നിലമ്പൂരില്‍ മാവോയിസ്റ്റ് കൂടാരത്തില്‍ നിന്നു മാരകായുധങ്ങള്‍ കണ്ടെത്തിയെന്ന പൊലീസ് വാദം പൊള്ള; ദൃശ്യങ്ങള്‍ പുറത്തുവന്നത് സർക്കാരിനു തിരിച്ചടി

മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുസ്വാമി ദേവരാജും അജിതയും വെടിയേറ്റു മരിച്ച വനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതാണു ദൃശ്യങ്ങള്‍. എകെ 47 തോക്കും, മെഷീന്‍ ഗണ്ണും ഉള്‍പ്പെടെയുള്ള മാരകായുധനങ്ങള്‍ പടുക്ക വനമേഖലയിലെ കൂടാരത്തില്‍ നിന്നു കണ്ടെത്തിയതായി അന്നത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയിരുന്നു.

നിലമ്പൂരില്‍ മാവോയിസ്റ്റ് കൂടാരത്തില്‍ നിന്നു മാരകായുധങ്ങള്‍ കണ്ടെത്തിയെന്ന പൊലീസ് വാദം പൊള്ള; ദൃശ്യങ്ങള്‍ പുറത്തുവന്നത് സർക്കാരിനു തിരിച്ചടി

നിലമ്പൂരില്‍ സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ വെടിയേറ്റ് മരിച്ച കരുളായി റെയ്ഞ്ചിലെ പടുക്കയില്‍ നിന്ന് ആധുനിക രീതിയിലുള്ള മെഷീന്‍ ഗണ്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന പൊലീസ് വാദം പൊളിയുന്നു.

മാവോയിസ്റ്റുകളുടെ കൂടാരത്തില്‍ നിന്ന് ഒരു പിസ്റ്റളും മരുന്നുകളും കൂടാരം നിര്‍മ്മിക്കാനുള്ള ഉപകരണങ്ങളും ലഘുലേഖകളും സോളാര്‍ പാനലുമാണ് കണ്ടെത്തിയതെന്നതിന്റെ ദൃശ്യങ്ങള്‍ ന്യൂസ് 18 കേരള ചാനലാണു പുറത്തുവിട്ടത്. മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുസ്വാമി ദേവരാജും അജിതയും വെടിയേറ്റു മരിച്ച വനത്തില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതാണു ദൃശ്യങ്ങള്‍.

എകെ 47 തോക്കും, മെഷീന്‍ ഗണ്ണും ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ പടുക്ക വനമേഖലയിലെ കൂടാരത്തില്‍ നിന്നു കണ്ടെത്തിയതായി അന്നത്തെ ഡിജിപി ലോക്‌നാഥ് ബഹ്‌റ വ്യക്തമാക്കിയിരുന്നു. നാലു കൂടാരങ്ങളാണുള്ളത്. കുന്നിന്‍മുകളിലുള്ള കൂടാരത്തിലാണ് ആദ്യം പൊലീസ് വെടിവെപ്പ് നടന്നത്. ഈ സമയം മാവോയിസ്റ്റുകള്‍ തിരിച്ചു വെടിവെച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തണ്ടര്‍ബോള്‍ട്ട് ഏകപക്ഷീയമായി വെടിവെയ്ക്കുകയായിരുന്നെന്നാണ് ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

അതേസമയം, ന്യൂസ് 18 ചാനലിന് ദൃശ്യങ്ങൾ ആരാണു കൈമാറിയത് എന്നു വ്യക്തമല്ല. വനത്തിലേക്ക് പ്രവേശനമുണ്ടായിരുന്നത് പൊലീസിലെ പ്രത്യേക സേനയ്ക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കും മാത്രമായിരുന്നു. പൊലീസിൽ നിന്നാണ് ഇതു ചോർന്നതെങ്കിൽ സെൻകുമാർ - ബെഹ്റ പോരിന്റെ ഭാഗമാകാം ഈ ചോർച്ച എന്നു സംശയിക്കണം. അങ്ങനെയെങ്കിൽ സർക്കാരിന് സെൻകുമാർ തുടർന്നും ഒരു തലവേദനയാകും എന്ന കാര്യത്തിൽ സംശയമില്ല.

2016 നവംബര്‍ 24നാണു നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നത്. സേനയെ കണ്ടതും മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍ നിലമ്പൂരില്‍ നടന്നതു വ്യാജ ഏറ്റുമുട്ടലാണെന്നു വ്യക്തമാക്കി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു. പ്രമേഹം ഉള്‍പ്പെടെയുള്ള രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നു കുപ്പുദേവരാജ് കൂടാരത്തില്‍ വിശ്രമിക്കുകയും സഹായത്തിന് അജിതയും കൂടെ നില്‍ക്കുന്നതിനിടെയാണ് തണ്ടര്‍ബോള്‍ട്ട് കയറി വെടിയുതിര്‍ത്തതെന്നു സിപിഐ മാവോയിസ്റ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

പൊലീസ് ആസൂത്രിതമായാണ് രണ്ടുപേരെയും വെടിവച്ചു കൊന്നത് എന്ന ആരോപണത്തിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ലെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. പി എ പൗരന്‍ നാരദാ ന്യൂസിനോടു പറഞ്ഞു. മാവോയിസ്റ്റ് പ്രവര്‍ത്തകരെ വെടിവച്ചു കൊന്ന പൊലീസ് നടപടിയ്‌ക്കെതിരെ സിപിഐ രംഗത്തുവന്നത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.