വാളയാർ പെൺകുട്ടികളുടെ മരണം ആത്മഹത്യ തന്നെയെന്നു പൊലീസ്; മനുഷ്യാവകാശ കമ്മീഷനു റിപ്പോർട്ട് സമർപ്പിച്ചു

പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്നതിനു തെളിവൊന്നും ലഭിച്ചില്ലെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വിശദമാക്കി.

വാളയാർ പെൺകുട്ടികളുടെ മരണം ആത്മഹത്യ തന്നെയെന്നു പൊലീസ്; മനുഷ്യാവകാശ കമ്മീഷനു റിപ്പോർട്ട് സമർപ്പിച്ചു

പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണം ആത്മഹത്യ തന്നെയെന്നു പൊലീസ്. മനുഷ്യാവകാശ കമ്മീഷനു എസ്പി നൽകിയ റിപ്പോർട്ടിലാണ് കൊലപാതകമല്ലെന്നുള്ള പരാമർശമുള്ളത്.

പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്നതിനു തെളിവൊന്നും ലഭിച്ചില്ലെന്ന് എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. ഫോറൻസിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്നും പൊലീസ് വിശദമാക്കി.

സംഭവത്തിൽ പുതുതായി നിയോ​ഗിക്കപ്പെട്ട നാര്‍ക്കോട്ടിക് ഡിവൈഎസ്‌പി എം ജെ സോജന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും മരണം കൊലപാതകമാണെന്ന തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് നേരത്തെയും അറിയിച്ചിരുന്നത്. കഴുത്തുമുറുകിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുളളത്. ഈ രീതിയിലാണ് പൊലീസ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.

കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ബന്ധുക്കൾ അടക്കമുള്ള അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനായ മധു, സഹോദരിയുടെ മകനായ മധു, ‌കുട്ടികളെ ട്യൂഷൻ പഠിപ്പിച്ചിരുന്ന അയൽവാസിയായ പ്രദീപ്കുമാർ, കുട്ടികളോടൊപ്പം വീട്ടിൽ താമസിച്ച അച്ഛന്റെ സുഹൃത്തായ ഷിബു, 17 വയസ്സുകാരൻ എന്നിവരാണ് പ്രതികൾ.

ആദ്യം കേസ് അന്വേഷണത്തില്‍ വീഴ്‌ച കണ്ടെത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്‌ഐയെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. പിന്നീടാണ്, നാർക്കോട്ടിക് ഡിവൈഎസ്‌പി എം ജെ സോജന് അന്വേഷണ ചുമതല നൽകുന്നത്.

2017 ജനുവരി 13നാണ് 11കാരിയായ മൂത്തകുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമുണ്ടായില്ല.

തുടര്‍ന്ന് 52 ദിവസത്തിനുശേഷം ഇളയ കുട്ടിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂത്ത പെണ്‍കുട്ടിയുടെ മൃതദേഹ പരിശോധന നടത്തിയ ഡോ. ടി പ്രിയദ ഫെബ്രുവരി മൂന്നിനു പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍ മൊഴിയും നല്‍കി. ഇതനുസരിച്ച് വാളയാര്‍ പൊലീസ് കുട്ടിയുടെ ബന്ധുവായ ഒരു യുവാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. ഇതാണ് പിന്നീട് വിവാദമായത്.