നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു; അന്വേഷണത്തില്‍ പൊലീസിന് അഭിമാനാര്‍ഹമായ നേട്ടം: നടനെതിരെ എല്ലാ തെളിവുകളും ശേഖരിച്ചു

നടി ആക്രമിക്കപ്പെട്ട വീഡിയോ പ്രമുഖ നടനിലേയ്ക്ക് കോയമ്പത്തൂരില്‍ നിന്നും എത്തിയ റൂട്ടും വ്യക്തികളും പൊലീസിന് വ്യക്തമായി കഴിഞ്ഞു. സകലതെളിവുകളുടേയും അടിസ്ഥാനത്തിലായിരിക്കും നടനെ ചോദ്യം ചെയ്യും എന്നാണ് ലഭ്യമായ വിവരം- സംഭവത്തില്‍ പൊലീസ് നടത്തിയത് അഭിമാനകരമായ സമാന്തര അന്വേഷണം.

നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു; അന്വേഷണത്തില്‍ പൊലീസിന് അഭിമാനാര്‍ഹമായ നേട്ടം: നടനെതിരെ എല്ലാ തെളിവുകളും ശേഖരിച്ചു

പള്‍സര്‍ സുനിയില്‍ അന്വേഷണം അവസാനിച്ചതായി കരുതിയ, നടി ആക്രമിക്കപ്പെട്ട സംഭവത്തിന് വഴിത്തിരിവ്- നടി തൃശൂരില്‍ നിന്നും എറണാകുളത്തേക്കു വരുന്ന വഴി കാറില്‍ വെച്ച് പീഡനം നേരിട്ട കേസില്‍ മലയാള സിനിമയിലെ പ്രമുഖനടന്‍ കുടുങ്ങുമെന്ന് ഉറപ്പാകുന്നു. കേസുമായി ബന്ധപെട്ടു ഈ നടനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം.

കാറിനുള്ളില്‍ വെച്ച് നടി ലൈംഗികമായി അക്രമിക്കപ്പെടുന്ന വീഡിയോ മാത്രമാണ് പ്രമുഖന്‍ ആവശ്യപ്പെട്ടിരുന്നത്. അത് അനായാസമായി ലഭിക്കുമെന്നും നടിയെ വേഗത്തില്‍ ഭയപ്പെടുത്താന്‍ സാധിക്കുമെന്നും വഴങ്ങുമെന്നുമുള്ള ധൈര്യം സുനിക്ക് കൊടുത്തിരുന്നു. നടി ഇതൊരിക്കലും പുറത്തു പറയില്ല. സംഭവത്തിന്റെ ഗൂഢാലോചനയ്ക്കായി നേരിട്ടും അല്ലാതെയും മൂന്നിലേറെ തവണ സുനിയുമായി നടന്‍ ബന്ധപ്പെട്ടിട്ടുണ്ട്- പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന ഇതാണ്.

നടിയെ അക്രമിച്ച് പകര്‍ത്തിയ വീഡിയോ കോയമ്പത്തൂരിലേയ്ക്ക് കൊണ്ടു പോയതായും അവിടെ നിന്ന് നടനിലേയ്ക്ക് അതിന്റെ കോപ്പി എത്തിയ റൂട്ടും പൊലീസിന് വ്യക്തമായി കഴിഞ്ഞു. അവരുടെയെല്ലാം മൊഴിയെടുത്തു.

നടി ആക്രമിക്കപ്പെടുന്ന വീഡിയോ പൊലീസിന് ലഭിച്ചു കഴിഞ്ഞു എന്നതാണ് ലഭിക്കുന്ന മറ്റൊരു സുപ്രധാനമായ വിവരം.

നടിയുടെ വീഡിയോ പ്രമുഖന് എന്ത് ആവശ്യത്തിന് ഉപയോഗിക്കാനാണ് എന്ന് സുനിക്ക് വ്യക്തതയില്ല.

ക്വട്ടേഷനായിരുന്നുവെന്നും അതിനു വേണ്ടി നടത്തിയ പണം ഇടപാടുകളുടെ സൂചനകളും പൊലീസ് ട്രാക്ക് ചെയ്തു കഴിഞ്ഞു.

