ഡിജിപി മാറി; പൊലീസ് കെ എസ് യുക്കാരുടെ കോലം തട്ടിപ്പറിച്ച് ഓടി: ചിരിപ്പിക്കുന്ന പൊലീസ്

എറണാകുളത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെതിരെ പ്രകടനവുമായി നീങ്ങിയ കെഎസ്‌യു പ്രവര്‍ത്തകരില്‍ നിന്ന് കത്തിക്കാനുള്ള കോലവുമെടുത്ത് നോര്‍ത്ത് എസ്‌ഐ ഓടുകയായിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കോലമാണെന്നാണ് എസ്‌ഐ കരുതിയത്. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ കോലമായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്.

ഡിജിപി മാറി; പൊലീസ് കെ എസ് യുക്കാരുടെ കോലം തട്ടിപ്പറിച്ച് ഓടി: ചിരിപ്പിക്കുന്ന പൊലീസ്

ജിഷ്ണു കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ പിഴവ് ചൂണ്ടിക്കാട്ടി പ്രതിഷേധിക്കാനെത്തിയ കെഎസ്‌യുക്കാരുടെ കയ്യില്‍ നിന്ന് 'ഡിജിപി'യുടെ കോലം തട്ടിയെടുത്ത് പൊലീസ് ഓടി. കോലത്തില്‍ ഡിജിപി എന്നെഴുതിയത് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെ ഉദ്ദേശിച്ചാണെന്നു കരുതിയ എറണാകുളം നോര്‍ത്ത് എസ്‌ഐയ്ക്കാണ് അബദ്ധം പിണഞ്ഞത്.


പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കോലം കത്തിക്കാന്‍ പോകുന്നുവെന്ന് എസ്‌ഐ എസിപിയോട് പറഞ്ഞപ്പോള്‍, എന്നാലങ്ങ് പിടിച്ചു വാങ്ങാനായിരുന്നു നിര്‍ദ്ദേശം. എസിപിയുടെ നിര്‍ദ്ദേശം കേള്‍ക്കേണ്ട താമസമേയുണ്ടായിരുന്നുള്ളൂ. കോലം പിടിച്ചു വാങ്ങി എസ്‌ഐ റോഡിലൂടെ ഓടുകയായിരുന്നു. കാര്യം മനസ്സിലാകാതെ കെഎസ്‌യുക്കാര്‍ പിന്നാലെ പാഞ്ഞു.

എന്നാല്‍ തങ്ങളുടെ പൊലീസ് മേധാവിയുടെ കോലം വിട്ടു കൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ എസ്‌ഐ ഓടിയോടി ഐജി ഓഫീസിനുള്ളിലെത്തി. എന്തിനാണ് എസ്‌ഐ കോലം പിടിച്ചുവാങ്ങിയതെന്ന് കെഎസ്‌യുക്കാര്‍ക്ക് മനസ്സിലായില്ല. എന്തിനാ എസ്‌ഐ ഇത്ര ആവേശം കാണിക്കുന്നതെന്ന് തനിക്കും മനസ്സിലായില്ലെന്ന് യോഗം ഉദ്ഘാടം ചെയ്യാനെത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി ബാബു പുത്തനങ്ങാടിയും പറയുന്നു.

ഹൈക്കോടതി ജംഗ്ഷനില്‍ വെച്ച് കത്തിക്കാനിരുന്ന കോലം പൊലീസ് കൊണ്ടുപോയതോടെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ കുത്തിയിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സെന്‍ട്രല്‍ സ്റ്റേഷനിലേക്കാണ് ഇവരെ കൊണ്ടുപോയത്.

അല്‍പസമയത്തിനുള്ളില്‍ എസിപിയും അവിടെയെത്തി. കാര്യങ്ങളൊക്കെ പറഞ്ഞു വന്നപ്പോഴാണ് എസിപിയ്ക്കും കാര്യം മനസ്സിലായത്. കെഎസ്‌യുക്കാര്‍ കത്തിക്കാന്‍ കൊണ്ടുവന്ന കോലം പൊലീസിലെ ഡിജിപിയുടേതല്ലെന്ന്! ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ഡിജിപി എന്നാണല്ലോ ചുരുക്കിയെഴുതുക...!

എന്തായാലും പൊലീസുകാര്‍ക്കും പറ്റിയ അബദ്ധമോര്‍ത്ത് ചിരിയടക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. നേതാക്കളും പ്രവര്‍ത്തകരും ചിരിച്ചു കുഴഞ്ഞ മട്ടാണ്.

Story by
Read More >>