി രൂപതയിലെ അംഗമല്ല. സംഭവം അറിഞ്ഞതിനെ തുടര്‍ന്നു 2016 ഡിസംബറില്‍ ഇയാളെ മറ്റെവിടേക്കോ മാറ്റിയെന്നാണു സൂചന. കൂടുതല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. വരുംദിവസങ്ങളില്‍ പോക്‌സോ ചുമതലയുള്ള ജഡ്ജിയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ രഹസ്യമൊഴിയെടുക്കും.


Read More >>