ആലുവയിലേയും കാക്കനാട്ടേയും സബ് ജയിലിലുകളില്‍ വെച്ചു പള്‍സര്‍ സുനി ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരോടും ജയില്‍ അധികാരികളോടും പറഞ്ഞ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേരുന്നത്. ഗൂഢാലോചനയുടെ പിന്നിലെ പ്രമുഖനടന്റെ സാന്നിധ്യവും കൃത്യ നിര്‍വ്വഹണത്തിന്റെ വിവരണവും തനിക്കു ലഭിച്ച തുകയും പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബൈജു പൗലോസിനോട് വിവരിച്ചു. മൊഴിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പൊലീസ് തെളിവ് ശേഖരണം നടത്തിവരികയാണ്- സൂചനകള്‍ വ്യക്തമാണ്.

അന്വേഷണത്തില്‍ തുടക്കത്തില്‍ അറസ്റ്റു ചെയ്യപ്പെട്ടവരല്ലാതെ മറ്റു പ്രതികള്‍ കേസില്‍ ഇല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് വന്‍വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. തുടര്‍ന്ന് ഈ പ്രസ്താവനയില്‍ നിന്നും മുഖ്യമന്ത്രി പിന്നോട്ട് പോയി.

ഈ കേസില്‍ പ്രതിയെന്നു ഏറ്റവുമധികം സംശയിക്കപ്പെടുന്ന പ്രമുഖനടന്‍ അടുത്ത സമയത്തു ഒരു അഭിമുഖത്തില്‍ വാര്‍ത്താമാധ്യമങ്ങളെ പരിഹാസരൂപേണ വിമര്‍ശിക്കുകയും പല പ്രമുഖ മാധ്യമപ്രവര്‍ത്തകരെയും വ്യക്തിപരമായി പേരെടുത്തു ആക്ഷേപിക്കുകയും ചെയ്തിരുന്നു.

ജയില്‍ അധികാരികളോടും ജയില്‍ വെല്‍ഫെയര്‍ ഓഫീസറോടും പെട്ടെന്നു പണം ലഭിക്കാന്‍ വേണ്ടിയാണെന്ന് താന്‍ ഈ പ്രവര്‍ത്തനത്തിന് മുതിര്‍ന്നതെന്നും പള്‍സര്‍ സുനി പറഞ്ഞു. കോടതിയുടെ സംരക്ഷണയില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ പോലീസ് കടുത്ത രീതികള്‍ പ്രയോഗിക്കില്ലെന്നും മറ്റുമുള്ള ഉപദേശം കിട്ടിയതും പ്രമുഖ നടനില്‍ നിന്നായിരുന്നു എന്നു പള്‍സര്‍ സുനി പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് നടി ആവര്‍ത്തിച്ചിരുന്നു. സിനിമയിലെ വനിതകള്‍ സംഘടനയുണ്ടാക്കി മുഖ്യമന്ത്രിയെ കണ്ടപ്പോഴും നടിയ്ക്ക് നീതി കിട്ടാത്തത് ഊന്നി പറഞ്ഞിരുന്നു. സംഘടനയുടെ പിറവി പോലും നടി ആക്രമിക്കപ്പെട്ടതിന്റെ തുടര്‍ച്ചയായാണ്.

നടനെ വീണ്ടും ചോദ്യം ചെയ്യുന്നത് വസ്തുതകളുടേയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കും. സംസ്ഥാനത്തെ പൊലീസ് സേനയില്‍ ഏറ്റവും ശക്തനായ അന്വേഷണ ഉദ്യോഗസ്ഥനായി അറിയപ്പെടുന്നയാളാണ് ബൈജു പൗലോസ്. നിരവധി കേസുകളില്‍ സേനയുടെ അഭിമാനമാണ് ഇദ്ദേഹം. പഴുതടച്ച അന്വേഷണവും തെളിവു ശേഖരണവും ഇപ്പോള്‍ പൂര്‍ത്തിയായി കഴിഞ്ഞു എന്നു വേണം കരുതാന്‍.

വസ്തുതാപരവും ശാസ്ത്രീയവുമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ ഉണ്ടാകും എന്നാണ് പൊലീസ് വൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.

Story by