വീട്ടിലെ പുലി വളര്‍ത്തല്‍: കണ്ണൂരിലെ കോടീശ്വരനെ തേടി പൊലീസ്; കൂടുതല്‍ പുലികളെ കണ്ടെത്തിയേക്കാം

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച പുലി, വീട്ടില്‍ വളര്‍ത്തിയ പുലിയാണ് എന്നു തെളിഞ്ഞതോടെ കുറ്റവാളിയായ കോടീശ്വരനെ കണ്ടെത്താന്‍ പൊലീസ് വലവിരിച്ചു കഴിഞ്ഞു. സര്‍ക്കസിനു മൃഗങ്ങളെ വളര്‍ത്തി പരിചയമുള്ള സ്ഥലത്താണ് പുലിയെ കണ്ടത്. വളര്‍ത്തി വില്‍ക്കുന്ന സംഘമാണോയെന്നും സംശയം.

വീട്ടിലെ പുലി വളര്‍ത്തല്‍: കണ്ണൂരിലെ കോടീശ്വരനെ തേടി പൊലീസ്; കൂടുതല്‍ പുലികളെ കണ്ടെത്തിയേക്കാം

കണ്ണൂർ നഗരമധ്യത്തിൽ കസാനക്കോട്ടയിൽ നിന്നും പിടികൂടിയ പുലി വീട്ടിൽ വളർത്തിയതാണെന്ന റിപ്പോർട്ടുകൾ വന്നതോടെ വനം വകുപ്പും പൊലീസും അന്വേഷണം ശക്തമാക്കി. പുലിയെക്കണ്ടെത്തിയ കണ്ണൂർ സിറ്റി ഭാഗത്തു തന്നെയുള്ള അതിസമ്പന്നരുടെ വീടുകളിലേക്കാണ് പൊലീസ് അന്വേഷണം ഇപ്പോൾ നീങ്ങുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘങ്ങളെ കുഴക്കുന്നുണ്ട്.

പൂച്ചയെ പോലെ എളുപ്പമല്ല പുലി!

പൂച്ചയേയോ പട്ടിയേയോ വളർത്തുംപോലെ എളുപ്പമല്ല പുലിയെ വളർത്തൽ എന്നാണു വനം വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നൽകുന്ന വിവരം. അതീവ പ്രാധാന്യമുള്ള സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ പെട്ട പുലിയെ വീട്ടിൽ വളർത്താൻ ആവശ്യമായ സ്വകാര്യതയാണ് അവർ ചൂണ്ടിക്കാട്ടുന്ന പ്രധാനപ്പെട്ട കാര്യം. കുഞ്ഞുനാൾ മുതൽ ഓമനിച്ചു വളർത്തിയത് പുറംലോകമോ ഇന്റലിജൻസ് സംവിധാനങ്ങളോ അറിഞ്ഞില്ല എന്നത് അതീവസുരക്ഷയുള്ള വീട്ടിനകത്ത് പുലിയെ വളർത്തിയതിനാലാണ് എന്ന നിഗമനത്തിലാണ് അധികൃതർ. ഇതാണ് അതിസമ്പന്നരുടെ വീടുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് - വനംവകുപ്പ് അധികൃതരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

കാട്ടിൽ വൈവിധ്യമുള്ള ഭക്ഷണവും ശരീരത്തിനിണങ്ങിയ കാലാവസ്ഥയും അനുഭവിച്ച് ജീവിക്കുന്ന പുലിയെ വീട്ടിനകത്ത് ഇത്രയും ആരോഗ്യത്തോടെ വളർത്തണമെങ്കിൽ ഒരു മൃഗഡോക്ടറുടെയോ വിദഗ്ധന്റെയോ സഹായം ലഭിച്ചിരിക്കാനിടയുണ്ടെന്നും ഇവർ കരുതുന്നു. പുലിയുടെ ആരോഗ്യനില സംബന്ധിച്ച് തിരുവനന്തപുരം വെറ്റിനറി ഡോക്ടർ കെ ജയകുമാറിന്റെ റിപ്പോർട്ടും ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്.

