വിഗ്രഹം തകർക്കൽ: സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്; നാരദാ ന്യൂസ് ഇംപാക്ട്

ഫേസ്ബുക്കിലൂടെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തിയ ആൾക്കെതിരെ കേസെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നാരദാ ന്യൂസ് വാർത്ത നൽകിയിരുന്നു.

വിഗ്രഹം തകർക്കൽ: സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്; നാരദാ ന്യൂസ് ഇംപാക്ട്

നിലമ്പൂര്‍ പൂക്കോട്ടുംപാടം വില്വത്ത് മഹാദേവക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത സംഭവത്തിൽ സോഷ്യൽമീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്. മലപ്പുറത്തു നടത്തിയ വാർത്താസമ്മേളനത്തിലാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി മോഹനചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്കിലൂടെ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തിയ ആൾക്കെതിരെ കേസെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി നാരദാ ന്യൂസ് വാർത്ത നൽകിയിരുന്നു.

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ മലപ്പുറത്ത് കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രചാരണമാണ് ഫേസ്ബുക്കിൽ നടന്നത്. ഈ വിദ്വേഷ പ്രചാരണം നടത്തിയ അഖില ഭാരതീയ യുവ കോലി സമാജ് എന്ന സംഘപരിവാര്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എന്ന് അവകാശപ്പെടുന്ന ഉണ്ണിക്കൃഷ്ണൻ കാർത്തികേയൻ ഉൾപ്പെടെയുള്ള ആളുകൾക്കെതിരെയാണ് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

മലബാര്‍ മതേതരഭീകരവാദികളുടെ പിടിയിലായെന്നും അതിനാല്‍ ലഹളയ്ക്കുള്ള എല്ലാ സാധ്യകളുമുണ്ടെന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്. മലപ്പുറത്ത് ക്ഷേത്രം തകര്‍ത്തു. ശിവലിംഗം നെടുകെ വെട്ടിപ്പിളര്‍ത്തി. ശ്രീകോവിലില്‍ മലമൂത്ര വിസര്‍ജനം നടത്തി. അതിനാല്‍, തെക്കന്‍ കേരളത്തില്‍ ഹൈന്ദവര്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറക്കാന്‍ സന്നദ്ധരാവണമെന്നും ഇയാള്‍ പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു.

ഒന്നാം മാപ്പിള ലഹള സ്വാതന്ത്ര്യ സമരമായത് ചോദിക്കാനും പറയാനും ആരുമില്ലാത്തത് കൊണ്ടും ഹിന്ദുക്കള്‍ ജന്തുക്കള്‍ ആയതു കൊണ്ടുമാണെന്നും രണ്ടാം മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരമാകണോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാമെന്നുമായിരുന്നു ഉണ്ണിക്കൃഷ്ണന്‍ കാര്‍ത്തികേയന്റെ വര്‍ഗീയ പോസ്റ്റ്. ഇതുകൂടാതെ, സോഷ്യല്‍മീഡിയയിലും പുറത്തും സംഘപരിവാര്‍ വലിയ കുപ്രചാരണമാണു സംഭവത്തോടനുബന്ധിച്ചു നടത്തിയിരുന്നത്.