അരുവിക്കരയില്‍ വൃദ്ധയെ മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് നേതാവ് രാജീവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

വൃദ്ധയുടെ മൊഴിയെടുക്കാന്‍ വീട്ടിലെത്തിയെങ്കിലും ഇവര്‍ സഹകരിക്കാതിരുന്നതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, പൊതുജനമധ്യത്തില്‍ സ്ത്രീയെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുക എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. ഐപിസി സെക്ഷന്‍ 323, 354 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അരുവിക്കര എസ് ഐ റിയാസ് രാജ് നാരദാ ന്യൂസിനോടു പറഞ്ഞു.

അരുവിക്കരയില്‍ വൃദ്ധയെ മര്‍ദിച്ച സംഭവം; കോണ്‍ഗ്രസ് നേതാവ് രാജീവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

അരുവിക്കര ഇരുമ്പയില്‍ അനുവാദമില്ലാതെ റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ വൃദ്ധയെ മര്‍ദിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാജീവിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. അരുവിക്കര പൊലീസാണ് കേസെടുത്തത്. വൃദ്ധയുടെ മൊഴിയെടുക്കാന്‍ വീട്ടിലെത്തിയെങ്കിലും ഇവര്‍ സഹകരിക്കാതിരുന്നതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുക, പൊതുജനമധ്യത്തില്‍ സ്ത്രീയെ അപമാനിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്യുക എന്നീ കുറ്റങ്ങള്‍ക്കാണ് കേസ്. ഐപിസി സെക്ഷന്‍ 323, 354 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അരുവിക്കര എസ് ഐ റിയാസ് രാജ് നാരദാ ന്യൂസിനോടു പറഞ്ഞു.

അരുവിക്കര പഞ്ചായത്തിലെ പാണ്ടിക്കാട് വാര്‍ഡില്‍ ഷീജാ ഭവനില്‍ കൃഷ്ണമ്മയ്ക്കാണ് രാജീവിന്റെ മര്‍ദ്ദനമേറ്റത്. വൃദ്ധയുടെ ജ്യേഷ്ടസഹോദരിയുടെ മകന്‍ കൂടിയാണ് മെഡിക്കല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവും കോളേജ് ജീവനക്കാരനുമായ ഷാജി ഭവനില്‍ രാജീവ്. കഴിഞ്ഞദിവസം രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. കാച്ചാണി-ഇരുമ്പ റോഡ് ഉദ്ഘാടനത്തിന്റെ ശിലാഫലകം വീട്ടമ്മയുടെ അനുവാദമില്ലാതെ അവരുടെ വീടിനു മുന്നില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണു ഇവര്‍ തടയാന്‍ ശ്രമിച്ചതും രാജീവ് മര്‍ദിച്ചതും.

ഒരു പറ്റം നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു രാജീവ് 75കാരിയായ വൃദ്ധയെ ആക്രമിച്ചത്. വൃദ്ധയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രാജീവ് അവരുടെ ശരീരത്തുകിടന്ന തോര്‍ത്ത് പിടിച്ചുവലിച്ച ശേഷം വലിച്ചിഴച്ചു മര്‍ദിക്കുകയും തുടര്‍ന്ന് മുറ്റത്തേക്കു തള്ളിവിടുകയും ചെയ്യുന്ന വീഡിയോ പുറത്തായിരുന്നു. വീട്ടില്‍നിന്നും വൃദ്ധ വീണ്ടും വീണ്ടും ഇറങ്ങിവരുന്തോറും ഇയാള്‍ അവരെ മര്‍ദിക്കുകയും ഗേറ്റിനകത്തേക്കു തള്ളിവിടുകയുമാണ് ചെയ്യുന്നത്.

സംഭവത്തിന്റെ വീഡിയോ അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഷാജു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വിവാദമാകുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. ഇതോടെ ഇന്നുരാവിലെ അരുവിക്കര എംഎല്‍എ കെ എസ് ശബരീനാഥന്‍ സംഭവത്തില്‍ ക്ഷമ പറയുകയും വൃദ്ധയെ വീട്ടില്‍ചെന്നു കണ്ടതായി അറിയിക്കുകയു ചെയ്തിരുന്നു.

അതേസമയം, ഷാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വൃദ്ധയുടെ വീട്ടില്‍ മൊഴിയെടുക്കാനെത്തിയ പൊലീസിനോടു ഇവര്‍ സഹകരിച്ചില്ലെന്നും ഇത് തങ്ങളുടെ കുടുംബകാര്യമാണെന്നും അതിനാല്‍ പൊലീസ് ഇടപെടേണ്ടെന്നും പറഞ്ഞ് തിരിച്ചയക്കുകയായിരുന്നെന്നും അരുവിക്കര എസ്‌ഐ പറഞ്ഞു. എന്നാല്‍ സംഭവം ഗുരുതരമായതിനാല്‍ കേസെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതേ തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്.

Read More >>