പുലി വളർന്നത് കണ്ണൂർ സിറ്റിയിൽ തന്നെ?

പുലിയെക്കണ്ടെത്തിയ കസാനക്കോട്ട മേഖലയുൾപ്പെടുന്ന കണ്ണൂർ സിറ്റി ഭാഗത്ത് തന്നെയാണ് പുലി വളർന്നത് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത് നിരവധി കാരണങ്ങളാണ്. നഗരത്തിന്റെ മറ്റു ഭാഗത്തുനിന്നും പുലി എത്തിയിരുന്നുവെങ്കിൽ തിരക്കേറിയ ജനവാസ കേന്ദ്രങ്ങൾ, വ്യാപാര സമുച്ചയങ്ങൾ, റോഡുകൾ എന്നിവിടങ്ങളിൽ വച്ച് ആരെങ്കിലും പുലിയെ കണ്ടേനെ. കൂടാതെ സ്വകാര്യവ്യക്തികളും പൊലീസും നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഏതെങ്കിലും ഒരു സിസിടിവി ക്യാമറയിലെങ്കിലും പുലി പതിഞ്ഞേനേ.

പുലിയെപ്പിടിക്കാൻ നടത്തിയ ഏഴുമണിക്കൂർ പരിശ്രമത്തിനിടെ 29 ട്രെയിനുകൾ തെക്കുവടക്കു ഓടിയിട്ടും പുലി 'കൂളായി' നിൽപ്പായിരുന്നു. കൂടാതെ തായത്തെരു, കസാനക്കോട്ട, സിറ്റി മേഖലകളിലൂടെയാണ് റെയിൽവേ ലൈൻ കടന്നുപോകുന്നത്. റെയിൽവേ ലൈനിനു സമീപമുള്ള ഏതെങ്കിലും വീട്ടിൽ വളർന്നതിനാലാവണം പുലി തീവണ്ടി ശബ്ദത്തോട് സൗഹൃദഭാവത്തിൽ പെരുമാറിയത്. ഒരു തവണ മാത്രമാണ് ട്രെയിനിന്റെ ഹോൺ ശബ്ദം കേട്ട് പുലി അല്പമെങ്കിലും ഓടി മാറിയത്.

പുലി വീട്ടിൽ വളർന്നതാണെന്ന അഭിപ്രായപ്രകടനം ഡോക്ടർ നടത്തിയതിനു പിന്നാലെ കണ്ണൂർ പൊലീസിൽ, പുലിയുടെ ഉടമസ്ഥനെ സൂചിപ്പിച്ചുകൊണ്ട് അജ്ഞാത സന്ദേശം ലഭിച്ചതായും സൂചനകൾ ഉണ്ട്. ഒരു വീടിന്റെ പേര് സൂചിപ്പിച്ചുകൊണ്ട്, അവിടെ പുലിയെപ്പോലുള്ള വലിയ ജീവിയെ കണ്ടു എന്നായിരുന്നു സന്ദേശം. ഇത് അന്വേഷണസംഘം ഗൗരവമായി കണക്കിലെടുത്തിട്ടുണ്ട് എന്നാണു പൊലീസിൽ നിന്നുതന്നെ ലഭിക്കുന്ന വിവരം.

