കണ്ണൂരിലെ കശാപ്പു വിഡ്ഢിത്തം; യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്

യുവമോര്‍ച്ചയുടെ പരാതിപ്രകാരം കണ്ണൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. പൊതുസ്ഥലത്ത് മാടിനെ പരസ്യമായി അറുത്തതിന് 120 എ വകുപ്പ് ചുമത്തിയാണ് കേസ്.

കണ്ണൂരിലെ കശാപ്പു വിഡ്ഢിത്തം; യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്

കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരേ പൊലീസ് കേസെടുത്തു. യുവമോര്‍ച്ചയുടെ പരാതിപ്രകാരം കണ്ണൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. പൊതുസ്ഥലത്ത് മാടിനെ പരസ്യമായി അറുത്തതിന് 120 എ വകുപ്പ് ചുമത്തിയാണ് കേസ്. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.

ഇന്നുരാവിലെയാണ് ബീഫ് നിരോധനത്തിനെതിരേ കണ്ണൂര്‍ തായത്തെരുവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്ന പേരില്‍ കാളയെ പരസ്യമായി അറുത്തത്. നൂറുകണക്കിന് ജനങ്ങളുടെ മുമ്പില്‍വച്ച് മാടിനെ അറുത്തതിനെതിരേ പ്രതിഷേധം വ്യാപകമായിരുന്നു. എം ലിജു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി കൊടുത്തത്.

നിലവിലെ നിയമപ്രകാരം അംഗീകൃത കശാപ്പുശാലകളില്‍വച്ച് മാത്രമേ മാടുകളെ അറുക്കാന്‍ പാടുള്ളൂ. ലൈസന്‍സുള്ളവര്‍ക്കു മാത്രമേ വില്‍പ്പന നടത്താനുമാകൂ. ഇതുരണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ലംഘിച്ചു. ഇതാണ് കേസിനാധാരം. ബീഫ് നിരോധനത്തിനെതിരേ നടക്കുന്ന സമരങ്ങളുടെ മുനയൊടിക്കും വിധമായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരമെന്ന ആക്ഷേപവും ശക്തമായി ഉയര്‍ന്നുവന്നിരുന്നു. സംഘപരിവാര്‍ നേതാക്കള്‍ മാടിനെ അറുക്കുന്ന വീഡിയോ സഹിതം സോഷ്യല്‍മീഡിയയില്‍ കേരളത്തിനെതിരേ പ്രചാരണവും ശക്തമാക്കിയിരുന്നു.