ഭീഷണിപ്പെടുത്തിയും കള്ളക്കഥ പ്രചരിപ്പിച്ചും പൊലീസ് കേസ് അട്ടിമറിക്കുന്നു; നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ: വിനായകന്റെ കുടുംബം

വിനായകന്‍ ഡ്രഗ്‌സ് ഉപയോഗിച്ചിരുന്നുവെന്ന് ഐജി കഴിഞ്ഞദിസം ഞങ്ങളോട് പറഞ്ഞു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് സാറിത് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്കറിയില്ല. പുറത്താരോ പറഞ്ഞൂന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാരുംകൂടി തല്ലിക്കൊന്നിട്ട് ഇപ്പോ കള്ളക്കഥ ഉണ്ടാക്കുന്നു- വിനായകന്റെ സഹോദരന്‍ വിഷ്ണു നാരദയോട് പറഞ്ഞു

ഭീഷണിപ്പെടുത്തിയും കള്ളക്കഥ പ്രചരിപ്പിച്ചും പൊലീസ് കേസ് അട്ടിമറിക്കുന്നു; നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ: വിനായകന്റെ കുടുംബം

പാവറട്ടി പൊലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയും കള്ളക്കഥ മെനഞ്ഞും കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. മരണത്തിന്റെ നാലാം ദിവസം നാലു പൊലീസുകാര്‍ വിനായകന്റെ വീടിനടുത്ത് ബൈക്കിലെത്തി. വിനായകന്റെ വീടന്വേഷിക്കുകയും കുടുംബത്തെ നശിപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. വീട് കാണിച്ചുകൊടുത്ത നാട്ടുകാരിലൊരാള്‍ വേഗം ചെല്ലു, നിങ്ങളെ അവര്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ കൂടിയതോടെ പൊലീസുകാര്‍ സ്ഥലം കാലിയാക്കുകയാരുന്നു. വിനായകന്റെ സഹോദരന്‍ വിഷ്ണുവാണ് ഇക്കാര്യം നാരദയോടു സ്ഥിരീകരിച്ചത്.

വിഷ്ണുവിന്റെ വാക്കുകള്‍:

അവന്‍ മരിച്ചിട്ട് പതിനെട്ട് ദിവസം കഴിഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. ഇതുവരെ പൊലീസ് നടപടിയെടുത്തിട്ടില്ല. നീതി കിട്ടിയില്ലേല്‍ ഞാനും അച്ഛനും അമ്മയും കഴുത്തറുത്ത് ആത്മഹത്യ ചെയ്യും. സത്യാണ്. ഞങ്ങള്‍ക്ക് വേറെ നിവൃത്തിയില്ല. ഒരു സാധാരണക്കാരനാണ് തെറ്റു ചെയ്‌തെങ്കില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസുകാര് അറസ്റ്റ് ചെയ്‌തേനെ. ഇതു പൊലീസുകാരായോണ്ടല്ലേ. ഞങ്ങള് പാവങ്ങളായോണ്ടാണോ? കറുത്തവരായോണ്ടാണോ? താഴ്ന്ന ജാതിക്കാരായോണ്ടാണോ? അറിയില്ല.

വിനായകന്‍ ഡ്രഗ്‌സ് ഉപയോഗിച്ചിരുന്നുവെന്ന് ഐജി കഴിഞ്ഞദിസം ഞങ്ങളോട് പറഞ്ഞു. എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് സാറിത് പറയുന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ക്കറിയില്ല. പുറത്താരോ പറഞ്ഞൂന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എല്ലാരുംകൂടി തല്ലിക്കൊന്നിട്ട് ഇപ്പോ കള്ളക്കഥ ഉണ്ടാക്കുന്നു. വിനായകന്റെ കേസിന്റെ പുറകെ നടക്കേണ്ടെന്നാണ് വാടാനപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ അച്ഛനോടു പറഞ്ഞത്. വിനായകന്‍ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടത്രേ. ഇവരൊക്കെ എന്താണ് ഈ പറഞ്ഞു നടക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവര്‍ക്കും മക്കളും അനിയന്മാരും ഉള്ളതല്ലേ. ആലോചിച്ചൂടെ.


Image Title


പതിനെട്ടു വയസ്സുവരെ എന്റെ അച്ഛന്‍ അവനെ കഷ്ടപ്പെട്ടു വളര്‍ത്തി. മകന്‍ നഷ്ടപ്പെട്ട ആ മനുഷ്യനോടാണ് ഇവരിങ്ങനെ പെരുമാറുന്നെ. അച്ഛന്‍ ഇതുവരെ കരഞ്ഞിട്ടില്ല. അങ്ങേയറ്റം തകര്‍ന്നു നില്‍ക്കുന്ന ആ മനുഷ്യന്റെ മാനസികാവസ്ഥയെപ്പോലും പൊലീസുകാര് മാനിക്കുന്നില്ല. എന്റെ അമ്മയാണെങ്കിലോ... ഇതുവരെ കണ്ണീര് തോര്‍ന്നിട്ടില്ല. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ലവർ.

അവനൊരു പ്രണയം ഉണ്ടായിരുന്നു. അവന്‍ അച്ഛനോടാണ് ആദ്യം പറഞ്ഞത്. പണിയെടുത്ത് കുടുംബം നോക്കാനുള്ള പ്രാപ്തിയാകുമ്പോള്‍ കെട്ടിച്ചു തരാമെന്നാണ് അച്ഛന്‍ അവനോട് പറഞ്ഞത്.

Image Title


മരണത്തിന് ശേഷം വീട്ടിലാരും ജോലിക്ക് പോയിട്ടില്ല. ഈ കാര്യത്തില്‍ ഒരു തീരുമാനമാക്കിയിട്ടെ ബാക്കിയുള്ളു. പട്ടിണിയെങ്കില്‍ പട്ടിണി. സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. നീതി കിട്ടുന്നവരെ പൊരുതും. ഞങ്ങള്‍ കൂടെ ഇല്ലെങ്കില്‍ ജിഷ്ണുവിന്റെയും ജിഷയുടെയും കാര്യം പറഞ്ഞതുപോലെയാകും. ഒരു മൂലയ്ക്ക് കിടക്കും. പേരിനൊരു അന്വേഷണവും നടത്തി അങ്ങനെ പോകും.

വിനായകനും അച്ഛനുമെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതാണ് മറ്റൊരു കാര്യം. വിനായകനെ അച്ഛന്‍ തല്ലിയതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ മറ്റൊരു കഥ. അവരതങ്ങനെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു.

മന്ത്രി സുനില്‍കുമാറിനും അറിയില്ല

വിനായകന്‍ കൊല്ലപ്പെട്ടിട്ട് 18 ദിവസം കഴിയുകയാണ്. രണ്ടു മന്ത്രിമാര്‍ വന്നു. ജില്ലയിലെ മന്ത്രിയായ സുനില്‍ കുമാറിനോട് ഇന്ന് സംസാരിക്കുമ്പോഴും നഷ്ടപരിഹാരത്തെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയില്ല. അതേസമയം വിനായകന്റെ വീട് കൊലപാതകത്തോടെ സാമ്പത്തികമായി തകര്‍ന്നു എന്നറിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ വിനായകന്റെ നീതിക്കായി പോരാടുന്നവര്‍ സഹായാഭ്യര്‍ത്ഥന നടത്തുകയാണ്. വീട്ടില്‍ പോയ മന്ത്രിമാരാരും അവിടെ അടുപ്പു പുകയുന്നുണ്ടോ എന്നു നോക്കിയില്ല എന്ന് അവര്‍ ആരോപിക്കുന്നു.Read More >>