പുലി സർക്കസുകാരുടേതെന്നും അഭ്യൂഹം

'ഇന്ത്യൻ സർക്കസിന്റെ ഈറ്റില്ലം' എന്നറിയപ്പെടുന്ന സ്ഥലമാണ് തലശ്ശേരി. തലശ്ശേരിക്കും കണ്ണൂരിനുമിടയിൽ പ്രശസ്തരും അല്ലാത്തവരുമായ നിരവധി സർക്കസ് കലാകാരന്മാരും സർക്കസ് കമ്പനികളുമുണ്ട്. അത്തരത്തിലുള്ള ആരുടേതെങ്കിലുമാണ് ഈ പുലി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. പുലിയെ കാണാനും പിടികൂടാനായി വലിയ ആൾക്കൂട്ടം വന്നപ്പോഴും പുലി വളരെ ശാന്തനായി കാണപ്പെട്ടു എന്നത് ആൾക്കൂട്ടത്തിൽ ഇടപഴകി ശീലിച്ച പുലിയായതിനാലാണ് എന്നാണു പലരും പറയുന്നത്.എന്നാൽ സർക്കസിൽ നിന്നും എത്തിയ പുലിയല്ല എന്ന നിഗമനത്തിൽ തന്നെയാണ് അധികൃതർ. പുലിയെ ചങ്ങലയിലോ ബെൽറ്റിലോ ഇട്ടതിന്റെ പാടുകളൊന്നും പുലിയുടെ ദേഹത്തില്ല. സർക്കസിൽ മൃഗങ്ങളെ ഒഴിവാക്കിയിട്ട് ദശാബ്ദങ്ങളായെന്നും ഇപ്പോഴത്തെ പുലി അത്തരം പരിശീലനങ്ങൾ നേടിയതല്ലെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

പുലി വന്ന വഴി ദുരൂഹം തന്നെ !!

മെഡിക്കൽ റിപ്പോർട്ട് വന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ പാമിഡിയുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടെത്തിയ പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ സംശയം ദൂരുകരിക്കാനുള്ള യാതൊരുവിധ സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ പാമിഡി മാധ്യമങ്ങളോട് വ്യക്തമാക്കിയത്. വനം വകുപ്പ് സംഘത്തെക്കൂടാതെ പൊലീസും ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്.

വീട്ടിൽ വളർത്തുന്ന പുലിയാണ് നഗരത്തിലിറങ്ങിയത് എന്ന റിപ്പോർട്ടുകൾ വന്നതിനു പിന്നാലെ നഗരത്തിൽ പുതിയ കഥകളും പ്രചരിക്കുന്നുണ്ട്. 'സ്വർണ്ണക്കടുവ' സിനിമയിലെപ്പോലെ അറേബിയയിൽ നിന്നും വന്ന ഏതെങ്കിലും ഷെയ്ക്ക് പുലിയുമായി വന്നതാവണം എന്നുപോലുമുണ്ട് കഥകൾ. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വ്യാപാരം നടത്തുന്ന നിരവധി പ്രമുഖർ നഗരത്തിൽ ഉണ്ട്. അവരാരെങ്കിലും വീട്ടിൽ വളർത്തിയതാവാം എന്നും കഥകളുണ്ട്. വീട് നിറയെ പുലിയെ വളർത്തുന്ന 'സൈക്കോ' കോടീശ്വരന്റെ കഥയും ചിലരെങ്കിലും പറയുന്നുണ്ട്. തിരുവനന്തപുരം നെയ്യാറിൽ കഥകളറിയാതെ കണ്ണൂരിലെ പുലി വിശ്രമത്തിലാണ്.

മുന്‍പും കണ്ണൂരില്‍ കാടുമായി ഒരു ബന്ധവുമില്ലാത്ത തീരനഗരത്തില്‍ പുലിയ കണ്ട സംഭവമുണ്ട്. പുലുകളെ വളര്‍ത്തുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്. പുലിയെ വളര്‍ത്തുന്ന ആരോ കണ്ണൂരിലുണ്ട് എന്നത് വ്യക്തമായ സാഹചര്യത്തില്‍ വനംവകുപ്പ്, പൊലീസ്, മൃഗഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി വിവിധ രംഗങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സേനയെ അന്വേഷണം ഏല്‍പ്പിക്കേണ്ടതുണ്ട്.