തലസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു; ബന്ധുക്കള്‍ക്കു നേരെയും ബലപ്രയോ​ഗം

കയറുകെട്ടി ജിഷ്ണുവിന്റെ ബന്ധുക്കളെ തടഞ്ഞ പൊലീസ് പ്രതിഷേധത്തെ തുടർന്ന് അമ്മ മഹിജയേയു ബന്ധുക്കളേയും അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിനിടെ തളർന്നുവീണപ്പോഴായിരുന്നു ജിഷ്ണുവിന്റെ അമ്മയെ നിലത്തുകൂടി വലിച്ചിഴച്ച് പൊലീസ് ക്രൂരത കാട്ടിയത്. അറസ്റ്റ് ചെയ്തു നീക്കിയ ജിഷ്ണുവിന്റെ ബന്ധുക്കളെ തിരുവനന്തപുരം എആര്‍ ക്യാംപിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് അമ്മ മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

തലസ്ഥാനത്ത് സമരത്തിനെത്തിയ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു; ബന്ധുക്കള്‍ക്കു നേരെയും ബലപ്രയോ​ഗം

പാമ്പാടി നെഹ്രു കോളേജ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. കയറുകെട്ടി ജിഷ്ണുവിന്റെ ബന്ധുക്കളെ തടഞ്ഞ പൊലീസ് പ്രതിഷേധത്തെ തുടർന്ന് അമ്മ മഹിജയേയു ബന്ധുക്കളേയും അറസ്റ്റ് ചെയ്തുനീക്കി. പ്രതിഷേധത്തിനിടെ തളർന്നുവീണപ്പോഴായിരുന്നു ജിഷ്ണുവിന്റെ അമ്മയെ റോഡിലൂടെ വലിച്ചിഴച്ച് പൊലീസ് ക്രൂരത കാട്ടിയത്.

പ്രതിഷേധത്തെ തുടർന്ന് ഡിജിപി ഓഫീസിനു മുന്നിൽ നാടകീയ രം​ഗങ്ങളാണ് അരങ്ങേറിയത്. പ്രതിഷേധത്തെ തുടർന്ന് ബന്ധുക്കളെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് വാനിലേക്ക് നീക്കുകയായിരുന്നു. ഏറെനേരം റോഡില്‍ കിടന്ന് പ്രതിഷേധിച്ചതിനിടെ തളർന്നുവീണപ്പോൾ ജിഷ്ണുവിന്റെ അമ്മ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച് പോലീസ് വാനിലേക്ക് കയറ്റുകയായിരുന്നു. അറസ്റ്റ് ചെയ്തു നീക്കിയ ജിഷ്ണുവിന്റെ ബന്ധുക്കളെ തിരുവനന്തപുരം എആര്‍ ക്യാംപിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് അമ്മ മഹിജയെ പേരൂര്‍ക്കട ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

ഡിജിപി ഓഫീസിനു മുന്നില്‍ സമരം അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തിക്കോളൂ എന്നുമായിരുന്നു പാെലീസ് നിലപാട്. ഡിജിപി ഓഫീസ് പരിസരം സമര നിരോധിത മേഖലയാണെന്നാണ് പാെലീസ് അറിയിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഡിജിപി ഓഫീസിലേക്കു ജിഷ്ണുവിന്റെ ബന്ധുക്കൾ പ്രകടനം നടത്തുകയായിരുന്നു. ബന്ധുക്കളായ സ്ത്രീകളും പുരുഷന്മാരും അടക്കം 16 പേരാണ് പൊലീസ് ആസ്ഥാനത്തിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പൊലീസ് ആസ്ഥാനത്ത് എത്തുന്നതിനു മുമ്പ് പ്രതിഷേധം പൊലീസ് തടയുകയായിരുന്നു. ഇതോടെ പൊലീസ് ആസ്ഥാനത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു.

ഇതിനിടെ, മ്യൂസിയം എസ്ഐ ജിഷ്ണുവിന്‍റെ അമ്മ മഹിജയെ മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ നടപടി എടുക്കണമെന്നും പൊലീസ് വിട്ടയച്ചാല്‍ വീണ്ടും സമരത്തിനെത്തുമെന്നും ബന്ധുക്കൾ പറഞ്ഞു.

ജിഷ്ണു മരിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലീസ് നിസ്സം​ഗത കാണിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ചു പ്രതികളിൽ മൂന്നുപേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് നെഹ്രു ​ഗ്രൂപ്പ് മാനേജ്മെന്റുമായി ഒത്തുകളിക്കുകയാണെന്നും ജിഷ്ണുവിന്റെ കുടുംബം പറയുന്നു. മുമ്പ് കേസിൽ എത്രയും വേ​ഗം പ്രതികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നെങ്കിലും കാര്യമുണ്ടായില്ലെന്നും ഇതേ തുടർന്നാണ് പലതവണ മാറ്റിവച്ച സമരം ഇപ്പോൾ നടത്താൻ തീരുമാനിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു.

കേസിലെ ഒന്നാംപ്രതി നെഹ്രു ​ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസ് ഇന്നലെ അറസ്റ്റിലായെങ്കിലും മുൻകൂർ ജാമ്യം ഉള്ളതിനാൽ വിട്ടയക്കപ്പെടുകയായിരുന്നു.