തൃശൂരിലും ട്രാന്‍സ് യുവതികളെ പൊലീസ് തല്ലിച്ചതച്ചു: പരുക്കേറ്റ മൂന്നു യുവതികളും തീവ്രപരിചരണത്തില്‍

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവര്‍ ഉള്‍പ്പടെ മൂന്നു ട്രാന്‍സ് യുവതികള്‍ക്ക് പൊലീസ് അക്രമത്തില്‍ പരുക്ക്. കൊച്ചിയിലും സമാനമായ സംഭവം ഉണ്ടായി. പരുക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലും വിലക്ക്.

തൃശൂരിലും ട്രാന്‍സ് യുവതികളെ പൊലീസ് തല്ലിച്ചതച്ചു: പരുക്കേറ്റ മൂന്നു യുവതികളും തീവ്രപരിചരണത്തില്‍

കൊച്ചി മെട്രോ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ ജോലിയ്‌ക്കെടുത്ത് ചരിത്രക്കുതിപ്പ് നടത്തിയതിനു തൊട്ടു പിന്നാലെയാണ് കേരളത്തിനെ നാണം കെടുത്തിയ സംഭവം. തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് അകാരണമായി മൂന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തല്ലിച്ചതച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ വീട്ടിലേയ്ക്കു പോകാനായി തൃശൂരില്‍ നില്‍ക്കുകയായിരുന്നു രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ക്കാണ് പൊലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. തങ്ങളുടെ മുന്‍പില്‍ പെട്ടെന്ന് ഒരു പൊലീസ് ജീപ്പ് വന്നു നില്‍ക്കുകയായിരുന്നുവെന്നും ജീപ്പില്‍ നിന്ന് ഡ്രൈവറുള്‍പ്പെടെ പുറത്തിറങ്ങി, ചൂരല്‍ വടിയെടുത്ത് തലങ്ങും വിലങ്ങും തങ്ങളെ അടിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനമേറ്റ രാഗരഞ്ജിനി പറയുന്നു.

കൈകാലുകളിലും തുടയിലും നെഞ്ചിലുമെല്ലാം മര്‍ദ്ദമേറ്റു. രാത്രി പുറത്തിറങ്ങിയെന്ന കാരണത്താല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ മര്‍ദ്ദിക്കാന്‍ പൊലീസിന് എന്ത് അധികാരമാണ് ഉള്ളത്. അടുത്തയിടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവരും, കാലിന് അസുഖമുള്ളവരുമുള്‍പ്പെടെ ഈ സംഘത്തിലുണ്ടായിരുന്നു- ട്രാന്‍സ്‌ഡെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം ചോദിക്കുന്നു.ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴും ദുരനുഭവമാണ് ഉണ്ടായതെന്ന് രാഗരഞ്ജിനി പറയുന്നു.


ആദ്യം ഒരു ഡോക്ടര്‍ തങ്ങളെ ചികിത്സിക്കാന്‍ തയ്യാറായെങ്കിലും ജില്ലാ ആശുപത്രിയിലെ ഡോ: ഫൈസി ഞങ്ങളെ ഇറക്കി വിടാന്‍ ശ്രമിക്കുകയായിരുന്നു. എല്‍ജിബിടി പ്രവര്‍ത്തകയായ ശീതള്‍ ശ്യാമിനെ ഇവര്‍ ബന്ധപ്പെടുകയും ശീതള്‍ ആശുപത്രിയിലെത്തി ചികിത്സ ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടും ഫലം ഉണ്ടായില്ല. ഒരു തരത്തിലും കിടത്തി ചികിത്സ അനുവദിക്കില്ലെന്നും പുറത്തു പോകണമെന്നും ഡോക്ടര്‍ ആക്രോശിച്ചു. ഡോക്ടറുടെ പേര് പലതവണ ചോദിച്ചിട്ടും അയാള്‍ പറഞ്ഞില്ല. ചികിത്സിക്കുന്ന ഡോക്ടറുടെ പേര് അറിയാന്‍ അവകാശമുണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പേര് പറയാന്‍ തന്നെ തയ്യാറായത്-ശീതള്‍ പറയുന്നു. രാഗരഞ്ജിനി, ദീപ്തി, അലീന എന്നിവര്‍ ഇപ്പോള്‍ തീവ്രപരിചരണത്തിലാണ്.തൃശൂരില്‍ മാത്രമല്ല മറ്റു നഗരങ്ങളിലും സ്ഥിതി വിഭിന്നമല്ല. കൊച്ചിയിലും കോഴിക്കോടും നഗരത്തിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എതിരെ വ്യാപകമായി അതിക്രമം തുടരുകയാണ്.


കാരണമില്ലാതെ പൊലീസ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തല്ലിച്ചതയ്ക്കുകയാണ്. ഇങ്ങനെ കസ്റ്റഡയില്‍ എടുക്കുന്നവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി പരാതിയുണ്ടെന്നും ശീതള്‍ പറയുന്നു. ട്രാന്‍സ് യുവതികള്‍ രാത്രി ഏഴിനു ശേഷം റോഡില്‍ കണ്ടു പോകരുതെന്നാണ് കൊച്ചിയില്‍ പൊലീസ് ഓഫീസറുടെ പരസ്യ ശാസന. കൊച്ചിയില്‍ ട്രാന്‍സ് യുവതികള്‍ക്കെതിരെ ആക്രമണം നടത്തിയ പൊലീസിനെതിരെ നടപടി എടുത്തിരുന്നില്ല. കള്ളക്കേസില്‍ കുടുക്കി ട്രാന്‍സ് യുവതികളെ ജയിലിലടയ്ക്കുകയും ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രണ്ടുപേരെ ആക്രമിക്കുകയും ചെയ്ത സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. അതേ തുടര്‍ന്നാണ് മെട്രോ റെയില്‍ ജോലി നല്‍കാമെന്നേറ്റത്.


സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കെന്നതു പോലെ രാത്രിയില്‍ പുറത്തിറങ്ങി നടക്കാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും അവകാശമുണ്ട്. ട്രാന്‍സജെന്‍ഡേഴ്‌സ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമനുസരിച്ച് അറസ്റ്റ് ചെയ്യാം, കോടതിയില്‍ ഹാജരാക്കാം. ചൂരല്‍ കൊണ്ട് അടിച്ച് സദാചാരം പഠിപ്പിക്കേണ്ട. പൊലീസിന്റെ സദാചാര ചൂരലിന്റെ വിഷതുപ്പല്‍ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു- ശീതള്‍ പറയുന്നു.

Read More >>